EPL : ജൈത്രയാത്ര തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി, ചെമ്പടയെ തളച്ച് ടോട്ടനം, ചെല്‍സിക്കും പൂട്ട്

By Web TeamFirst Published Dec 20, 2021, 7:54 AM IST
Highlights

ലിവര്‍പൂളിന് തിരിച്ചടി, കരുത്തരുടെ പോരില്‍ ടോട്ടനത്തിനെതിരെ ലിവര്‍പൂള്‍ സമനില വഴങ്ങി

ടോട്ടനം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (English Premier League) ജൈത്രയാത്ര തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി (Man City). ന്യൂകാസിലിനെ (Newcastle) മറുപടിയില്ലാത്ത നാല് ഗോളിന് സിറ്റി തകര്‍ത്തു. അഞ്ചാം മിനിറ്റിൽ റൂബന്‍ ഡയസ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. 27-ാം മിനിറ്റില്‍ കാന്‍സേലോ ലീഡുയര്‍ത്തി. രണ്ടാം പകുതിയിൽ കളിയുടെ 63-ാം മിനിറ്റില്‍ റിയാദ് മെഹ്റെസും 86-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിംഗും സിറ്റിയുടെ ആധികാരിക ജയം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ എട്ടാം ലീഗ് മത്സരമാണ് സിറ്റി ജയിക്കുന്നത്.

18 കളിയിൽ 44 പോയിന്‍റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. സീസണിൽ 44 ഗോള്‍ അടിച്ച സിറ്റി ഒന്‍പത് എണ്ണമാണ് വഴങ്ങിയത്. മൂന്നാം തവണ മാത്രമാണ് ക്രിസ്‌മസ് സമയത്ത് സിറ്റി ലീഗില്‍ മുന്നിട്ടുനിൽക്കുന്നത്. ഇതിന് മുന്‍പ് ഒന്നാം സ്ഥാനത്ത് ക്രിസ്‌മസിലേക്ക് പോയ 2011ലെയും 17ലെയും സീസണിൽ സിറ്റി ചാമ്പ്യന്മാരായിരുന്നു. 

രണ്ടടിച്ച് ചെമ്പടയും ടോട്ടനവും

അതേസമയം പ്രീമിയര്‍ ലീഗിൽ ലിവര്‍പൂള്‍ തിരിച്ചടി നേരിട്ടു. കരുത്തരുടെ പോരില്‍ ടോട്ടനത്തിനെതിരെ ലിവര്‍പൂള്‍  സമനില വഴങ്ങി. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി. 74-ാം മിനിറ്റില്‍ സോന്‍ ഹ്യൂങ് മിന്‍ ആണ് ലിവര്‍പൂളിന്‍റെ ജയപ്രതീക്ഷ തകര്‍ത്തത്. പതിമൂന്നാം മിനിറ്റില്‍ ഹാരി കെയ്‌ന്‍ ടോട്ടനത്തെ മുന്നിലെത്തിച്ചു. 35-ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയിലൂടെ ചെമ്പട ഗോള്‍ മടക്കി. 

69-ാം മിനിറ്റില്‍ ആന്‍ഡ്രൂ റോബര്‍ട്‌സണ്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ബിൽഡ് അപ്പില്‍ സലായുടെ കൈയിൽ പന്ത് തട്ടിയെങ്കിലും റഫറി ഗോൾ അനുവദിച്ചു. ഹാന്‍ഡ് ബോള്‍ എന്ന് ടോട്ടനം പരിശീലകനും താരങ്ങളും വാദിച്ചെങ്കിലും ഫലം ഉണ്ടായില്ല. 77-ാം മിനിറ്റില്‍ റോബര്‍ട്സൺ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ലിവര്‍പൂള്‍ 10 പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. സിറ്റിയേക്കാള്‍ മൂന്ന് പോയിന്‍റ് പിന്നിലാണ് ലിവര്‍പൂള്‍.

ചെല്‍സിക്ക് ഗോളില്ലാസമനില

ഇംഗ്ലീഷ് പ്രീമയര്‍ ലീഗിൽ ചെൽസിക്ക് തിരിച്ചടി. വൂള്‍വ്സിനെതിരെ ചെൽസി സമനില വഴങ്ങി. ഇരു ടീമും ഗോള്‍ ഒന്നും നേടിയില്ല. കൊവിഡ് കാരണം ഏഴ് മുന്‍നിര താരങ്ങള്‍ ഇല്ലാതെയാണ് ചെൽസി കളിക്കാനിറങ്ങിയത്. 18 കളിയിൽ 38 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ചെൽസി. 

ISL: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ്; തകര്‍ത്തത് നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ

click me!