'മെസിയുടെ ആ കിടപ്പ് കണ്ടപ്പോള്‍ ഹൃദയം തകര്‍ന്നു'; ഗായകനും മുന്‍കാല ഫുട്‌ബോള്‍ താരവുമായ ഷഹബാസ് അമന്റെ കുറിപ്പ്

By Web TeamFirst Published Sep 30, 2021, 4:06 PM IST
Highlights

സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണെ കാഴ്ച്ചക്കാരനാക്കി ബോക്‌സിന് പുറത്തുനിന്നുള്ള ഇടങ്കാലന്‍ ഷോട്ടാണ് വലയില്‍ തുളച്ചുകയറിയത്. മെസിയുടെ ആദ്യ ഗോള്‍ ചര്‍ച്ചയായി. ആരാധകര്‍ ആഘോഷമാക്കി.

തിരുവനന്തപുരം: ഇക്കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ (UEFA Champions League) മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ (Manchester City) ലിയോണല്‍ മെസി (Lionel Messi) പിഎസ്‍ജി (PSG) ജേഴ്‌സിയിലെ ആദ്യ ഗോള്‍ നേടിയിരുന്നു. സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണെ കാഴ്ച്ചക്കാരനാക്കി ബോക്‌സിന് പുറത്തുനിന്നുള്ള ഇടങ്കാലന്‍ ഷോട്ടാണ് വലയില്‍ തുളച്ചുകയറിയത്. മെസിയുടെ ആദ്യ ഗോള്‍ ചര്‍ച്ചയായി. ആരാധകര്‍ ആഘോഷമാക്കി. എന്നാല്‍ ഗോളിനോളം ചര്‍ച്ചയായ മറ്റൊരു കാര്യമുണ്ടായിരുന്നു. സിറ്റിക്ക് ലഭിച്ച ഫ്രീകിക്ക് തടയാനായി പ്രതിരോധ മതിലിന് പിന്നിലായി മെസി കിടക്കുന്നതായിരുന്നു അത്. 

ലോകത്തെ ഏറ്റവും മികച്ച താരം അത്തരത്തില്‍ ഗ്രൗണ്ടില്‍ കിടക്കുന്നത് പലര്‍ക്കും ദഹിച്ചില്ല. എന്നാല്‍ മറ്റുചിലര്‍ അനുകൂലമായും രംഗത്ത് വന്നു. ഇക്കാര്യത്തില്‍ മുന്‍ ഇംഗ്ലണ്ട് താരം റിയോ ഫെര്‍ഡിനാന്റിന്റെ പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടു. അതങ്ങിനെയായിരുന്നു...''ഞാന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ മെസിയോട് അങ്ങനെ ചെയ്യരുതെന്ന് പറയുമായിരുന്നു. മെസിക്ക് വേണ്ടി ഞാന്‍ ഗ്രൗണ്ടില്‍ കിടന്നേനെ.'' ഫെര്‍ഡിനാന്റ് വ്യക്തമാക്കി.

The disrespect 😂😂😂

pic.twitter.com/e9BnxYs0zt

— Rio Ferdinand (@rioferdy5)

ഫെര്‍ഡിനാന്റിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സംഭവത്തിന്റെ മറ്റൊരു തലം വിശദമാക്കുകയാണ് ഗായകനും മുന്‍കാല ഫുട്‌ബോള്‍ താരവുമായ ഷഹബാസ് അമന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കുന്നത്. മെസി അങ്ങനെ കിടക്കുന്നത് കണ്ടപ്പോള്‍ ഹൃദയം തകര്‍ന്നുവെന്നും ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നുമാണ് ഷഹബാസ് കുറിപ്പില്‍ പറഞ്ഞുവെക്കുന്നത്. ''ലജന്‍ഡുകള്‍ കൊത്തിയെടുത്ത ഫുട്‌ബോളിന്റെ മാസ്മരികഭംഗിയെ എക്കാലത്തേക്കുമായി വാനോളം ഉയര്‍ത്തിപ്പിടിച്ച;ഇപ്പോഴും അതില്‍ ബദ്ധശ്രദ്ധനായ അത്യുത്തമഫുട്‌ബോള്‍ ശില്‍പ്പി ലയണല്‍ മെസ്സി ആ നോളത്തരത്തിന്റെ ഭാഗമാകുന്നത്  കൂടി കാണേണ്ടി വന്നപ്പോള്‍ ഹൃദയം തകര്‍ന്നു!'' അദ്ദേഹം കുറിച്ചിട്ടു.

