സാമ്പത്തിക മാന്ദ്യം; ആരവമില്ലാതെ മലപ്പുറത്തെ ഗാലറികള്‍, സെവന്‍സ് കാണാന്‍ ആളില്ല

By Web TeamFirst Published Mar 5, 2020, 8:49 AM IST
Highlights

ടിക്കറ്റെടുത്ത് കളികാണാൻ ഫുട്‌ബോൾ പ്രേമികൾ മടിക്കുകയാണ്. ആദ്യപാദ മത്സരങ്ങളിൽ ടിക്കറ്റ് വിൽപ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 

മലപ്പുറം: എല്ലാ മേഖലയിലും വലിഞ്ഞുമുറുകിയ സാമ്പത്തിക മാന്ദ്യം സെവൻസ് ടൂർണ്ണമെന്റുകളെയും പിടികൂടുന്നു. മലബാറിന്റെ ഉത്സവമായ അഖിലേന്ത്യ സെവൻസ് ടൂർണമെന്റിൽ കാണികൾ പേരിന് മാത്രം. കാണികളുടെ കുറവ് മലബാറിന്റെ ഫുട്‌ബോൾ ഉത്സവത്തിന്റെ ശോഭ കുറക്കുകയാണ്. ഈ വർഷത്തെ സീസണിൽ മുൻവർഷത്തെക്കാളേറെ കാണികളുടെ ഗണ്യമായ കുറവുണ്ടെന്നാണ് ടൂർണമെന്റ് സംഘാടകർ പറയുന്നത്.

സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ കളിയുടെ നിലവാര തകർച്ചയും സംഘാടകരുടെ 'ലാഭം നേടാനുള്ള കളി' മാത്രമാകുന്നതുമാണ് സെവൻസ് ഫുട്‌ബോളിന് ജനപ്രീതി കുറയാൻ കാരണമാകുന്നത്.
സീസൺ ടിക്കറ്റ് എടുത്തവർ മാത്രമാണ് ആദ്യപാദ മത്സരങ്ങൾ കാണാൻ കൂടുതൽ എത്തുന്നത്. ടിക്കറ്റെടുത്ത് കളികാണാൻ ഫുട്‌ബോൾ പ്രേമികൾ മടിക്കുകയാണ്. ആദ്യപാദ മത്സരങ്ങളിൽ ടിക്കറ്റ് വിൽപ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കളക്ഷൻ ടീമിനെ മാത്രം ജയിപ്പിക്കാൻ ടൂർണമെന്റ് കമ്മിറ്റി നോക്കുന്നതാണ് മിക്കയിടത്തും കാണികൾ കുറയാൻ കാരണമാകുന്നത്. 

ഇത്‌ കാണികൾക്കിടയിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാകുന്നുണ്ട്. വമ്പൻ ടീമുകളെ സെമിഫൈനൽ വരെയെത്തിക്കാൻ സംഘാടകർ ആസൂത്രണം ചെയ്യുകയാണത്രെ. മികച്ച ടീമുകൾക്ക് സെമിഫൈനൽ വരെ കളിക്കാൻ പ്രാഥമിക റൗണ്ടിൽ താരതമ്യേന ദുർബലരായ ടീമുകളെയാണ് എതിരായി നൽകുന്നത്. ഇതിന് ടൂർണമെന്റ് സംഘാടക സമിതി തന്നെയാണ് സൗകര്യം ചെയ്ത് കൊടുക്കുന്നത്. ഇതുകാരണം ഇവർക്ക് അനായാസ വിജയം നേടാനാവുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച് കളിയാരാധകർ പലരും കളി കാണാൻ എത്താറില്ല. 2500 മുതൽ 3000 വരെയും അതിന് മുകളിലുമാണ് കാണികൾ എത്താറുണ്ടായിരുന്നത്. ഇപ്പോൾ 500 മുതൽ 1000 കാണികൾ മാത്രമാണ് വരുന്നത്. ചില കളികൾക്ക് കാണികൾ ഇതിലേറെ കുറവ് വരാറുണ്ട്.

ആരാധകർ ഏറെയുള്ളതും അഖിലേന്ത്യാ സെവൻസിൽ പേരെടുത്തതുമായ ടീമുകൾ സെമിയിൽ എത്തിയാലെ ടൂർണമെന്റ് കമ്മിറ്റിക്ക് ലാഭമുണ്ടാകൂ. ഈ വർഷം മുതൽ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിൽ ടൂർണമെന്റ് കമ്മിറ്റികൾക്ക് ദഹിക്കാത്ത നിയമങ്ങളും സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ നടപ്പിലാക്കിയിട്ടുണ്ട്. സമനില മത്സരങ്ങൾ ഇല്ലാതാക്കി. കളി നിയന്ത്രിക്കുന്ന റഫറിമാരെ അസോസിയേഷൻ നേരിട്ടാണ് ഏൽപ്പിക്കുന്നത്.

നല്ല കളികൾക്ക് ഇപ്പോഴും ആളുകൾ എത്തുന്നുണ്ടെന്ന് സെവൻസ് ഫുട്‌ബോൾ ആരാധകർ പറയുന്നു. സാമ്പത്തിക ലാഭം മാത്രം നോക്കാതെ കളി നിലവാരം ഉയർത്താൻ ശ്രമിച്ചാൽ മലബാറിലെ ഫുട്‌ബോൾ മൈതാനങ്ങളിൽ ആളുകൾ നിറയുമെന്നാണ് ഇവർ പറയുന്നത്. ഒരു ദിവസം കളി നടത്താൻ ഏകദേശം 75,000 മുതൽ ഒരുലക്ഷം രൂപയോളം ചിലവ് വരും. ടീം ബത്ത രണ്ട് ടീമിന് 40,000 രൂപയോളം വരുന്നുണ്ട്. റഫറിമാർക്ക് 4500 രൂപ, അനൗൺസ്മെന്റ് 7000, പ്രാഥമിക ശുശ്രൂഷക്ക് 1500, വെളിച്ചത്തിനും എണ്ണയ്ക്കുമായി 6500, മറ്റു ചിലവുകൾ വേറെയും. ടൂർണമെന്റ് നഷ്ടത്തിലാക്കാതെ കൊണ്ടുപോകാനുള്ള സംഘാടകരുടെ ശ്രമമാണ് 'കമ്മിറ്റി കളികളിൽ' കലാശിക്കുന്നത്.

click me!