പൊരുതി വീണു ഡെൻമാർക്ക്, നോക്കൗട്ട് ഉറപ്പിച്ച് ബെൽജിയം

By Web TeamFirst Published Jun 18, 2021, 12:02 AM IST
Highlights

കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബെൽജിയത്തെ ഞെട്ടിച്ച് ഡെൻമാർക്ക് മുന്നിലെത്തി. ബോക്സിനുള്ളിൽ
നിന്ന് ബെൽജിയം പ്രതിരോധ താരം ഡെനായറുടെ പാസ് നേരെയെത്തിയത് ബോക്സിന് പുറത്തു നിന്നിരുന്ന ഡെൻമാർക്കിന്റെ ഹോജ്ബെർ​ഗിന്റെ കാലുകളിലായിരുന്നു.

കോപ്പൻഹേ​ഗൻ: ക്രിസ്റ്റ്യൻ എറിക്സണായി കൈ മെയ് മറന്ന് പൊരുതിയ ഡെൻമാർക്കിനു മുന്നിൽ ആദ്യ പകുതിയിൽ പകച്ചുപോയെങ്കിലും രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച് വിജയം പിടിച്ചെടുത്ത് ബെൽജിയം. യൂറോ കപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഡെൻമാർക്കിനെതിരെ ഒന്നിനെതിരെ രണ്ടു ​ഗോളിനായിരുന്നു ബെൽജിയത്തിന്റെ ജയം.ജയത്തോടെ ബെൽജിയം യൂറോയിൽ പ്രീ ക്വാർട്ടർ ബർത്തുറപ്പിച്ചു.

ആദ്യ പകുതിയിൽ ഒരു ​ഗോളിന് പിന്നിലായിപ്പോയ ബെൽജിയം രണ്ടാം പകുതിയിൽ കെവിൻ ഡിബ്രൂയിനിന്റെ മികവിൽ രണ്ടു ​ഗോളുകൾ തിരിച്ചടിച്ചാണ് ജയം പിടിച്ചെടുത്ത്. രണ്ടാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ ഡെൻമാർക്കായിരുന്നു കളിയിൽ കൂടുതൽ ആക്രമണങ്ങൾ നടത്തിയത്. എന്നാൽ കിട്ടിയ അവസരങ്ങൾ മുതലാക്കിയ ബെൽജിയം ഒടുവിൽ ജയിച്ചു കയറി. തുടർച്ചയായ രണ്ടാം തോൽവിയോടെ ഡെൻമാർക്കിന്റെ നോക്കൗട്ട് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു.

രണ്ടാം മിനിറ്റിൽ ബെൽജിയം ഞെട്ടി

കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബെൽജിയത്തെ ഞെട്ടിച്ച് ഡെൻമാർക്ക് മുന്നിലെത്തി. ബോക്സിനുള്ളിൽ  നിന്ന് ബെൽജിയം പ്രതിരോധ താരം ഡെനായറുടെ പാസ് നേരെയെത്തിയത് ബോക്സിന് പുറത്തു നിന്നിരുന്ന ഡെൻമാർക്കിന്റെ ഹോജ്ബെർ​ഗിന്റെ കാലുകളിലായിരുന്നു. പന്ത് തൊട്ടടുത്തുനിന്ന യൂസഫ് പോൾസണ് മറിച്ചു നൽകി ഹോജ്ബർ​ഗ്. ബെൽജിയത്തെ ഞെട്ടിച്ച് മനോഹരമായ ഫിനിഷിം​ഗിലൂടെ പോൾസൺ ഡെൻമാർക്കിനെ മുന്നിലെത്തിച്ചു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ രണ്ടാമത്തെ അതിവേ​ഗ ​ഗോളാ

