
പാരീസ്: യൂറോ കപ്പിൽ ഹംഗറിയോട് അപ്രതീക്ഷിത സമനില വഴങ്ങിയതിന് പിന്നാലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിന് മറ്റൊരു തിരിച്ചടി കൂടി. മുന്നേറ്റ നിരയിലെ സൂപ്പർ താരം ഔസ്മാൻ ഡെംബലെ പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഹംഗറിക്കെതിരായ മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ ഡെംബലെയെ മത്സരശേഷം ബുഡാപെസ്റ്റിലെ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തിരുന്നു. തുടർന്നാണ് ഡെംബലെ ടൂർണമെന്റിൽ കളിക്കില്ലെന്ന് ഫ്രഞ്ച് ടീം മാനേജ്മെന്റ് വ്യക്തമാക്കിയത്.
ഡെംബലെ ഇല്ലെങ്കിലും ഫ്രാൻസിന്റെ മുന്നേറ്റ നിര താരസമ്പന്നമാണ്. കിലിയൻ എംബാപ്പെ, അന്റോണിയോ ഗ്രീസ്മാൻ, കരീം ബെൻസേമ, ഒളിവർ ജിറൂദ് എന്നിവരടങ്ങിയ മുന്നേറ്റ നിരയിൽ ഡെംബലെയുടെ അസാന്നിധ്യം കോച്ച് ദിദിയർ ദെഷാംപ്സിന് വലിയ തലവേദനയാകില്ലെന്നാണ് വിലയിരുത്തൽ. ഹംഗറിക്കെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഡെംബലെ ചടുലമായ നീക്കങ്ങളുമായി കളം നിറഞ്ഞിരുന്നു.
മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് എഫിൽ ഒരു ജയവും ഒരു സമനിലയുമായി നാലു പോയന്റുള്ള ഫ്രാൻസാണ് മുന്നിൽ. മൂന്ന് പോയന്റ് വീതമുള്ള ജർമനി രണ്ടാമതും പോർച്ചുഗൽ മൂന്നാമതുമാണ്. അവസാന മത്സരത്തിൽ ജർമനി ഹംഗറിയെ നേരിടുമ്പോൾ ഫ്രാൻസിന് പോർച്ചുഗലാണ് എതിരാളികൾ. ജർമനിയും പോർച്ചുഗലും ജയിച്ചാൽ മികച്ച മൂന്നാം സ്ഥാനക്കാരെന്ന നിലയിൽ നോക്കൗട്ടിലെത്താനെ ഫ്രാൻസിന് കഴിയൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!