ഇന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ യുദ്ധം; കൊമ്പുകോര്‍ക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും

By Web TeamFirst Published Apr 10, 2022, 12:05 PM IST
Highlights

പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ആരെന്ന് നിശ്ചയിക്കുന്നതിൽ ഏറ്റവും നിർണായക പോരാട്ടം ഇന്നുരാത്രി

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ്(English Premier League) ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി രാത്രി ഒൻപതിന് ലിവർപൂളിനെ നേരിടും. സിറ്റിയുടെ തട്ടകത്തിലാണ് മത്സരം. 

പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ആരെന്ന് നിശ്ചയിക്കുന്നതിൽ ഏറ്റവും നിർണായക പോരാട്ടമാണിത്. 30 കളിയിൽ 73 പോയിന്‍റുള്ള സിറ്റി ഒന്നാംസ്ഥാനത്താണ്. ഒറ്റപ്പോയിന്‍റ് കുറവുള്ള ലിവർ‍പൂൾ തൊട്ടുപിന്നിൽ. സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നതിന്‍റെ ആനുകൂല്യം സിറ്റിക്കുണ്ട്. സിറ്റി 70 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 18 ഗോൾ മാത്രം. ലിവർപൂൾ 77 ഗോളാണ് സ്കോർ ചെയ്തത്. വഴങ്ങിയത് 20 ഗോളും. റിയാദ് മെഹറസ്, ഫിൽ ഫോഡൻ, റഹീം സ്റ്റെർലിംഗ് എന്നിവരെ മുന്നേറ്റത്തിൽ അണിനിരത്തുമ്പോൾ ബെർണാർഡോ സിൽവ, റോഡ്രി, കെവിൻ ഡിബ്രൂയിൻ എന്നിവരായിരിക്കും സിറ്റി മധ്യനിരയിൽ. ലിവ‍ർപൂൾ നിരയിലുള്ളതും അതിശക്തരാണ്. മുഹമ്മദ് സലാ, സാദിയോ മാനേ എന്നിവർക്കൊപ്പം മുന്നേറ്റനിരയിലെത്താൻ മത്സരിക്കുന്നത് ജോട്ട, ഫിർമിനോ, ഡിയാസ് എന്നിവരാണ്. കളി നിയന്ത്രിക്കാൻ ഹെൻഡേഴ്‌സൺ, ഫാബീഞ്ഞോ, തിയാഗോ എന്നിവരുമുണ്ട്.

ഇരു ടീമിന്‍റെ പ്രതിരോധ നിരയും ഒപ്പത്തിനൊപ്പമെങ്കിലും പരിക്കേറ്റ റൂബൻ ഡിയാസിന്‍റെ അസാന്നിധ്യം സിറ്റിക്ക് തിരിച്ചടിയായേക്കും. ഗോൾവലയം കാക്കാൻ ബ്രസീലിയൻ താരങ്ങളായ എഡേഴ്‌സണും അലിസണുമെത്തും. സൂപ്പർ പരിശീലകരായ പെപ് ഗാർഡിയോളയുടെയും യുർഗൻ ക്ലോപ്പിന്റെയും തന്ത്രങ്ങളുടെ പോരാട്ടംകൂടിയായിരിക്കും ഇത്തിഹാദിൽ. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്‍റെ ആദ്യപാദത്തിൽ നേടിയ വിജയവുമായാണ് സിറ്റിയും ലിവർ‍പൂളും നേർക്കുനേർ പോരിനിറങ്ങുന്നത്. 

ബാഴ്‌സയും മൈതാനത്തേക്ക്

സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്‌സലോണ ഇന്ന് ലെവാന്‍റയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് ലെവാന്‍റയുടെ മൈതാനത്താണ് മത്സരം. 29 കളിയിൽ 57 പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോൾ ബാഴ്‌സലോണ. ലെവാന്‍റയെ തോൽപിച്ചാൽ ബാഴ്‌സലോണ 60 പോയിന്‍റുള്ള സെവിയക്കൊപ്പമെത്തും. 31 കളിയിലാണ് സെവിയ 60 പോയിന്‍റിലെത്തിയത്. ഗോൾ ശരാശരിയില്‍ മുന്നിലായതിനാൽ ഇന്ന് ജയിച്ചാൽ ബാഴ്‌സലോണ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തും. 

നെയ്‌മറിനും എംബാപ്പെയ്‌ക്കും ഹാട്രിക്, ട്രിപ്പിള്‍ അസിസ്റ്റുമായി മെസി! ആറാടി പിഎസ്‌ജി; ലാലിഗയില്‍ റയലിന് ജയം
 

click me!