
ഫറ്റോര്‍ദ: ഐഎസ്എൽ(ISL 2021-22) ആദ്യപാദ സെമിഫൈനലിൽ ജംഷെഡ്പൂർ എഫ് സിയെ നേരിടാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ(Jamshedpur FC vs Kerala Blasters) ആദ്യ ഇലവനായി. ലീഗ് ഘട്ടത്തില്‍ ഗോവക്കെതിരെ അവസാവ മത്സരം കളിച്ച ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് കോച്ച് ഇവാന്‍ വുകോമനോവിച്ച് ഇന്ന് മഞ്ഞപ്പടയെ ഇറക്കുന്നത്.
പ്രഭ്ശുഭാന്‍ ഗില്‍ ഗോള്‍വല കാക്കുക്കുമ്പോള്‍ സസ്പെന്‍ഷനിലായിരുന്ന ഹര്‍മന്‍ജ്യോത് ഖബ്ര ടീമില്‍ തിരിച്ചെത്തി. ലെസ്കോവിച്ച്, ഹോര്‍മിപാം സഞ്ജീവ് , പ്യൂട്ടിയ, ആയുഷ് അധികാരി, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ, ആല്‍വാരെ വാസ്ക്വേസ്, ജോര്‍ജെ പേരേര ഡയസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ ഇന്ന് പന്ത് തട്ടാനിറങ്ങുന്നത്.
ജീക്സണ്‍ സിംഗ്, മലയാളി താരം കെ പി രാഹുല്‍, വിന്‍സി ബരേറ്റോ എന്നിവര്‍ ഇന്ന് ആദ്യ ഇലവനിലില്ല. ചെഞ്ചേോയും പ്രശാന്തും സിപോവിച്ചും പകരക്കാരുടെ ബെഞ്ചിലാണിന്ന്.
ആദ്യപാദ സെമിയിൽ തന്നെ വ്യക്തമായ ലീഡ് നേടി ഫൈനലിലേക്ക് അടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെയും ജംഷെഡ്പൂർ എഫ്‌സിയുടെയും ലക്ഷ്യം. ലീഗ് റൗണ്ടിൽ 43 പോയിന്‍റുമായി ഒന്നാം സ്ഥാനത്തായിരുന്നു ജംഷെഡ്‌പൂർ. 34 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തും. ജംഷെഡ്‌പൂർ 42 ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിന്‍റെ അക്കൗണ്ടിലുള്ളത് 34 ഗോൾ.
അൽവാരോ വാസ്ക്വേസ്, അഡ്രിയൻ ലൂണ, ഹോർജെ പെരേര ഡിയാസ്, സഹൽ അബ്ദുൽ സമദ് എന്നിവരിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷ. നാലുപേരും ചേർന്ന് നേടിയത് 26 ഗോൾ. പത്ത് ഗോളും പത്ത് അസിസ്റ്റുമുള്ള ഗ്രെഗ് സ്റ്റുവർട്ടിനെയും എല്ലാ കളിയിലും ഗോളടിക്കുന്ന ഡാനിയേൽ ചിമയെയും തടഞ്ഞുനിർത്തുകയാവും ജംഷെഡ്‌പൂരിനെതിരെ ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന വെല്ലുവിളി.
ലീഗ് റൌണ്ടിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ബ്ലാസ്റ്റേഴ്സിന് ജയിക്കാനായില്ല. ആദ്യപാദത്തിൽ ഓരോഗോളടിച്ച് സമനില പാലിച്ചപ്പോൾ രണ്ടാംപാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു. ഇരുടീമും ആകെ ഏറ്റുമുട്ടിയത് പത്ത് കളിയിലാണ്. ഇതിലും മുൻതൂക്കം ജംഷെഡ്‌പൂരിന് തന്നെയാണ്. ജംഷെഡ്‌പൂർ മൂന്ന് കളിയിൽ ജയിച്ചപ്പോൾ, ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത് ഒറ്റ കളിയിൽ മാത്രം. ആറ് മത്സരം സമനിലയിൽ അവസാനിച്ചു. ജംഷെഡ്‌പൂർ പതിനാറും ബ്ലാസ്റ്റേഴ്സ് പന്ത്രണ്ടും ഗോൾ നേടിയിട്ടുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!