ചെന്നൈയിലും രക്ഷയില്ല; ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

By Web TeamFirst Published Dec 20, 2019, 9:34 PM IST
Highlights

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സിനെ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സി തോല്‍പിച്ചു

ചെന്നൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ചെന്നൈയിലും രക്ഷയില്ല. മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. ആദ്യ പകുതിയിലായിരുന്നു നാല് ഗോളുകളും പിറന്നത്. 

ഓഗ്‌ബെച്ചേ ഗോളോടെ തിരിച്ചെത്തി, പക്ഷേ!

ആദ്യ പകുതിയില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ ഗോള്‍മഴയാണ് കണ്ടത്. ചെന്നൈയിന്‍ സ്വന്തം തട്ടകത്തില്‍ നാലാം മിനുറ്റില്‍തന്നെ മുന്നിലെത്തി. ആന്ദ്രേയാണ് മലയാളി ഗോളി ടി പി രഹനേഷിനെ മറികടന്ന് ചെന്നൈയിനെ മുന്നിലെത്തിച്ചത്. പരിക്ക് മാറിയെത്തിയ നായകന്‍ ബെര്‍ത്തലോമ്യ ഒഗ്‌ബെച്ചേയിലൂടെ 14-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. എന്നാല്‍ മുപ്പതാം മിനുറ്റില്‍ ചാങ്തേയും 40-ാം മിനുറ്റില്‍ വാല്‍സ്‌കിസും വലകുലുക്കിയതോടെ ചെന്നൈയിന്‍റെ ലീഡോടെ(3-1) ഇടവേളക്ക് പിരിയുകയായിരുന്നു.

രണ്ടാം പകുതിയിലും രക്ഷയില്ല...

പരിക്കേറ്റ് ഒക്‌ബെച്ചേ രണ്ടാം പകുതിയുടെ തുടക്കത്തിലെ കളംവിട്ടത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദ് 63-ാം മിനുറ്റില്‍ കളത്തിലിറങ്ങി. 75-ാം മിനുറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള സഹലിന്‍റെ ഷോട്ട് ഗോള്‍‌ബാറിന് അല്‍പം മുകളിലൂടെ കടന്നുപോയി. 83-ാം മിനുറ്റില്‍ മെസ്സിയുടെ മറ്റൊരു ഗോള്‍ ശ്രമവും പാളി. 86-ാം മിനുറ്റില്‍ പെനാല്‍റ്റിക്കായി മെസ്സി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി ഗൗനിച്ചില്ല. ആറ് മിനുറ്റ് അധികസമയം ലഭിച്ചിട്ടും ബ്ലാസ്റ്റേഴ്‌സിന് നിരാശയായിരുന്നു ഫലം. 

click me!