അപ്രതീക്ഷിത ​ഗോളിന്റെ ആവേശത്തിൽ ഡെൻമാർക്ക് കൈ മെയ് മറന്ന് ആക്രമിച്ചതോടെ ലോക ഒന്നാം റാങ്കുകാരായ ബെൽജിയം പ്രതിരോധം വിറച്ചു. മൂന്നോളം ​ഗോളവസരങ്ങളാണ് ആദ്യപകുതിയിൽ‌ ബെൽജിയം ​ഗോൾ മുഖത്ത് ഡെൻമാർക്ക് സൃഷ്ടിച്ചത്. കളിയുടെ പത്താം മിനിറ്റിൽ ആദ്യ മത്സരത്തിനിടെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിലായ ഡെൻമാർക്കിന്റെ സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സണായി മത്സരം ഒരുമിനിമിഷം നിർത്തി കളിക്കാർ മൗനമായി പ്രാർത്ഥിച്ചു. എറിക്സന്റെ പത്താം നമ്പർ ജേഴ്സിയെ അനുസ്മരിച്ചാണ് പത്താം മിനിറ്റിൽ താരത്തിനായി പ്രാർത്ഥിച്ചത്.

കളിയുടെ ആദ്യ അരമണിക്കൂറിൽ ആസൂത്രിതമായൊരു ആക്രമണവും നടത്താനാകാതെ ബെൽജിയം വിയർത്തു.42ാം മിനിറ്റിലാണ് ബെൽജിയം മുന്നേറ്റ നിരയിൽ റൊമേലൂ ലുക്കാവുവിന് ആദ്യ അവസരം ലഭിച്ചത്. ലുക്കാക്കുവിനെ ബോക്സിന് പുറത്ത് വിഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് പക്ഷെ കരാസ്കോയ്ക്ക് മുതലാക്കാനായില്ല.

ഡിബ്രൂയിനെ വന്നു, കളി മാറി

ഒരു​ഗോൾ ലീഡിൽ ആദ്യപകുതി അവസാനിപ്പിച്ച ഡെൻമാർക്കിനെ രണ്ടാം പകുതിയുടെ തുടക്കത്തിലെ ബെൽജിയം പിടിച്ചുകെട്ടി. രണ്ടാം പകുതിയിൽ ബെൽജിയം കോച്ച് കെവിൻ ഡിബ്രൂയിനെയും ഏദൻ ഹസാഡിനെയും കളത്തിലിറക്കിയത് നിർണായകമായി. 55ാം മിനിറ്റിൽ ഡിബ്രൂയിനെയുടെ പാസിൽ നിന്ന് തോ​ർഗാൻ ഹസാഡിലൂടെ ബെൽജിയം സമനില വീണ്ടെടുത്തു.

പിന്നീട് തുടർച്ചായായി ബെൽജിയം ആക്രമണങ്ങളായിരുന്നു. ഡിബ്രൂയിനെ ഡെൻമാർക്ക് പ്രതിരോധത്തെ വിറപ്പിച്ചപ്പോൾ ബെൽജിയം ഫോമിലായി. എന്നാൽ രണ്ടാം ​ഗോൾ വീണതിന് പിന്നാലെ ഡെൻമാർക്കിന്റെ രണ്ടും കൽപ്പിച്ചുള്ള പ്രത്യാക്രമണത്തിൽ ബെൽജിയം വീണ്ടും ബാക്ക് ഫൂട്ടിലായി. അവസാന നിമിഷങ്ങളിൽ പലപ്പോഴും ഡെൻമാർക്ക് സമനില ​ഗോളിന് തൊട്ടടുത്തിയെങ്കിലും ഫിനിഷിം​ഗിലെ പിഴവും നിർഭാ​ഗ്യവും അവർക്ക് വിനയായി. 87ാം മിനിറ്റിൽ ബ്രാത്ത്വെയ്റ്റിന്റെ ഹെഡ്ഡർ ബെൽജിയം ക്രോസ് ബാറിനെ ഉരുമ്മി കടന്നുപോയതോടെ ഇത് ഡെൻമാർക്കിന്റെ ദിവസമല്ലെന്ന് ഉറപ്പായി.

click me!