ലോകകപ്പിനെത്തിയ ടീമുകള്‍ നിരാശപ്പെടില്ല; ഫിഫ നല്‍കുന്നത് വമ്പന്‍ സമ്മാനത്തുക

Published : Jun 09, 2026, 09:52 AM IST
Fifa World Cup 2026 Zee5

Synopsis

ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ലോകകപ്പിൽ 48 ടീമുകൾക്കായി ഫിഫ റെക്കോർഡ് സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 6,238.42 കോടി രൂപയുടെ സമ്മാനത്തുകയിൽ, ചാമ്പ്യൻമാർക്ക് 417.50 കോടി രൂപ ലഭിക്കും. ഈ തുക കളിക്കാർക്ക് നേരിട്ടല്ല, മറിച്ച് അതത് രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾക്കാണ് കൈമാറുക.

സൂറിച്ച്: ചരിത്രത്തിലെ എക്കാലത്തേയും വലിയ ലോകകപ്പിന് ഫിഫ നല്‍കുന്നത് കൂറ്റന്‍ സമ്മാനത്തുക. രണ്ടുനാള്‍ അപ്പുറം പന്തുരുളുന്ന ഫുട്‌ബോള്‍ ലോകകപ്പിലെ സമ്മാനത്തുക എത്രയെന്ന് നോക്കാം. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിശാല ലോകകപ്പില്‍ ഇത്തവണ പന്തുതട്ടാന്‍ എത്തുന്നത് 48 ടീമുകള്‍. ടീമുകളുടെ എണ്ണം മുപ്പത്തിയാറില്‍ നിന്ന് അന്‍പതിലേക്ക് അടുക്കുമ്പോള്‍ മത്സരങ്ങള്‍ മാത്രമല്ല സമ്മാനത്തുകയും കുത്തനെ ഉയരും. ആകെ 6,238.42 കോടി രൂപയാണ് ഫിഫ സമ്മാനത്തുകയായി നല്‍കുന്നത്.

ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് മറ്റ് ചെലവുകള്‍ക്കായി നല്‍കുന്ന തുക കൂടി കണക്കാക്കിയാല്‍ ആകെ 7,400കോടി രൂപയിലധികം വരും. ലോക ചാമ്പ്യന്‍മാര്‍ക്ക് ഇക്കുറി സമ്മാനത്തുകയായി കിട്ടുക ഏതാണ്ട് 417.50 കോടി രൂപ. കഴിഞ്ഞ തവണ ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്ക് കിട്ടിയതിനേക്കാള്‍ 76കോടി രൂപ അധികം. ഇതിന് പുറമേ ലോകകപ്പിന് ഒരുങ്ങാനുള്ള തുകയുമുണ്ടാവും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഏതാണ്ട് 288 കോടി രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 254.675 കോടി രൂപയും നാലാം സ്ഥാനക്കാര്‍ക്ക് 237രൂപയും കിട്ടും.

ക്വാര്‍ട്ടറിലും പ്രീക്വാര്‍ട്ടറിലും എത്തുന്ന ടീമുകള്‍ക്കും കൈനിറയെ പണം കിട്ടും. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമിന് കുറഞ്ഞത് എണ്‍പത്തിയേഴരക്കോടി രൂപ കിട്ടും. ലോകകപ്പിന് ഒരുങ്ങാനുളള തുക കൂടാതെയാണിത്. കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ആകെ 104 മത്സരങ്ങള്‍ ഉണ്ടാവും. മത്സരങ്ങളുടെ എണ്ണം കൂടിയതും മൂന്ന് രാജ്യങ്ങളിലെ സ്‌പോണ്‍സര്‍ഷിപ്പും വന്നതോടെ ഫിഫയുടെ വരുമാനവും കുത്തനെ ഉയര്‍ന്നു. ഇതോടെയാണ് ടീമുകള്‍ക്കുള്ള പ്രതിഫലവും കൂട്ടിയത്.

കളിക്കാര്‍ക്കാണോ ഈ പണം ലഭിക്കുക? അല്ല. ഫിഫ ഈ തുക നേരിട്ട് കളിക്കാരുടെ അക്കൗണ്ടുകളിലേക്ക് നല്‍കില്ല. പകരം ഓരോ രാജ്യത്തെയും ഫുട്ബോള്‍ അസോസിയേഷനുകള്‍ക്കാണ് പണം കൈമാറുക. ഈ തുകയില്‍ നിന്ന് കളിക്കാര്‍ക്കുള്ള ബോണസ്, കോച്ചിംഗ് സ്റ്റാഫിന്റെ ശമ്പളം, യാത്രാ ചിലവുകള്‍, ആഭ്യന്തര ഫുട്ബോള്‍ വികസനം എന്നിവയ്ക്കായി അസോസിയേഷനുകള്‍ക്ക് പണം വിനിയോഗിക്കാം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൗഹൃദ മത്സരത്തില്‍ നെതര്‍ലന്റിനെ തകര്‍ത്ത് ഫ്രാന്‍സ്; നെതര്‍ലന്‍ഡ്‌സിനും ജയം, അര്‍ജന്റീന നാളെ ഇറങ്ങും
ഒരു നീറ്റലായി 21-ാം നമ്പർ ജഴ്‌സിയും ഓർമകളും; ജോട്ടയുണ്ട് പോര്‍ച്ചുഗലിനൊപ്പം