
പനാജി: ഐഎസ്എല്ലില്‍(ISL 2021-22) ബെംഗളൂരു എഫ്‌സിക്കെതിരെ(Bengaluru Fc) കേരള ബ്ലാസ്റ്റേഴ്‌സിന്(Kerala Blasters Fc) സമനില. സീസണിലെ മൂന്നാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് 1-1ന് തുല്യത നേടുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സമനിലയോടെ മടങ്ങുന്നത്. ആഷിഖ് കുരുണിയന്‍റെ(Ashique Kuruniyan) ഗോളില്‍ മുന്നിലെത്തിയ ബിഎഫ്‌സി(BFC) ആഷിഖിന്‍റെ തന്നെ ഓണ്‍ഗോളില്‍ ജയം കൈവിടുകയായിരുന്നു.
മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദിന് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ സ്ഥാനം നല്‍കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ആക്രമണത്തില്‍ വാസ്‌കസിനെയും ലൂണയേയും നിയോഗിച്ച് 4-4-2 ശൈലിയിലാണ് ടീമിനെ അണിനിരത്തിയത് പരിശീലകന്‍ ഇവാൻ വുകോമനോവിച്ച്. മലയാളി താരം ആഷിഖ് കുരുണിയന്‍ ബെംഗളൂരു നിരയിലും ഇടംപിടിച്ചു. ഇരു ടീമുകളും ആക്രമിച്ച് കളിച്ചാണ് തുടങ്ങിയതെങ്കിലും ലക്ഷ്യം കാണാതെ ഗോള്‍രഹിതമായി ആദ്യപകുതി പിരിഞ്ഞു.
രണ്ടാംപകുതിയുടെ തുടക്കം ബിഎഫ്‌സിയുടെ ആക്രമണത്തോടെയായിരുന്നു. പന്ത് കാല്‍ക്കല്‍ വയ്‌ക്കുന്നതില്‍ തുടക്കത്തിലെ ശ്രദ്ധ കാട്ടിയ ബിഎഫ്‌സിക്ക് വല ചലിപ്പിക്കാന്‍ 84-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ വകഞ്ഞ് മലയാളി താരം ആഷിഖ് കുരുണിയന്‍ ഉതിര്‍ത്ത ഷോട്ട് തടുക്കാന്‍ ശ്രമിച്ച ആല്‍വിനോ ഗോമസിന് പിഴയ്‌ക്കുകയായിരുന്നു. പന്ത് കൈകളില്‍ തട്ടി വലയില്‍ കയറി. എന്നാല്‍ നാല് മിനുറ്റുകളുടെ ഇടവേളയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചുവന്നു.
ലെസ്‌കോവിച്ചിന്‍റെ ഷോട്ട് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ആഷിഖ് കുരുണിയന്‍റെ കാലില്‍ തട്ടി പന്ത് വലയിലായതോടെ ഗോള്‍നില 1-1 ആവുകയായിരുന്നു. അഞ്ച് മിനുറ്റ് അധിക സമയം ഇരു ടീമിനും മുതലാക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മത്സരങ്ങളില്‍ രണ്ട് സമനിലയുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. അതേസമയം ഒന്ന് വീതം ജയവും സമനിലയുമായി ബിഎഫ്‌സി മൂന്നാമതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!