ആരാധകര്‍ കാത്തിരുന്ന മിന്നും സൈനിംഗ്: അർജന്റീനിയൻ പ്ലേമേക്കർ ഫകുണ്ടോ പെരേയ്റാ ബ്ലാസ്റ്റേഴ്സിൽ

By Web TeamFirst Published Sep 2, 2020, 6:29 PM IST
Highlights

ഇന്ത്യയിലെ ഏറ്റവും ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി കരാറിലെത്തുന്നത് ഒരു പദവിയായി കാണുന്നതായി താരം.

കൊച്ചി: ഐഎസ്എൽ ഏഴാം സീസണിൽ ആരാധകര്‍ ദിവസങ്ങളെണ്ണി കാത്തിരുന്ന സൈനിംഗ് പൂര്‍ത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കളി മെയ്യുന്നതിന് പേരുകേട്ട അർജന്റീനിയൻ താരം ഫകുണ്ടോ എബെൽ പെരേയ്റാ ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തി. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ വിദേശതാരമാണ് ഫകുണ്ടോ പെരേയ്റ. താരം മഞ്ഞപ്പടയിലെത്തും എന്ന അഭ്യൂഹം ദിവസങ്ങളായി ട്രാന്‍സ്‌ഫര്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു.  

അർജന്റീനയിലെ തുറമുഖ നഗരമായ സരാട്ടെ സ്വദേശിയായ പെരേയ്റ അമേച്വർ ടീമായ എസ്റ്റുഡിയന്റ്സ് ഡി ബ്യൂണസ് അയേഴ്സിലാണ് തന്റെ ഔദ്യോഗിക ഫുട്ബാൾ ജീവിതം ആരംഭിച്ചത്. 2006 മുതൽ 2009 വരെ അവിടെ തുടർന്ന അദ്ദേഹം ലോണിൽ ചിലിയൻ ഫുട്ബോൾ ക്ലബ്ബായ പലസ്തീനോയിലേക്ക് എത്തപ്പെടുകയും ടീമിനായി ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് അസിസ്റ്റുകളും  ഒരു ഗോളും നേടി.

തുടർ വർഷങ്ങളിൽ  ചിലിയൻ, മെക്സിക്കൻ, അർജന്റീനിയൻ ലീഗുകളിൽ മാറി മാറി മാറ്റുരച്ച അദ്ദേഹം പിന്നീട് ഗ്രീക്ക് ക്ലബ്ബായ പിഎഒകെയ് ക്കായി (PAOK) ബൂട്ടണിഞ്ഞു. സ്ട്രൈക്കറായും ക്രിയേറ്റീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിയുന്ന പെരേയ്റയുടെ കരിയറിലെ ഏറ്റവും മികച്ച നീക്കമായി ആണ് അതിനെ വിലയിരുത്തുന്നത്. അന്നത്തെ പി‌എഒ‌കെ പരിശീലകൻ, 'ഫാനൂറിസ്' എന്ന് വിശേഷിപ്പിച്ച പെരേയ്റ മൂന്ന് വർഷം കൊണ്ട് രണ്ട് ലോണുകളിൽ നിന്നായി 14 തവണ ടീമിനായി വലചലിപ്പിച്ചിട്ടുണ്ട്. ഇടതുകാൽ കളിക്കാരനായ അദ്ദേഹം 2018ൽ അപ്പോളൻ ലിമാസ്സോളിൽ എത്തുകയും ക്ലബ്ബിനായി യോഗ്യത മത്സരങ്ങൾ ഉൾപ്പടെ 53 മത്സരങ്ങളിൽ നിന്നായി 14 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി. ബോക്സിൽ പെരേയ്റയുടെ ചടുലതയും അനുഭവവ പരിജ്ഞാനവും അർജന്റീനിയൻ നിലവാരവും സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് കരുത്താകും. 

"ഇന്ത്യയിലെ ഏറ്റവും ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി കരാറിലെത്തുന്നത് ഒരു പദവിയായി ഞാൻ കാണുന്നു. ഇന്ത്യയിൽ കളിക്കുക എന്നത് തന്നെ എന്റെ ഫുട്ബോൾ കരിയറിൽ ഏറ്റവും സന്തോഷകരവും ആശ്ചര്യം നിറഞ്ഞതുമാണ്. ഫുട്ബോളിന്റെ വികസനത്തിനായുള്ള ക്ലബ്ബിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിന്റെയും പദ്ധതികളും കേരളത്തെകുറിച്ചുള്ള രസകരമായ നിരവധി വസ്തുതകളും, പ്രത്യേകിച്ചും ആരാധകരും, ഫുട്ബോളിനോടുള്ള അവരുടെ അഭിനിവേശവും എന്നെ പ്രചോദിപ്പിച്ചു. ആരാധകർക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതരത്തിൽ ക്ലബ്ബിന്റെ വിജയത്തിനായി സാധ്യമായ എല്ലാ വഴികളിലൂടെയും ഞാൻ സംഭാവന നൽകും” ബ്ലാസ്റ്റേഴ്‌സുമായി കരാറൊപ്പിട്ടുകൊണ്ട് ഫകുണ്ടോ പെരേര പറഞ്ഞു.

"ഫകുണ്ടോ ഞങ്ങളുടെ ടീമിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. തെക്കേ അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി ഉന്നത ക്ലബ്ബുകളുടെ ഭാഗമായി ചില മുൻനിര ലീഗുകളിൽ കളിച്ച അദ്ദേഹം മികച്ച ഫുട്ബോൾ അനുഭവ സമ്പത്തുള്ള  കളിക്കാരനാണ്. വരാനിരിക്കുന്ന സീസണിലെ ഞങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തുന്നതിനും ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഒരു വൈവിധ്യമാർന്ന ഫുട്ബോൾ കളിക്കാരൻ കൂടിയാണ് ഫകുണ്ടോ” കെബിഎഫ്സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

click me!