'മെസിയും അർജന്‍റീനയും പുറത്താകരുതെന്ന് ഫിഫയ്ക്ക് നിർബന്ധമുണ്ടായിരുന്നു'; തുറന്നടിച്ച് ഈജിപ്ത് കോച്ച് ഹൊസാം ഹസൻ

Published : Jul 08, 2026, 09:15 AM IST
Hossam Hassan Egypt

Synopsis

നിലവിലെ ലോക ചാമ്പ്യന്മാരേക്കാൾ എല്ലാ അർത്ഥത്തിലും മികച്ച കളിയാണ് ഞങ്ങൾ പുറത്തെടുത്തത്. എന്നാൽ മൈതാനത്തിനകത്തെ ചില തീരുമാനങ്ങളും പുറത്തുനിന്നുള്ള ഇടപെടലുകളുമാണ് കളി മാറ്റിയത്.

അറ്റ്ലാന്‍റ: ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയോട് പൊരുതിത്തോറ്റതിന് പിന്നാലെ ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കുന്ന ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് ടീമിന്‍റെ മുഖ്യപരിശീലകൻ ഹൊസാം ഹസൻ. സൂപ്പർ താരം ലിയോണൽ മെസിയും അർജന്‍റീനയും ടൂർണമെന്‍റിൽ തുടരണമെന്ന് ഫിഫ ആഗ്രഹിച്ചിരുന്നതായും, മത്സരഫലം ബാഹ്യശക്തികളാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നും ഹസൻ ആരോപിച്ചു.

പ്രീ-ക്വാർട്ടറിലെ നാടകീയ പോരാട്ടത്തിൽ രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമാണ് ഈജിപ്ത് 3-2 ന് അർജന്‍റീനയോട് നാടകീയമായി പരാജയപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലേക്ക് ഈജിപ്ത് നീങ്ങവെയായിരുന്നു കളിയുടെ അവസാന 13 മിനിറ്റിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അർജന്‍റീന ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. മത്സരത്തിലെ റഫറിയിംഗ് പൂർണ്ണമായും അർജന്‍റീനയ്ക്ക് അനുകൂലമായിരുന്നുവെന്ന് മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഹൊസാം ഹസൻ തുറന്നടിച്ചു.

വാർത്താസമ്മേളനത്തിൽ കടുത്ത ഭാഷയിലാണ് ഈജിപ്ഷ്യൻ പരിശീലകൻ പ്രതികരിച്ചത്. നിലവിലെ ലോക ചാമ്പ്യന്മാരേക്കാൾ എല്ലാ അർത്ഥത്തിലും മികച്ച കളിയാണ് ഞങ്ങൾ പുറത്തെടുത്തത്. എന്നാൽ മൈതാനത്തിനകത്തെ ചില തീരുമാനങ്ങളും പുറത്തുനിന്നുള്ള ഇടപെടലുകളുമാണ് കളി മാറ്റിയത്. ഒരുപക്ഷേ വലിയ ബിസിനസ്-മാർക്കറ്റിംഗ് താൽപര്യങ്ങൾ ഇതിന് പിന്നിലുണ്ടാകാം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർ ടൂർണമെന്‍റിൽ വേണമെന്നും, മെസി ലോകകപ്പിൽ തുടരണമെന്നും അവർ ആഗ്രഹിച്ചിട്ടുണ്ടാകും. ഫുട്ബോളിൽ ചിലപ്പോഴൊക്കെ സാങ്കേതിക വശങ്ങൾക്കും അപ്പുറം ഇത്തരം താൽപര്യങ്ങൾ പ്രവർത്തിക്കാറുണ്ട്. ലോക ചാമ്പ്യന്മാർക്ക് എല്ലാ തലത്തിൽ നിന്നും പിന്തുണ ലഭിച്ചു.

മത്സരത്തിൽ റഫറി ഫ്രാൻസ്വ ലെറ്റെക്സിയറുടെ പല തീരുമാനങ്ങളും ഈജിപ്തിനെ പ്രകോപിപ്പിച്ചു. തങ്ങൾ രണ്ടാം ഗോൾ നേടി മുന്നേറവെ, വാർ ഇടപെടലിലൂടെ ആ ഗോൾ റദ്ദാക്കിയതാണ് പ്രധാന തർക്കവിഷയമായത്. കൂടാതെ പെനാൽറ്റി ബോക്സിൽ വെച്ച് മുഹമ്മദ് സലായെ ഫൗൾ ചെയ്തിട്ടും പെനാൽറ്റി അനുവദിച്ചില്ല. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് അർജന്‍റീനയുടെ വിജയഗോൾ നേടുന്നതിന് തൊട്ടുമുമ്പ്, ഈജിപ്ത് താരം ഹംദി ഫാത്തിയുടെ ജേഴ്സി അലക്സിസ് മാക് അലിസ്റ്റർ വലിച്ചു കീറിയിട്ടും റഫറിയോ വാർ പരിശോധന നടത്താൻ പോലും തയ്യാറായില്ലെന്ന് ഹസൻ കുറ്റപ്പെടുത്തി.അർജന്‍റീനൻ ക്യാമ്പിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് റഫറി വഴങ്ങിയതായാണ് ഈജിപ്തിന്‍റെ ആക്ഷേപം. ഞങ്ങൾക്ക് അർഹിച്ച നീതി ലഭിച്ചില്ല. ജീവിതം അനിതീ നിറഞ്ഞതാണെന്നറിയാം, എന്നാൽ കായികരംഗത്തും എന്തുകൊണ്ടാണ് നീതിയില്ലാത്തത്?-ഹസൻ ചോദിച്ചു.

ഇത് അർജന്റീന ഒട്ടും അർഹിക്കാത്ത വിജയമാണ്. കളി കഴിഞ്ഞയുടൻ ഞാൻ റഫറിയോട് നേരിട്ട് പറഞ്ഞു ഇത് അനീതിയാണെന്ന്. ഇനി ഞാൻ എന്‍റെ നാട്ടിലേക്ക് മടങ്ങും. അതിനുശേഷം ഈ ലോകകപ്പിലെ ഒരു മത്സരം പോലും ഞാൻ കാണില്ല. കാരണം ഈ ടൂർണമെന്‍റിൽ ഒരു തരത്തിലുള്ള നീതിയും അവശേഷിക്കുന്നില്ല. ഇതെന്‍റെ പ്രതിഷേധമാണ്. മത്സരത്തിനിടെ റഫറിയുടെ വിവാദ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഫിഫയുടെ വംശീയവിരുദ്ധ ആംഗ്യം കാണിച്ച് പ്രതിഷേധിച്ചതിന് ഹൊസാം ഹസന് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. ഫിഫയ്ക്കും റഫറിയിംഗിനുമെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ഈജിപ്ത് കോച്ചിനെതിരെ ഫിഫ കടുത്ത അച്ചടക്ക നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

72 വർഷത്തിന് ശേഷം ആദ്യം, കൊളംബിയയെ ഷൂട്ടൗട്ടിൽ തക‍ർത്ത് സ്വിറ്റ്സ‍ർലൻഡ് ക്വാർട്ടറിൽ
ഒരു അർജന്റീനൻ വീരഗാഥ, എട്ടാം ഗോളുമായി മെസി; ഈജിപ്തിനെ തകർത്ത് ക്വാർട്ടറിലേക്ക്