
കൊച്ചി: ഇന്ത്യന്‍ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി നോക്കൗട്ട് മത്സരത്തിലെ സുനില്‍ ഛേത്രിയുടെ വിവാദ ഗോളില്‍ ആരാധകരുടെ പ്രതിഷേധത്തിന് അയവില്ല. ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിലൂടെ ഐഎസ്എല്ലിലെ മോശം റഫറീയിങ്ങിനെയും വിവാദ ഫ്രീകിക്ക് ഗോള്‍ നേടിയ ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിയുടെ വിശ്വാസ്യതയേയും ചോദ്യം ചെയ്യുകയാണ് ആരാധകർ. ഇതിനിടെ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു മത്സരത്തിന് ശേഷം ആരാധകർ സുനില്‍ ഛേത്രിയുടെ കോലം കത്തിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ഒരു വീഡിയോ പുറത്തുവന്നു. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോയുടെ വിശ്വാസ്യത എത്രത്തോളമുണ്ട് എന്ന് വ്യക്തമല്ല.
പ്രതിഷേധസൂചകമായി സുനില്‍ ഛേത്രിയുടെ കോലം കത്തിക്കുകയായിരുന്നു ആരാധകർ എന്നാണ് റിപ്പോർട്ടുകള്‍. ