കോപ്പ അമേരിക്കയ്‌ക്ക് പകരംവീട്ടി പെറു; ബ്രസീലിന് 17 ജയങ്ങള്‍ക്കൊടുവില്‍ അപ്രതീക്ഷിത തോല്‍വി

By Web TeamFirst Published Sep 11, 2019, 11:47 AM IST
Highlights

തുടര്‍ച്ചയായ 17 ജയങ്ങള്‍ക്ക് ശേഷം ബ്രസീലിന് ആദ്യ തോല്‍വി. കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് പകരംവീട്ടുകയായിരുന്നു പെറു. 

ലോസ് ഏയ്ഞ്ചലസ്: കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് ബ്രസീലിനോട് പകരംവീട്ടി പെറു. സൗഹൃദ മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരെ എതിരില്ലാത്ത ഒരു ഗോളിനാണ് പെറു മുട്ടുകുത്തിച്ചത്. നെയ്‌മര്‍, കുടീഞ്ഞോ, ഫിര്‍മിനോ, റിച്ചാര്‍ലിസണ്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഇറങ്ങിയിട്ടും ബ്രസീല്‍ തോല്‍വി വഴങ്ങുകയായിരുന്നു. 85-ാം മിനുറ്റില്‍ പ്രതിരോധ താരം ലൂയിസ് അബ്രഹാമിന്‍റെ ഹെഡറിലൂടെയാണ്  പെറുവിന്‍റെ വിജയഗോള്‍. 

കൊളംബിയയോട് സമനില വഴങ്ങിയ ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് ബ്രസീല്‍ ഇറങ്ങിയത്. സൂപ്പര്‍ താരം നെയ്‌മര്‍ക്ക് ബഞ്ചിലായിരുന്നു സ്ഥാനം. അല്‍വസിനും സില്‍വയ്‌ക്കും അര്‍തറിനും പകരം നെരസും മിലിറ്റാവോയും അലനും ആദ്യ ഇലവനിലെത്തി. നെയ്‌മര്‍ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയെങ്കിലും വല ചലിപ്പിക്കാനായില്ല. 

ജൂലൈയില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് പെറുവിനെ തോല്‍പിച്ചാണ് ബ്രസീല്‍ കോപ്പ അമേരിക്ക കിരീടം ഒന്‍പതാം തവണയും നേടിയത്. 2018 ലോകകപ്പിന് ശേഷം ബ്രസീലിന്‍റെ ആദ്യ തോല്‍വിയാണിത്. തുടര്‍ച്ചയായി 17 മത്സരങ്ങള്‍ ജയിച്ചുള്ള കാനറിക്കുതിപ്പിന് ഇതോടെ വിരാമമായി. ഒക്‌ടോബറില്‍ തായ്‌ലന്‍റിനും സിംഗപ്പൂരിനും എതിരെ ബ്രസീല്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കും. അടുത്ത മാസം ഉറുഗ്വെയ്‌ക്കെതിരെ പെറുവിന് മത്സരമുണ്ട്.   

click me!