ഇന്ത്യക്ക് കോപ അമേരിക്ക കളിക്കാന്‍ ക്ഷണം; മറുപടി നല്‍കാതെ എഐഎഫ്എഫ്

By Web TeamFirst Published Feb 25, 2021, 12:10 PM IST
Highlights

കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയിലും കൊളംബിയയിലുമായി നടക്കാനിരുന്ന കോപ്പാ അമേരിക്കയാണ് കോവിഡിനെത്തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് നീട്ടയത്.

ബ്യൂണസ് ഐറിസ്: ഈ വര്‍ഷം നടക്കാനിരിക്കുന്ന കോപ അമേരിക്ക ഫുട്‌ബോളില്‍ നിന്ന് അതിഥി രാജ്യങ്ങളായ ഖത്തറും ഓസ്‌ട്രേലിയയും പിന്‍മാറി. ഇതേസമയം ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നടക്കാനുണ്ടെന്ന കാരണത്താലാണ് പിന്‍മാറ്റം. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയിലും കൊളംബിയയിലുമായി നടക്കാനിരുന്ന കോപ്പാ അമേരിക്കയാണ് കോവിഡിനെത്തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് നീട്ടയത്.

ഈ വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 10 വരെ മത്സരങ്ങള്‍ നടക്കുക. ഓസ്‌ട്രേലിയയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഖത്തറിന്റെ ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളും ഈ സമയത്താണ് നടക്കുന്നത്. 12 രാജ്യങ്ങളാണ് കോപ്പാ അമേരിക്കയില്‍ കളിക്കുക. 10 ലാറ്റനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമെ രണ്ട് അതിഥി ടീമുകളുമുണ്ടാകും. ഖത്തറും ഓസ്‌ട്രേലിയയും പിന്മാറിയതോടെ പകരം രണ്ട് ടീമുകളെ ഉള്‍പ്പെടുത്തിയേക്കും.

എന്നാല്‍ ഓസ്‌ട്രേലിയക്ക് പകരം ഇന്ത്യ ടൂര്‍ണമെന്റിന്റെ ഭാഗമായേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുന്നുണ്ട്. ഫുട്‌ബോള്‍ ഓസ്‌ട്രേലിയ തന്നെയാണ് ഇന്ത്യയുടെ പേര് നിര്‍ദേശിച്ചതെന്നാണ് അറിയുന്നത്. പിന്നാലെ ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനുമായി സംസാരിച്ചെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. 

ഇന്ത്യ ടൂര്‍ണമെന്റിന്റെ ഭാഗമാവണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും കുശാല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ല. ഇന്ത്യക്കും ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്.

click me!