മെക്‌സിക്കന്‍ തിരമാല ഭേദിച്ച് മെസിയുടെ ഗോളും അസിസ്റ്റും; റെക്കോര്‍ഡുകളുടെ നീലാകാശത്ത് മിശിഹ

By Jomit JoseFirst Published Nov 27, 2022, 8:00 AM IST
Highlights

നിമിഷാർധങ്ങളെ സാധ്യതകളും, സാധ്യതകളെ ഗോളുകളുമാക്കുന്ന മെസി മാജിക് വീണ്ടും ലോകം കാണുകയായിരുന്നു മെക്‌സിക്കോയ്ക്ക് എതിരായ മത്സരത്തില്‍

ദോഹ: ഫിഫ ലോകകപ്പില്‍ മെക്‌സിക്കോയ്ക്കെതിരായ അർജന്‍റീനയുടെ നിര്‍ണായക വിജയം ലിയോണല്‍ മെസിക്ക് അവകാശപ്പെട്ടതാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും മെസി ഒരുപിടി റെക്കോർഡുകള്‍ മത്സരത്തില്‍ സ്വന്തമാക്കി.

നിമിഷാർധങ്ങളെ സാധ്യതകളും സാധ്യതകളെ ഗോളുകളുമാക്കുന്ന മെസി മാജിക് വീണ്ടും ലോകം കാണുകയായിരുന്നു മെക്‌സിക്കോയ്ക്ക് എതിരായ മത്സരത്തില്‍. ലോകത്തിലെ വിവിധ കളിത്തട്ടുകളിൽ ആരാധകരുടെ മനസിൽ കൊരുത്തിട്ട എണ്ണിയാലൊടുങ്ങാത്ത ഗോളുകൾ മെസിയുടെ ഇടങ്കാലിൽ നിന്ന് പിറന്നിട്ടുണ്ട്. ആ ഗോളുകളെക്കാളെല്ലാം മൂല്യമുണ്ട് ലുസൈൽ സ്റ്റേഡിയത്തിലെ എണ്ണംപറഞ്ഞ ഗോളിന്. വിശ്വവിജയികളുടെ സ്വർണകപ്പിൽ തൊടാൻ ഇപ്പോഴല്ലെങ്കിൽ ഇനിയാവില്ല. ഗോളടിക്കുകയും ഗോളടിപ്പിക്കുകയുമല്ലാതെ മറ്റൊരു വഴിയും മെസിക്ക് മുന്നിലില്ലയാരുന്നു. ആദ്യം ഗോളടിച്ചും പിന്നെ ഗോളടിപ്പിച്ചും മെസി കളംനിറഞ്ഞു. 

റെക്കോര്‍ഡുകളില്‍ മെസി

അഞ്ചാം ലോകകപ്പിൽ ലിയോണല്‍ മെസിയുടെ എട്ടാം ഗോളാണ് പിറന്നത്. ഇതോടെ മെസി ഫുട്ബോള്‍ ദൈവം ഡിഗോ മാറഡോണയുടെ നേട്ടത്തിനൊപ്പമെത്തി. അര്‍ജന്‍റീനന്‍ കുപ്പായത്തില്‍ മുന്നിൽ പത്ത് ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട മാത്രം. 1966ന് ശേഷം ഒറ്റക്കളിയിൽ ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ താരവുമായി മുപ്പത്തിയഞ്ചുകാരനായ മെസി. ലോകകപ്പിലെ ലിയോയുടെ ആദ്യ ഗോൾ 2006ൽ പതിനെട്ടാം വയസിലായിരുന്നെങ്കിൽ ഖത്തറിൽ മെക്സിക്കോയ്ക്കെതിരെ മുപ്പത്തിയഞ്ചാം വയസിലാണ് മിശിഹാ ലക്ഷ്യം കണ്ടത്. 

ഗോളുമായി എന്‍സോയും

ലോകകപ്പിൽ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കുകയായിരുന്നു അർജന്‍റീന. നിർണായക മത്സരത്തിൽ ലിയോണൽ മെസിയുടെയും എൻസോ ഫെർണാണ്ടസിന്‍റേയും ഗോളുകൾക്കായിരുന്നു അർജന്‍റീയുടെ ജയം. ഏഞ്ചല്‍ ഡി മരിയയുടെ അസിസ്റ്റില്‍ മെസി 64-ാം മിനുറ്റിലും മെസിയുടെ അസിസ്റ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് 87-ാം മിനുറ്റിലുമാണ് ലക്ഷ്യം കണ്ടത്. 

മെസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അര്‍ജന്റീനയുടേയും; മെക്‌സിക്കന്‍ പ്രതിരോധം കടന്ന് നീലപ്പടയുടെ തിരിച്ചുവരവ്

click me!