
ന്യൂയോർക്ക്: അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് സ്‌പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടമുയർത്തിയിരിക്കുന്നു. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച സ്‌പെയിനിന് വേണ്ടി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ഫെറാൻ ടോറസാണ് വിജയഗോൾ നേടിയത്. സ്‌പെയിനിന്റെ രണ്ടാം ലോക കിരീടനേട്ടം ഫുട്ബോൾ ലോകം ആഘോഷിക്കുമ്പോൾ 2010 ലോകകപ്പ് ഫൈനലിൽ ഇനിയേസ്റ്റ നേടിയ വിജയഗോളാണ് ചർച്ചയാവുന്നത്. നൂറ്റിപതിനാറാം മിനിറ്റിലായിരുന്നു ഇനിയേസ്റ്റയുടെ ഗോൾ അന്ന് പിറന്നത്. ഇന്ന് ഫെറാൻ ടോറസ് ഗോൾ നേടിയത് നൂറ്റിയാറാം മിനിട്ടിലും. സ്‌പെയിനിന്റെ രണ്ട് കിരീട നേട്ടത്തിലും വിജയഗോളുകൾ പിറന്നത് ബാഴ്‌സലോണ കളിക്കാരിൽ നിന്നാണ് എന്നുള്ളത് കൗതുകകരമായ ഒരു കാര്യമാണ്.
ടൂർണമെന്റിലെ താരമായി റോഡ്രിയെ തിരഞ്ഞെടുത്തു. സ്‌പെയിനിന്റെ അപരാജിതകുതിപ്പിന് മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച കളിക്കാരനാണ് റോഡ്രി. മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്‌പെയിനിന്റെ തന്നെ മധ്യനിരതാരം പൗ കുബാർസി സ്വന്തമാക്കി. മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയത് സ്പാനിഷ് ഗോൾവല കാത്ത ഉനായ് സിമോണിന്. ടൂർണമെന്റിൽ ആകെ ഒരു ഗോൾ ഒരു ഗോൾ മാത്രമാണ് സ്‌പെയിൻ വഴങ്ങിയത്. അതേസമയം ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഇത്തവണയും എംബാപെ സ്വന്തമാക്കി. പത്ത് ഗോളുകളാണ് താരം ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്.
അതേസമയം മത്സരത്തിന്റെ തുടക്കം മുതൽ സമ്പൂർണ ആധിപത്യത്തോടെ കളിച്ച സ്പെയ്നിനെതിരെ ആകെ രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് ഉതിർക്കാനായത്. തൊണ്ണൂറാം മിനിറ്റിൽ പൗ കുബാർസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതിന് പിന്നാലെ എൻസോ ഫെർണാണ്ടസ് പുറത്തായത് വലിയ തിരിച്ചടിയാണ് അർജന്റീനയ്ക്ക് ലഭിച്ചത്. പിന്നീട് 30 മിനിറ്റുകളോളം പത്ത് പേരുമായി ചുരുങ്ങിയ അർജന്റീനയ്ക്ക് പന്ത് തൊടാൻ പോലും കൊടുക്കാതെ സ്‌പെയിൻ മധ്യനിര കുഴപ്പിക്കുന്ന കാഴ്ചയ്ക്ക് കൂടിയാണ് ഇന്നത്തെ ഫൈനൽ സാക്ഷ്യം വഹിച്ചത്. പലപ്പോഴും പരുക്കൻ കളിയിലേക്ക് അർജന്റീന നീങ്ങുന്നത് അവരുടെ മുന്നേറ്റത്തെ കൂടി ബാധിച്ചിരുന്നു. പത്ത് പേരായി ചുരങ്ങിയെങ്കിലും അവസാന നിമിഷം നടത്തിയ പല മുന്നേറ്റങ്ങളും സ്‌പെയിൻ പ്രതിരോധം നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ഇന്ന് ഫുട്ബോൾ ലോകം കണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!