Latest Videos

ഞെട്ടിയോ മോനേ... അർജന്‍റീന ശരിക്കും ഞെട്ടിയപ്പോൾ ഓ‍ർമ്മയിലെത്തിയത്! 20 വ‌ർഷം മുമ്പൊരു മെയ് മാസത്തിലെ ഞെട്ടൽ

By Vandana PRFirst Published Nov 24, 2022, 5:02 PM IST
Highlights

2002 ലെ ലോകകപ്പിന്‍റെ ഉദ്ഘാടനമത്സരം. നിലവിലെ ചാമ്പ്യൻമാർ, പിന്നെ യൂറോ കപ്പ് കിരീടവും. തികഞ്ഞ ആത്മവിശ്വാസവമായി വന്ന ഫ്രാൻസിന്‍റെ എതിരാളികൾ ആദ്യമായി ലോകകപ്പിലെത്തിയ സെനഗൽ

അർജന്‍റീനയെ സൗദി അറേബ്യ ഞെട്ടിച്ചപ്പോൾ എല്ലാവരും ആദ്യം ഓർമ്മയിലെത്തിയ പോരാട്ടത്തിന് 20 വർഷം പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ 2002 മെയ് മാസം 31 ാം തിയതിയായിരുന്നു ആ പോരാട്ടം അരങ്ങേറിയത്. കൊറിയയും ജപ്പാനും കൂടി ആതിഥ്യം വഹിച്ച 2002 ലെ ലോകകപ്പിന്‍റെ ഉദ്ഘാടനമത്സരം. നിലവിലെ ചാമ്പ്യൻമാർ, പിന്നെ യൂറോ കപ്പ് കിരീടവും. തികഞ്ഞ ആത്മവിശ്വാസവമായി വന്ന ഫ്രാൻസിന്‍റെ എതിരാളികൾ ആദ്യമായി ലോകകപ്പിലെത്തിയ സെനഗൽ. ടൂർണമെന്റിലെ ആദ്യത്തെ കളി എന്നതിനപ്പുറം വലിയ ത്രിൽ ഒന്നും ആർക്കുമില്ലായിരുന്നു. പക്ഷേ സംഗതി എത്തിയത് ലോകകപ്പ് ചരിത്രപുസ്തകത്തിലേക്കാണ്. ഒരൊറ്റ ഗോളിന് സെനഗൽ ഫ്രാൻസിനെ തോൽപിച്ചു. നാടും നാട്ടാരും ഞെട്ടിയ മത്സരഫലം. വിജയഗോൾ അടിച്ച പാപ ബൗബ ദ്യോപ് സെനഗലിന്രെ ഹീറോ ആയി. ആ നാട് മുഴുവൻ തെരുവിലിറങ്ങി ആ ജയം ആഘോഷിച്ചു. ആൾക്കൂട്ടത്തിന് നടുവിലൂടെ പ്രസിഡന്‍റ്  തന്നെയും പന്തുമായി ഇറങ്ങി. പഴയ കോളനിയായിരുന്ന രാജ്യത്തിനായി ചരിത്രം കരുതി വെച്ച മധുരപ്രതികാരകഥ. ടീമിലുണ്ടായിരുന്ന അലൗ സിസൗ ഇന്ന് സെനഗലിന്‍റെ മുഖ്യകോച്ചായി ഖത്തറിലെത്തിയിട്ടുണ്ട്.

ലോകകപ്പ് വേദിയിൽ കറുത്തവന്‍റെ കരുത്ത് ഞെട്ടലുകൾ ഉണ്ടാക്കിയ കഥകൾ അതിനും മുന്പും ഉണ്ട്, പിന്നെയുമുണ്ട്. സ്പെയിനിൽ 1982 ൽ നടന്ന ടൂർണമെന്റിൽ രണ്ട് കപ്പ് നേടിയ ഗമയും പ്രശസ്തരുടെ പട്ടികയുമായി എത്തിയ പടിഞ്ഞാറൻ ജർമനിയെ ആദ്യമായി ലോകകപ്പിലെത്തുന്ന അൾജീരിയ തോൽപിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്, അന്നത്തെ ഗോളടിക്കാരിൽ ഒരാളായ റബേ മേജർ (Rabah Madjer) പിന്നെ യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ തിളങ്ങിയതും ചരിത്രം.

