Kerala Blasters : പുതുവർഷാഘോഷത്തിന് മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തില്‍

By Web TeamFirst Published Jan 2, 2022, 8:19 AM IST
Highlights

ഐഎസ്എൽ ചരിത്രത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വ്യക്തമായ ആധിപത്യമുണ്ട് ആതിഥേയർക്ക്

വാസ്‌കോ ഡ ഗാമ: പുതുവർഷത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters Fc) ഇന്ന് ആദ്യ മത്സരം. ഐഎസ്എല്ലില്‍ (ISL 2021-22) വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ എഫ്‌സി ഗോവയാണ് (Fc Goa) എതിരാളികൾ. 

തോൽവിയറിയാതെ ഏഴ് മത്സരങ്ങളുമായെത്തുന്ന ബ്ലാസ്റ്റേഴ്‌സും തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം തിരിച്ചുവരുന്ന ഗോവയുമാണ് മുഖാമുഖം വരുന്നത്. പുതുവർഷത്തിൽ ഐഎസ്എല്ലിലെ ആദ്യ ജയം തന്നെയാകും ഇരുവരുടെയും ലക്ഷ്യം. എടികെ മോഹൻ ബഗാനോട് തോറ്റാണ് ഗോവ 2021 അവസാനിപ്പിച്ചതെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂരിനോട് സമനില വഴങ്ങി. ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തില്‍ മിന്നും ഫോമിലുള്ള സഹൽ അബ്ദുൾ സമദ് ഗോളടി തുടർന്നാൽ ഗോവയ്ക്ക് പ്രതിസന്ധിയാകും. 

ഐഎസ്എൽ ചരിത്രത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വ്യക്തമായ ആധിപത്യമുണ്ട് ആതിഥേയർക്ക്. 14 മത്സരങ്ങളിൽ ഒന്‍പത് ജയവും ഗോവയ്‌ക്ക് ഒപ്പമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് മൂന്ന് ജയം സ്വന്തമാക്കിയപ്പോൾ രണ്ട് കളി സമനിലയിലായി. 34 ഗോളുകൾ ഗോവ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് അടിച്ചത് 17 ഗോൾ മാത്രമെന്നതും കണക്കുകളിലെ വ്യത്യാസം അടിവരയിടുന്നു.

ഓരോ മത്സരവും ഫൈനല്‍: വുകോമനോവിച്ച്

കരുത്തരെ വീഴ്ത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതുവർഷത്തിലേക്ക് കടന്നത്. ഈ മികവ് വരും മത്സരങ്ങളിലും ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്നാണ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ പ്രതീക്ഷ. ഓരോ മത്സരവും ഫൈനലായി കണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നതെന്ന് വുകോമനോവിച്ച് വ്യക്തമാക്കി. മിഡ്‌സീസൺ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങൾ ടീമിലെത്താൻ സാധ്യതയില്ലെന്നും ബ്ലാസ്റ്റേഴ്‌‌സ് കോച്ച് പറഞ്ഞു.

വിദേശതാരങ്ങളെല്ലാം ടീമിൽ തുടരും. കളിക്കാരുടെ ഫിറ്റ്നസും എതിരാളികളേയും നോക്കിയാണ് ഗെയിംപ്ലാൻ തയ്യാറാക്കുന്നതെന്നും വുകോമനോവിച്ച് എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി പറ‌ഞ്ഞു.

EPL 2021-22 : ആഴ്‌സനലിനെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി, ഒന്നാം സ്ഥാനം ഭദ്രം ; ടോട്ടന്‍ഹാമിനും ജയം

click me!