മെസിയുടെ ഗോള്‍ നേരില്‍ കണ്ടു; ലുസൈലിലെ ഗ്യാലറിയില്‍ ആവേശത്തിരയായി സല്‍മാന്‍ കുറ്റിക്കോട്

By Jomit JoseFirst Published Nov 27, 2022, 10:59 AM IST
Highlights

ഭിന്നശേഷിക്കാരനായ സല്‍മാന്‍ കുറ്റിക്കോട് കേരളത്തിലെ കാല്‍പന്ത് പ്രേമികളുടെ ഏറ്റവും പ്രിയങ്കരനാണ്

ദോഹ: കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ പ്രിയങ്കരനായ സല്‍മാന്‍ കുറ്റിക്കോട് ഖത്തര്‍ ലോകകപ്പിനായി പോകുമ്പോള്‍ ഒരാഗ്രഹം മാത്രമായിരുന്നു മനസില്‍. തന്‍റെ പ്രിയതാരം ലിയോണല്‍ മെസിയുടെ മത്സരം നേരില്‍ കാണണം. ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്‍റീന-മെക്‌സിക്കോ മത്സരം സല്‍മാന്‍ കണ്ടു, വെറും മത്സരമല്ല, മിശിഹായുടെ ഉഗ്രന്‍ ഗോളും. 

ഭിന്നശേഷിക്കാരനായ സല്‍മാന്‍ കുറ്റിക്കോട് കേരളത്തിലെ കാല്‍പന്ത് പ്രേമികളുടെ ഏറ്റവും പ്രിയങ്കരനാണ്. സാക്ഷാല്‍ ഐ എം വിജയനടക്കം വലിയ സൗഹൃദവലയം സല്‍മാനുണ്ട്. വിവിധ ജില്ലകളിലെ ഫുട്ബോള്‍ ടൂര്‍ണമെന്‍റുകളില്‍ അതിഥിയായി സല്‍മാനെത്തിയാല്‍ സെല്‍ഫിയെടുക്കാന്‍ ആരാധകരുടെ ബഹളമാണ്. സല്‍മാനെ കായിക മന്ത്രി വി. അബ്‍ദുറഹ്‍മാന്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടുമുട്ടുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. കട്ട അർജന്‍റീനന്‍ ഫാനാണ് സല്‍മാന്‍ കുറ്റിക്കോട്. ഉയിരിന്‍റെ ഉയിരായി സാക്ഷാല്‍ ലിയോണല്‍ മെസി ചങ്കില്‍ത്തന്നെയുണ്ട്. സല്‍മാന്‍ കുറ്റിക്കോടിന്‍റെ രണ്ടാം ഗള്‍ഫ് സന്ദർശനമാണിത്. മുമ്പ് ദുബായില്‍ ഒരു ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ചെർപ്പുളശ്ശേരിക്കടുത്ത് കുറ്റിക്കോടാണ് സല്‍മാന്‍റെ സ്വദേശം. 

മെസിയുടെ കളി കാണണം; സല്‍മാന്‍ കുറ്റിക്കോട് ലോകകപ്പിനായി ഖത്തറിലേക്ക്

സല്‍മാന്‍ കുറ്റിക്കോടിന്‍റെ കണ്‍മുന്നില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് പ്രീക്വാർട്ടർ പ്രതീക്ഷ അർജന്‍റീന സജീവമാക്കി. നിർണായക മത്സരത്തിൽ ലിയോണൽ മെസിയുടെയും എൻസോ ഫെർണാണ്ടസിന്‍റേയും ഗോളുകൾക്കായിരുന്നു അർജന്‍റീനയുടെ ജയം. ഏഞ്ചല്‍ ഡി മരിയയുടെ അസിസ്റ്റില്‍ മെസി 64-ാം മിനുറ്റിലും മെസിയുടെ അസിസ്റ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് 87-ാം മിനുറ്റിലുമാണ് ലക്ഷ്യം കണ്ടത്. മെക്‌സിക്കോയുടെ കടുത്ത പ്രതിരോധം മറികടന്നാണ് അര്‍ജന്‍റീനയുടെ വിജയം. അഞ്ചാം ലോകകപ്പിൽ ലിയോണല്‍ മെസിയുടെ എട്ടാം ഗോളാണ് പിറന്നത്. അര്‍ജന്‍റീനന്‍ കുപ്പായത്തില്‍ മെസിക്ക് മുന്നിൽ ഇനി 10 ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട മാത്രം.

മെക്‌സിക്കന്‍ തിരമാല ഭേദിച്ച് മെസിയുടെ ഗോളും അസിസ്റ്റും; റെക്കോര്‍ഡുകളുടെ നീലാകാശത്ത് മിശിഹ

click me!