ഇറ്റലിയിൽ 90 ൽ നടന്ന ലോകകപ്പിലാകട്ടെ ആഫ്രിക്കൻ കരുത്തിന് മുന്നിൽ ഞെട്ടിയത് നിലവിലെ ചാമ്പ്യൻമാർ. 86ലെ മാജിക് ആവർത്തിക്കാനെത്തിയ മറഡോണയുടെ അർജന്റീനയെ ഞെട്ടിച്ചത് കാമറൂൺ. രണ്ടാമത്തെ മാത്രം ലോകകപ്പിനെത്തിയ കാമറൂൺ മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചുകയറി. ഫ്രാങ്കോയ്സ് ഒമാം ബിയിക് താരമായി. പിന്നെയും ബിയിക് ലോകകപ്പുകളിലെത്തി. രാജ്യത്തിന്‍റെ കുപ്പായമിട്ടു. അന്നും ടീമിലുണ്ടായിരുന്ന റോജർ മില്ല കാമറൂൺ ഫുട്ബോൾ കരുത്തിന്‍റെ പോസ്റ്റർ ബോയ് ആയി. 94ലെ ലോകകപ്പിൽ    നാൽപത്തിരണ്ടാം വയസ്സിൽ ഗോളടിച്ച മില്ല ലോകകപ്പ് ചരിത്രത്തിലെ പ്രായമേറിയ ഗോളടിക്കാരനുമായി.

ലോകം കണ്ട വമ്പൻ അട്ടിമറികൾ! 1950 ൽ ബ്രസീൽ, പിന്നെ ഇറ്റലി, ഫ്രാൻസ്, ഒടുവിൽ അർജന്‍റീന; 'കാൽപന്തിനെന്തൊരു ചന്തം'

അതുപോലൊരു ഞെട്ടിക്കലായിരുന്നു നൈജീരിയ 98 ലെ ഫ്രാൻസ് ലോകകപ്പിൽ സ്പെയിനെ തോൽപിച്ച കളി. തൊട്ടുമുമ്പത്തെ തവണ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച നൈജീരിയ അന്ന് അവസാന പതിനാറിൽ എത്തിയിരുന്നു. പക്ഷേ അപ്പോഴും കരുത്തൻമാരുടെ നിരയുമായി എത്തുന്ന സ്പെയിന് ഒത്ത എതിരാളികളായി അവരെ ആരും കണ്ടിരുന്നില്ല, തകർപ്പൻ കളിക്കൊടുവിൽ രണ്ടിന് എതിരെ മൂന്ന് ഗോളുകൾക്ക് സ്പാനിഷ് പടയെ വീഴ്ത്തി ചരിത്രം കുറിച്ചു.

ലോകകപ്പ് വേദികളിൽ ലാറ്റിനമേരിക്കയുടെയോ യൂറോപ്പിന്‍റെയോ ഒക്കെ പ്രതാപത്തിന് അടുത്തുവരില്ല ഏഷ്യക്കാർ. പക്ഷേ അതിന് അഹങ്കരിക്കണ്ട എന്നും പ്രവചനാതീതം എന്നതാണ്  ഫുട്ബോളിന്‍റെ സൗന്ദര്യത്തിന്‍റെ അടിസ്ഥാനം തന്നെയെന്നും ഇടക്കിടെ ഏഷ്യൻ പ്രതിനിധികൾ ഓർമപ്പെടുത്താറുണ്ട്. അതിൽ മുന്നിൽ നിൽക്കുന്നത് കൊറിയയാണ്. രണ്ടു കൊറിയക്കുമുണ്ട് അതിൽ സ്ഥാനം. 1966 ൽ വടക്കൻ കൊറിയ ഇറ്റലിയെ തോൽപിച്ചു. 2002 ൽ ഇറ്റലിയെയും 2018 ൽ ജമർനിയേയും തോൽപിച്ചു തെക്കൻ കൊറിയ. രണ്ട് വട്ടം കിരീടം ഉയർത്തിയിട്ടുള്ള ചരിത്രവുമായിട്ടാണ് 66 ൽ ഇറ്റലി ഇംഗ്ലണ്ടിലെത്തിയത്. അന്നവർ ഗ്രൂപ്പ് മത്സരത്തിൽ തന്നെ വീണുപോയി. അതിന് വഴിവെച്ചതോടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ആദ്യമായി ലോകകപ്പിനെത്തുന്ന വടക്കൻ കൊറിയയോട് തോറ്റത്. വിജയഗോളടിച്ചത് പാക് ദൂ ഇക്. പിന്നെ 2010 ലെ വടക്കൻ കൊറിയ ലോകകപ്പ് വേദിയിൽ എത്തിയിട്ടുള്ളൂ. അവരുടെ അയൽക്കാർ ഇറ്റലിയെ ഞെട്ടിച്ചത് 2002 ലാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്. അന്ന് അവസാന പതിനാറുകാരായി ഏറ്റുമുട്ടിയ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ വിജയഗോളടിച്ചത് ഇറ്റാലിയൻ ക്ലബ് മത്സരങ്ങളിൽ കളിച്ച് ശീലിച്ചിട്ടുള്ള അൻ ജങ് ഹ്വാൻ (Ahn Jung hwan). പ്രബലരായ ജർമനിയെ കൊറിയക്കാർ ഞെട്ടിച്ചത് ഇക്കഴിഞ്ഞ ലോകകപ്പിലാണ്. ഗ്രൂപ്പ് മത്സരങ്ങൾ താണ്ടാതെ ജർമനി നാട്ടിലേക്ക് മടങ്ങിയത് 1938 ന് ശേഷം ഇതാദ്യം. മറുപടിയില്ലാത്ത രണ്ട് ഗോളിന്. ആദ്യം കിം യങ് ഗ്വോൺ (Kim Young gwon), പിന്നെ അവിശ്വസനീയമായ കളിയുടെ നിരാശയും സമ്മർദവും പേറി മൈതാനത്തെ അതിർത്തി കടന്നു വന്ന മാനുവൽ നോയറെ പിന്തള്ളി സൻ ഹ്യുങ് മിൻ (Son Heung min). ജർമനി മറക്കാനാഗ്രഹിക്കുന്ന ദിവസമാണ് അത്.