പോസ്റ്റിന്റെ പൂര്‍ണരൂപം... 

''ഫെര്‍ഡിനാന്റെ ഈ വാക്കുകള്‍ സംഭവിച്ചു കഴിഞ്ഞ ഒരു കാര്യത്തെപ്രതി ഒരു 'മെസ്സിയാരാധകന്‍' നടത്തുന്ന സ്റ്റേറ്റ്മന്റ് ആണു! പക്ഷേ നമ്മള്‍ ഇവിടെ പരിശോധിക്കുന്നത് സംഭവിക്കാന്‍ പാടില്ലാത്ത ഒരു കാര്യത്തെക്കുറിച്ചാണു! 
പ്രിയപ്പെട്ട ഫുട്‌ബോള്‍സഹോദരീസഹോദരന്മാരേ..
ഒരു കാലത്ത് പന്ത് കളിച്ചിരുന്നു എന്നുള്ള നിലക്ക് ഒരു കളിക്കാരന്റെ കണ്ണിലൂടെ നോക്കിക്കാണുകയാണെങ്കിലും എല്ലാ കാലത്തും കളി ആവേശപൂര്‍വ്വം കണ്ടിരുന്നു എന്നുള്ള നിലക്ക് ഒരു കളിയാരാധകന്റെ കണ്ണിലൂടെയാണെങ്കിലും തീരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു കാര്യമാണു ഈയടുത്ത കാലത്ത് ഫുട്‌ബോളില്‍ പത്യക്ഷപ്പെട്ട ഫ്രീ കിക്ക് പ്രതിരോധത്തിലെ ഈ ബാക് ഡ്രോപ്പ് ശയനം! ആരാണതിനു തിരി കൊളുത്തിയത്?വളരെ റീസണ്‍ലിയാണു.മുളപ്രായം! 
മെറ്റഫര്‍ ഉപയോഗിച്ചോ ഉദാഹരണ സഹിതമോ കളിയാക്കുകയാണെങ്കില്‍ കയ്യില്‍ നിന്ന് പോകും എന്നത് കൊണ്ട് ആത്മസംയമനാര്‍ത്ഥം അതിനു മുതിരുന്നില്ല! ഇത്രക്ക് ഉര്‍മ്മത്തില്ലാത്ത ഒരു മാഞ്ഞാളം ഫുട്‌ബോളില്‍ സ്വന്തം ജീവിത കാലത്ത് വന്ന് ഭവിക്കും എന്ന് സ്വപ്‌നേപി വിചാരിച്ചതല്ല!  അതില്‍ അത്യധികമായ ദുഖമുണ്ട്! 
ലജന്‍ഡുകള്‍ കൊത്തിയെടുത്ത ഫുട്‌ബോളിന്റെ മാസ്മരികഭംഗിയെ എക്കാലത്തേക്കുമായി വാനോളം ഉയര്‍ത്തിപ്പിടിച്ച;ഇപ്പോഴും അതില്‍ ബദ്ധശ്രദ്ധനായ അത്യുത്തമഫുട്‌ബോള്‍ ശില്‍പ്പി ലയണല്‍ മെസ്സി ആ നോളത്തരത്തിന്റെ ഭാഗമാകുന്നത്  കൂടി കാണേണ്ടി വന്നപ്പോള്‍ ഹൃദയം തകര്‍ന്നു! ഇന്നലെ ഹൃദയ ദിനത്തിലാണത് സംഭവിച്ചത് എന്നത് കേവലം യാദൃശ്ചികതയല്ല! എല്ലാ മഹാന്മാരുടെ പുറത്തും ചരിത്രം