Latest Videos

ഐഎസ്എല്ലില്‍ പോരാട്ടച്ചൂട്; ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ ഗോവ

By Web TeamFirst Published Jan 29, 2020, 9:42 AM IST
Highlights

ഹോം ഗ്രൗണ്ടിൽ ഇതുവരെ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസവുമായാണ് ഒഡീഷ ഇറങ്ങുന്നത്

ഭുവനേശ്വര്‍: ഐഎസ്എല്ലിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്താൻ എഫ്‌സി ഗോവ ഇന്നിറങ്ങുന്നു. നാലാം സ്ഥാനത്തുള്ള ഒഡീഷ എഫ്‌സിയാണ് ഗോവയുടെ എതിരാളികൾ. വൈകിട്ട് ഏഴരയ്‌ക്ക് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. ഹോം ഗ്രൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ഗോവ എതിരില്ലാത്ത മൂന്ന് ഗോളിന് ഒഡീഷയെ തകർത്തിരുന്നു.

ബ്രാണ്ടൻ ഫെർണാണ്ടസ്, ഫെറാൻ കോറോമിനാസ്, ഹ്യൂഗോ ബൗമസ് ത്രയത്തിലാണ് ഗോവയുടെ പ്രതീക്ഷ. 14 കളിയിൽ 27 പോയിന്റുമായി എടികെയ്‌ക്ക് ഒപ്പമാണെങ്കിലും ഗോവ ഗോൾശരാശരിയിൽ രണ്ടാം സ്ഥാനത്താണ്. ഒഡീഷയ്‌ക്ക് 21 പോയിന്റാണുള്ളത്. ഗോവ ആകെ ഇരുപത്തിയെട്ട് ഗോൾ നേടിയപ്പോൾ പതിനെട്ട് ഗോൾ വഴങ്ങി. ഒഡീഷ പത്തൊൻപത് ഗോൾ നേടിയപ്പോൾ അത്രയുംതന്നെ ഗോൾ വഴങ്ങിയിട്ടുണ്ട്. എങ്കിലും ഹോം ഗ്രൗണ്ടിൽ ഇതുവരെ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസവുമായാണ് ഒഡീഷ ഇറങ്ങുന്നത്. 

പ്ലേ ഓഫ് ഫിക്‌സ്‌ചർ പുറത്ത്

ഐഎസ്എല്ലിലെ പ്ലേ ഓഫ് മത്സരങ്ങളുടെ ഫിക്‌സ്‌ചർ പുറത്തിറക്കി. ആദ്യപാദ സെമിഫൈനൽ ഫെബ്രുവരി ഇരുപത്തിയൊൻപതിനും മാ‍ർച്ച് ഒന്നിനും രണ്ടാപാദ സെമിഫൈനൽ മാർച്ച് ഏഴിനും എട്ടിനും നടക്കും. മാർച്ച് 14നാണ് ഫൈനൽ. ഫൈനൽ നടക്കുന്ന വേദി പിന്നീട് പ്രഖ്യാപിക്കും. പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന ആദ്യ നാല് ടീമുകളാണ് സെമിയിലെത്തുക. നിലവിൽ എടികെ, എഫ്‌സി ഗോവ, നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു എഫ്‌സി എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 

click me!