ലോകകകപ്പ് വേദികളിൽ എപ്പോഴും എക്കാലത്തും ഫേവറിറ്റുകളായ ഏറ്റവും കിരീടം ചൂടിയിട്ടുള്ള ഏറ്റവും അധികം ആരാധകരുള്ള ബ്രസീലും നേരിട്ടിട്ടുണ്ട് അപ്രതീക്ഷിതമായ തോൽവികൾ. 1930ൽ യുഗോസ്ലേവിയ തോൽപിച്ചതാണ് ആ പട്ടികയിലെ ആദ്യത്തേത്. ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വിജയം 1998 ൽ നോർവെ കുറിച്ചത് കരുത്തൻമാരെ തോൽപ്പിച്ചായിരുന്നു. അന്ന് തൊട്ടിങ്ങോട്ട് ലോകകപ്പിന് യോഗ്യത നേടി മത്സരിക്കാൻ വീണ്ടും എത്താൻ കഴിയുന്ന അവസരം കാതോർത്ത് കഴിയുന്ന നോർവെക്ക് എന്നും ഓർക്കാനുള്ള ഒരേട്. നോർവെയോട് 2-1ന് തോറ്റത് ബ്രസീൽ മറക്കാനാഗ്രഹിക്കുന്ന ചരിത്രവും.

അതുപോലെ തന്നെയാണ് അമേരിക്കയുടെ ഒരു നേട്ടവും. ഫുട്ബോളിൽ പ്രത്യേകിച്ച് ലോകപ്പ് വേദികളിൽ വലിയ അത്ഭുതമൊന്നും കാട്ടിയിട്ടില്ലാത്ത അമേരിക്ക പക്ഷേ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നിന്‍റെ പേരിൽ ലോകകപ്പ് ചരിത്രത്തിലിടം നേടിയിട്ടുണ്ട്. 1950ൽ ബ്രസീലിൽ നടന്ന ടൂർണമെന്റിലായിരുന്നു ആ അവിസ്വസനീയ വിജയം അവ‍ർ നേടിയത്. Joe Gaetjens നേടിയ ഒരൊറ്റ ഗോളിൽ ടൂർണമെന്‍റിന്‍റെ ഫേവറിറ്റുകളായിരുന്ന ഇംഗ്ലണ്ടിനെ അവർ തോൽപിച്ചു. പിന്നെ ഒരു പാടു കളിച്ചില്ലെങ്കില്ലെന്താ, കിരീടം കിട്ടിയില്ലെങ്കിലെന്താ.....ആ ഒരു ജയം മാത്രം മതി വരുംതലമുറകൾക്ക് പാടിനടക്കാൻ. ഗോലിയാത്തിനെ തോൽപിച്ച ദാവൂദിന്‍റെ കഥകൾ ഇവിടെ തീരുന്നില്ല. ഇക്കഴിഞ്ഞ ലോകകപ്പിൽ സ്പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഞെട്ടിച്ച് ക്വാർട്ടറിലേക്ക് മുന്നേറിയ റഷ്യ, 2014 ൽ മുൻചാമ്പ്യൻമാരായ ഇറ്റലിയേയും ഉറുഗ്വെയും തോൽപിച്ച് മുന്നേറിയ കോസ്റ്റാറിക്ക, 1958 ൽ കരുത്തൻമാരായ ഹംഗറിയെ ഞെട്ടിച്ച വെയ്ൽസ് അങ്ങനെ ക്ഷാമമില്ലാത്ത ഞെട്ടിക്കൽ കഥകൾക്ക് ഇനിയുമെത്ര കൂട്ടിച്ചേർക്കലുകൾ സമ്മാനിക്കും ഖത്തർ എന്ന് കാത്തിരിക്കാം.

click me!