
റിയാദ്: സ്റ്റേഡിയത്തില്‍ മെസി ചാന്‍റ് ഉയര്‍ത്തിയ അല്‍ ഹിലാല്‍ ആരാധകരോട് കയര്‍ത്ത് അല്‍ നസ്ര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. റിയാദ് സീസണ്‍ കപ്പ് ഫൈനലിനിടെ അല്‍ നസ്‌റിനായി റൊണാള്‍ഡോ ഗ്രൗണ്ടിലിറങ്ങിയപ്പോഴായിരുന്നു അല്‍ ഹിലാല്‍ ആരാധകര്‍ സ്റ്റേഡിയത്തിലിരുന്ന് മെസി ചാന്‍റ് ഉയര്‍ത്തിയത്.
ആരാധകര്‍ക്കു നേരെ തിരിഞ്ഞ റൊണാള്‍ഡോ ഞാനാണിവിടെ കളിക്കുന്നതെന്നും മെസി അല്ലെന്നും ഉറക്കെ വിളിച്ചു പറയുന്നതിന്‍റെ വീഡിയോ ആണ് പുറത്തുവന്നത്. മത്സരത്തില്‍ അല്‍ ഹിലാല്‍ അല്‍ നസ്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചിരുന്നു. 90 മിനിറ്റും അല്‍ നസ്റിനായി ഗ്രൗണ്ടിലുണ്ടായിട്ടും മത്സരത്തില്‍ റൊണാള്‍ഡോക്ക് ഗോളവസരങ്ങളൊന്നും ഒരുക്കാനായിരുന്നില്ല.നാലു ഷോട്ടുകള്‍ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ഒന്നു പോലും ഗോളാക്കാന്‍ താരത്തിനായില്ല.
മൂന്ന് തവണ ഓഫ് സൈഡായ റൊണാള്‍ഡോ ഫ്രീ കിക്ക് നല്‍കിയതിന് പന്ത് തട്ടിയകറ്റിയതിന് മഞ്ഞക്കാര്‍ഡ് കാണുകയും ചെയ്തു. മത്സരം കഴിഞ്ഞ് മടങ്ങുമ്പോള്‍ റൊണാള്‍ഡോ ടണലിലേക്ക് കയറുന്നതിന് തൊട്ടു മുമ്പ് ല്‍ ഹിലാല്‍ ആരാധകര്‍ റൊണാള്‍ഡോക്ക് നേരെ ടവലുകള്‍ വലിച്ചെറിഞ്ഞു. അതിലൊരു ടവല്‍ എടുത്ത് തന്‍റെ സ്വകാര്യഭാഗത്ത് തുടച്ചശേഷം വലിച്ചെറിയുകയും ചെയ്തു.
റിയാദ് സീസണ്‍ കപ്പില്‍ ലിയോണല്‍ മെസിയുടെ ഇന്‍റര്‍ മിയാമിയും അല്‍ നസ്റും തമ്മിലുള്ള മത്സരത്തില്‍ റൊണാള്‍ഡോക്ക് പരിക്കുമൂലം കളിക്കാനായിരുന്നില്ല. രണ്ട് ഇതിഹാസ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന രീതിയില്‍ വലിയ ആരാധക ശ്രദ്ധ നേടിയ മത്സരത്തില്‍ പക്ഷെ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയിട്ടും അല്‍ നസ്ര്‍ ഇന്‍റര്‍ മിയാമിയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചിരുന്നു. എ എഫ് സി ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളിലാണ് അല്‍ നസ്‍ര്‍ ഇനി കളിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!