
മയാമി: അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്‍റർ മയാമി അർജന്റൈൻ ഇതിഹാസം ലിയോണൽ മെസിയെ ഇന്ന് ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. ഇന്ത്യന്‍ സമയം നാളെ പുലർച്ചെ അഞ്ചരയ്ക്കാണ് പരിപാടികൾ തുടങ്ങുക. മെസിയുടെ അവതരണത്തിന്‍റെ ടെലിവിഷന്‍ സംപ്രേഷണം ഇന്ത്യയിലുണ്ടാവില്ല. എന്നാല്‍ മേജർ ലീഗ് സോക്കറിന്‍റെയും ഇന്‍റർ മയാമിയുടേയും സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ, പ്രത്യേകിച്ച് യൂട്യൂബിലൂടെ പരിപാടി തല്‍സമയം ആരാധകരിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
മെസി തരംഗത്തിലാണ് അമേരിക്ക. ലോകത്തിലെ ഏറ്റവും മികച്ച താരത്തിന്‍റെ വരവ് മേജർ ലീഗ് സോക്കറിനെ ഫുട്ബോൾ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാക്കിക്കഴിഞ്ഞു. ഇതുകൊണ്ടുതന്നെ ലിയോണൽ മെസിയെ ഇന്‍റർ മയാമി ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് വലിയ ആഘോഷത്തോടെയാണ്. മെസിക്കൊപ്പം ബാഴ്സലോണ വിട്ടെത്തുന്ന സെർജിയോ ബുസ്കറ്റ്സിയും ഇന്‍റർ മയാമി ആരാധകർക്ക് മുന്നിലെത്തിക്കും. 'ദി അൺവീൽ' എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. ഇന്‍റർ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി ആർ വി പിങ്ക് സ്റ്റേഡിയത്തിൽ ഷക്കീറ, ബാഡ് ബണ്ണി തുടങ്ങിയവരുടെ സംഗീതവിരുന്നുമുണ്ടാവും.
പിഎസ്‍ജിയിലെ രണ്ട് വർഷ കരാർ പൂർത്തിയാക്കിയാണ് ലിയോണല്‍ മെസി, ഡേവിഡ് ബെക്കാമിന്‍റെ സഹ ഉടമസ്ഥതയിലുള്ള ഇന്‍റർ മയാമിയിൽ എത്തിയത്. 492 കോടി രൂപയാണ് മെസിയുടെ വാർഷിക പ്രതിഫലം. മെസിക്ക് 2025 സീസണിന്‍റെ അവസാനം വരെ ഇന്‍റർ മയാമിയുമായി കരാറുണ്ടാകും. വെള്ളിയാഴ്ച ക്രൂസ് അസുളിനെതിരെയാണ് ഇന്‍റർ മയാമിയിൽ മെസിയുടെ അരങ്ങേറ്റ മത്സരം. കരിയറിലെ പുതിയ ചുവടുവെപ്പായി അമേരിക്കയിലെ ഇന്‍റർ മയാമിയിലേക്ക് ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് ലിയോണല്‍ മെസി പറഞ്ഞു. മെസി മേജർ ലീഗ് സോക്കറിലേക്ക് വരുന്നതിന്‍റെ സന്തോഷം ഇന്‍റർ മയാമി സഹ ഉടമ ഡേവിഡ് ബെക്കാമും ടൂർണമെന്‍റ് സംഘാടകരും പങ്കുവെച്ചിട്ടുണ്ട്.
Read more: മെസി അങ്ങനെ ഇന്‍റർ മയാമി താരം, ഔദ്യോഗിക പ്രഖ്യാപനം; വമ്പന്‍ കരാറിലെ വിവരങ്ങള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!