ഇന്ത്യന്‍ ടീമില്‍ ആരുടെയും പകരക്കാരനാവാനില്ല: സഞ്ജു സാംസണ്‍

By Web TeamFirst Published Aug 24, 2020, 8:56 PM IST
Highlights

ധോണി വിരമിച്ചതോടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യതകള്‍ തെളിയുന്നുണ്ടോ എന്ന ചോദ്യത്തിനാണ് താന്‍ ആരുടെയും പകരക്കാരനാവാനില്ലെന്ന് സഞ്ജു വ്യക്തമാക്കിയത്. ഞങ്ങളെല്ലാവരും രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കാനാണ് കളിക്കുന്നതെന്നും സഞ്ജു പറഞ്ഞു.

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആരുടെയും പകരക്കാരനാവില്ലെന്നും എല്ലാവരും രാജ്യത്തിനായി കളി ജയിക്കാനായാണ് എല്ലായ്പ്പോഴും ശ്രമിക്കുന്നതെന്നും രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച എം എസ് ധോണി താനടക്കമുള്ള നിരവധിപേര്‍ക്ക് പ്രചോദനമാണെനന്നും ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു വ്യക്തമാക്കി.

ബംഗ്ലാദേശിനെതിരെ രാജ്യത്തിനായി ആദ്യ മത്സരം കളിക്കാന്‍ ഇറങ്ങിയതുമുതല്‍ ധോണി ഭായി ഞങ്ങളെപ്പോലെയുള്ള അനേകം പേര്‍ക്ക് പ്രചോദനമാണ്. അതിനുശേഷം അദ്ദേഹം പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടി. അദ്ദേഹത്തിന്റെ വിജയം എനിക്ക് അധിക ഉത്തേജനം നല്‍കാറുണ്ട്. കാരണം റാഞ്ചിപോലെ ചെറിയൊരു പട്ടണത്തില്‍ നിന്ന് വന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മഹാന്‍മാരുടെ നിരയിലേക്ക് ഉയര്‍ന്ന താരമാണ് അദ്ദേഹം. ഞാനാകട്ടെ കേരളം പോലെ ചെറിയൊരു സംസ്ഥാനത്തുനിന്ന് വരുന്ന കളിക്കാരനാണ്. ചരിത്രത്തില്‍ ഈ രണ്ട് സ്ഥലങ്ങള്‍ക്കും ക്രിക്കറ്റില്‍ വലിയ പശ്ചാത്തലങ്ങളൊന്നുമില്ല.

ധോണി വിരമിച്ചതോടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യതകള്‍ തെളിയുന്നുണ്ടോ എന്ന ചോദ്യത്തിനാണ് താന്‍ ആരുടെയും പകരക്കാരനാവാനില്ലെന്ന് സഞ്ജു വ്യക്തമാക്കിയത്. ഞങ്ങളെല്ലാവരും രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കാനാണ് കളിക്കുന്നതെന്നും സഞ്ജു പറഞ്ഞു.

ഇത്തവണ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കടലാസില്‍ കരുത്തരാണ്. അത് ഗ്രൗണ്ടിലും പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്നതിന്റെ നിരാശ മാറ്റാന്‍ ഇത്തവണ കിരീടം തന്നെയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. കരിയറിന്റെ ഭൂരിഭാഗം സമയവും രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു എന്നത് എന്റെ ഭാഗ്യമായാണ് കരുതുന്നത്. കാരണം കരിയറിന്റെ തുടക്കം മുതല്‍ പരാജപ്പെടാനുള്ള സ്വാതന്ത്ര്യവും എനിക്ക് ഇവിടെ ലഭിച്ചിരുന്നു. സുബിന്‍ ബറൂച്ചയെയും രാഹുല്‍ ദ്രാവിഡിനെയും പാഡി അപ്ടണെയും പോലുള്ളവര്‍ കരിയറില്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു.

click me!