ഗോളവസരങ്ങള്‍ തുലച്ചിട്ട് കലിപ്പ് ഡഗൗട്ടിനോട്; ഗ്ലാസ് ഇടിച്ച് തവിടുപൊടിയാക്കി ലുക്കാക്കു, നടപടിക്ക് സാധ്യത

By Jomit JoseFirst Published Dec 2, 2022, 7:53 AM IST
Highlights

മത്സര ശേഷം ഡഗൗട്ടിലെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് ലുക്കാക്കു നിരാശ പ്രകടിപ്പിച്ചത്. ലുക്കാക്കുവിനെതിരെ നടപടിക്ക് സാധ്യതയുണ്ട്.
 

ദോഹ: ഫിഫ ലോകകപ്പില്‍ സുവര്‍ണ തലമുറകള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു എഫ് ഗ്രൂപ്പില്‍ ക്രൊയേഷ്യയും ബെല്‍ജിയവും തമ്മില്‍ നടന്നത്. മത്സരം ഗോള്‍രഹിതമായി അവസാനിച്ചപ്പോള്‍ കളിയില്‍ ഗോള്‍ വല കുലുക്കാന്‍ നിരവധി അവസരങ്ങളാണ് ബെൽജിയത്തിന് കിട്ടിയത്. സൂപ്പർ താരം റൊമേലു ലുക്കാക്കുവിന് മൂന്ന് സുവർണാവസരങ്ങൾ കിട്ടിയെങ്കിലും ഗോളാക്കാനായില്ല. ലുക്കാക്കുവിന്‍റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിമടങ്ങിയതും ബെൽജിയത്തിന്‍റെ പുറത്താകല്‍ ഉറപ്പാക്കി. ഇതിന്‍റെ എല്ലാ കലിപ്പും ഡഗൗട്ടിനോട് തീര്‍ക്കുന്ന ലുക്കാക്കുവിനെയാണ് മത്സര ശേഷം കണ്ടത്. 

മത്സര ശേഷം ഡഗൗട്ടിലെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് ലുക്കാക്കു നിരാശ പ്രകടിപ്പിച്ചത്. ലുക്കാക്കുവിനെതിരെ നടപടിക്ക് സാധ്യതയുണ്ട്.

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ ആദ്യ കടമ്പ പോലും കടക്കാതെ അടിതെറ്റുകയായിരുന്നു ബെൽജിയത്തിന്. ക്രൊയേഷ്യക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് ബെൽജിയത്തിന്‍റെ സുവർണ തലമുറ തലകുനിച്ച് മടങ്ങുന്നത്. ജീവന്മരണ പോരാട്ടം അതിജീവിക്കാനാവാതെ ചുവന്ന ചെകുത്താന്മാർ പുറത്താവുകയായിരുന്നു. പ്രീ ക്വാര്‍ട്ടറിലെത്താന്‍ സമനില മാത്രം മതിയായിരുന്ന മോഡ്രിച്ചും കൂട്ടരും ആദ്യ പകുതിയിൽ ആക്രമിച്ചു കളിച്ചു. പതിനാലാം മിനുറ്റിൽ ക്രൊയേഷ്യക്ക് പെനാൽട്ടി കിട്ടിയെങ്കിലും വാർ പരിശോധനയിൽ നഷ്ടമായി. പിന്നീട് ലുക്കാക്കുവിനെ ഇറക്കിയെങ്കിലും ബെൽജിയത്തിന് രക്ഷയുണ്ടായില്ല.

ജെർമി ഡോക്യു വന്നതോടെ ബെൽജിയം കൂടുതൽ ഉണർന്നു. കളിയുടെ താളവും വേഗവും മാറി. ക്രൊയേഷ്യൻ ഗോൾമുഖത്തേക്ക് ഇരമ്പിപ്പാഞ്ഞെങ്കിലും സമനില തെറ്റാതെ ക്രൊയേഷ്യ അവസാന നിമിഷം വരെ പിടിച്ചുനിന്നു. മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തി. സുവർണ തലമുറയെന്ന വിളിപ്പോരിനോട് നീതി പുലർത്താനാകാതെ കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരും ലോക റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരുമായ ബെല്‍ജിയം ഇത്തവണ തലകുനിച്ച് മടങ്ങി.  

അവസരങ്ങള്‍ കളഞ്ഞു കുളിച്ച് ബെല്‍ജിയം; സുവര്‍ണതലമുറ പുറത്ത്, ക്രൊയേഷ്യയും മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍

click me!