ഐഎസ്എല്‍ കലാശപ്പോരില്‍ പെനാല്‍റ്റി മഴ; മത്സരം എക്‌സ്‌ട്രാടൈമിലേക്ക്

Published : Mar 18, 2023, 09:28 PM ISTUpdated : Mar 18, 2023, 09:32 PM IST
ഐഎസ്എല്‍ കലാശപ്പോരില്‍ പെനാല്‍റ്റി മഴ; മത്സരം എക്‌സ്‌ട്രാടൈമിലേക്ക്

Synopsis

മത്സരത്തില്‍ ഇതുവരെ പിറന്ന നാലില്‍ മൂന്ന് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍-ബെംഗളൂരു എഫ്‌സി ആവേശ ഫൈനല്‍ എക്‌സ്‌ട്രാടൈമിലേക്ക്. പൂര്‍ണസമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണിത്. മത്സരത്തില്‍ പിറന്ന നാലില്‍ മൂന്ന് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു. എടികെയ്‌ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ സുനില്‍ ഛേത്രിയും റോയ് കൃഷ്‌ണയുമാണ് ബിഎഫ്‌സിയുടെ സ്കോറര്‍മാര്‍. 

ആദ്യപകുതിയില്‍ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ഇരു ടീമും 45 മിനുറ്റിലും അഞ്ച് മിനുറ്റ് അധികസമയത്തും ഓരോ ഗോള്‍ വീതം അടിച്ചു. ഇരു ഗോളുകളും പെനാല്‍റ്റിയിലൂടെയായിരുന്നു. ആദ്യം എടികെ മോഹന്‍ ബഗാനായിരുന്നു മുന്നിലെത്തിയത്. ബിഎഫ്‌സിയുടെ സമനില ഗോള്‍ ഇഞ്ചുറിടൈമില്‍ പിറന്നതോടെ ആദ്യപകുതി ആവേശത്തോടെ പിരിഞ്ഞു. 

കിക്കോഫായി 14-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ദിമിത്രി പെട്രറ്റോസ് എടികെയെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ബോക്‌സില്‍ വച്ച് പന്ത് കൈകൊണ്ട് റോയ് കൃഷ്‌ണ തടുത്തതിനായിരുന്നു എടികെയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ദിമിത്രിക്ക് ഒരിഞ്ചുപോലും കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. ദിമിത്രിയുടെ മിന്നല്‍ കിക്ക് ഗുര്‍പ്രീതിന് തടുക്കാനാവാതെവന്നു. മത്സരം ഇടവേളയ്ക്ക് പിരിയുന്നതിന് നിമിഷങ്ങള്‍ മാത്രം മുമ്പ് ഇഞ്ചുറിസമയത്താണ്(45+) ബെംഗളൂരു എഫ്‌സിയുടെ സമനില ഗോള്‍ വന്നത്. പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ശുഭാശിഷ്, കൃഷ്‌ണയെ ഫൗള്‍ ചെയ്‌തതിന് റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. ബിഎഫ്‌സിക്കായി കിക്കെടുത്ത വിശ്വസ്‌ത താരം സുനില്‍ ഛേത്രി അനായാസം പന്ത് വലയിലെത്തിച്ചതോടെ മത്സരം 1-1ന് ഇടവേളയ്ക്ക് പിരിഞ്ഞു. ഫൈനല്‍ തുടങ്ങി നാലാം മിനുറ്റില്‍ ശിവശക്തി നാരായണന് പകരക്കാരനായി എത്തിയായിരുന്നു ഛേത്രിയുടെ വലകുലുക്കല്‍. 

ഓരോ ഗോളിന്‍റെ തുല്യത രണ്ടാംപകുതിയില്‍ ടീമുകളെ കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ പ്രേരിപ്പിച്ചു. 61-ാം മിനുറ്റില്‍ ലിസ്റ്റണിന്‍റെ ഗോളെന്നുറച്ച ഷോട്ട് ഗുര്‍പ്രീത് തട്ടിത്തെറിപ്പിച്ചു. റീബൗണ്ടില്‍ പെട്രറ്റോസിന്‍റെ ഉന്നംപാളി. ഇരു ടീമുകളും തുടര്‍ ആക്രമണങ്ങള്‍ പിന്നാലെ നടത്തിയപ്പോള്‍ 78-ാം മിനുറ്റില്‍ ഹെഡറിലൂടെ റോയ് കൃഷ്‌ണ ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. റോഷന്‍ സിംഗ് എടുത്ത കോര്‍ണര്‍ കിക്കില്‍ ഫാര്‍ പോസ്റ്റില്‍ ഉയര്‍ന്നുചാടിയായിരുന്നു റോയ്‌യുടെ ഹെഡര്‍. ഇതിന് മറുപടിയായി പെട്രറ്റോസ് 85-ാം മിനുറ്റില്‍ മത്സരത്തിലെ മൂന്നാം പെനാല്‍റ്റി ഗോളാക്കിയതോടെ 2-2 സമനിലയിലായി ടീമുകള്‍. ഇതിന് ശേഷം ടീമുകളുടെ ഫിനിഷിംഗിലെ നേരിയ പിഴവുകളാണ് മത്സരം അധികസമയത്തേക്ക് നീട്ടിയത്. 

ഐഎസ്എല്‍ ഫൈനല്‍ ആവേശം; വലകുലുക്കി എടികെ, തിരിച്ചടിച്ച് ഛേത്രി  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സന്തോഷ് ട്രോഫി: കലാശപ്പോരില്‍ കേരളത്തെ മറികടന്ന് സര്‍വീസസ്; ഗോള്‍ വഴങ്ങിയത് എക്‌സ്ട്രാ ടൈമില്‍
മുൻ ആഴ്സണല്‍ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു, വധു പോൺ താരം ടിയാന ട്രംപ്