ആഷിഖ് കുരുണിയന്റെ പിഴവില്‍ ബംഗലൂരുവിനെതിരെ ഗോവയ്ക്ക് സമനില

By Web TeamFirst Published Oct 28, 2019, 10:39 PM IST
Highlights

കൊറോമിനാസിനെ കുരുണിയിന്‍ ബോക്സില്‍ വീഴ്ത്തിയതിന് റഫറി പെനല്‍റ്റി അനുവദിച്ചു. ലക്ഷ്യം തെറ്റാതെ കൊറോമിനാസ് ഗോവയെ ഒപ്പമെത്തിക്കുകയും ചെയ്തു.

പനജി: ഐഎസ്എല്ലില്‍ കരുത്തരുടെ പോരാട്ടത്തില്‍ ബംഗലൂരുവിനും ഗോവയ്ക്കും ആവേശസമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചു. 62-ാം മിനിറ്റില്‍ ഉദാന്ത സിംഗിലൂടെ ബംഗലൂരുവാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഫെറാന്‍ കോറോമിനാസ് നേടിയ പെനല്‍റ്റി ഗോളില്‍ ഗോവ സമനില പിടിച്ചു. സമനിലയോടെ ഗോവ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം കാത്തപ്പോള്‍ തുടര്‍ച്ചയായ രണ്ടാം സമനില വഴങ്ങിയ ബംഗലൂരു ഏഴാം സ്ഥാനത്തായി.

ആദ്യം പത്തുമിനിറ്റില്‍ തന്നെ ആവേശപ്പോരാട്ടമാണ് ഗ്രൗണ്ടില്‍ കണ്ടത്. ഇരു ടീമിന്റെ ഗോള്‍ കീപ്പര്‍മാര്‍ നിരവധി തവണ പരീക്ഷിക്കപ്പെട്ടു. എന്നാല്‍ പിന്നീട് ഇരു ടീമുകളും കരുതലോടെ കളി മുന്നോട്ട് കൊണ്ടുപോയി. രണ്ടാം പകുതിയില്‍ ആധിപത്യം നേടിയിട്ടും ഗോവയ്ക്ക് ഗോളിലേക്ക് ലക്ഷ്യം വെക്കാനായില്ല. കളിയുടെ ഗതിക്ക് വിപരീതമായി 62-ാം മിനിറ്റില്‍ ഉദാന്ത സിംഗ് ബംഗലൂരുവിനെ മുന്നിലെത്തിക്കുകയും ചെയ്തു.

എന്നാല്‍ സമനിലക്കായി അവസാന മിനിറ്റുകളില്‍ രണ്ടും കല്‍പിച്ച് പോരാടിയ ഗോവക്ക് മലയാളി താരം ആഷിഖ് കുരുണിയന്റെ പിഴവ് പിടിവള്ളിയായി. കൊറോമിനാസിനെ കുരുണിയിന്‍ ബോക്സില്‍ വീഴ്ത്തിയതിന് റഫറി പെനല്‍റ്റി അനുവദിച്ചു. ലക്ഷ്യം തെറ്റാതെ കൊറോമിനാസ് ഗോവയെ ഒപ്പമെത്തിക്കുകയും ചെയ്തു.

click me!