ഇങ്ങനെ ഒരു അപമാനപ്പുള്ളി കൊത്തിവെച്ചതായി കാണാം! ഫ്രീ കിക്കുകളുടെ പ്രവാചകരില്‍ ഒരാളായ മെസ്സി അതി ഭൗതീകവും അത്യധികം അസൂയാവാഹിയും അലാവണ്യപരവുമായ ഈ അസുന്ദരപ്രവൃത്തിയെ മുളയിലേ നുള്ളിക്കളയാനെന്നോണം ഏറ്റവും സൗമ്യമായ ഭാഷയിലാണെങ്കിലും തന്റെ കളിവിരാമത്തിനു മുന്‍പേ ഒരിക്കലെങ്കിലും പരിഹസിക്കും എന്ന് ശരിക്കും പ്രതീക്ഷിച്ചതായിരുന്നു! അതിനു സ്വമേധയാ അര്‍ഹരായ ഏതാനും പേരേ ഫുട്‌ബോളില്‍ ലോകത്ത് നിലവില്‍ ജീവിച്ചിരിക്കുന്നുള്ളു. അവരില്‍ ആരു പറഞാലും ഫിഫ ഉറപ്പായും ഒന്ന് പ്രതിരോധത്തിലായേനെ! ഇനിയും ചാന്‍സുണ്ട്! നിര്‍ഭാഗ്യവശാല്‍ ഏറ്റവും അര്‍ഹതയുള്ള മെസ്സി  ആ അവസരം തുലച്ച് കളഞ്ഞു! 
പ്രിയപ്പെട്ട ഡേവിഡ് ബെക്കാമോ റോബര്‍ട്ടോ കാര്‍ലോസോ റൊണാള്‍ഡീജ്ഞ്യോയോ ഗുള്ളിറ്റോ സിനദാനോ പറഞ്ഞിരുന്നെങ്കില്‍, 'ഇത് വേണ്ടെ' എന്ന് !  ഇനി അവര്‍ക്കൊക്കെ പ്രയാസമാണെങ്കില്‍ സാക്ഷാല്‍ പെലെ തന്റെ അവസാനകാല ആഗ്രഹങ്ങളില്‍ ഒന്നായിട്ടെങ്കിലും ഫിഫയോടോ ഫുട്‌ബോള്‍ ലോകത്തോട് തന്നെയുമോ കൈകള്‍ കൂപ്പി  ആവശ്യപ്പെടുമോ ദയവായ് അത്തരം വേണ്ടാത്തരങ്ങള്‍ ഒരുകാലത്തും ഫുട്‌ബോളില്‍ അനുവര്‍ത്തിക്കരുതേ എന്ന്!? ഫുട്‌ബോളിനു ആളുകളെ ഈ തരത്തില്‍ എന്റര്‍ട്ടെയിന്‍ ചെയ്യിക്കേണ്ട ഒരു ഗതികേടും ഒരു കാലത്തും വരികയില്ലെന്ന് താന്‍ ഗ്യാരണ്ടി എന്ന്!? 
പ്രിയമുള്ളവരേ..കളിക്കളത്തിലെ ഒരു ചെറു തമാശയെ ഇത്ര സീരിയസാക്കാനുണ്ടോ എന്ന് നിങ്ങളിലാരെങ്കിലും ഒരു പക്ഷേ ചോദിച്ചേക്കുമോ എന്ന് ഭയപ്പെടുവാന്‍ ലോകത്തിലെ ഏറ്റവും ബുദ്ധിമത്തും സുന്ദരവുമായ കളിയുടെ പേരില്‍ അനുവദിക്കുന്നതിനു ഒരുപാട് നന്ദി! 
എല്ലാവരോടും സ്‌നേഹം..??''

click me!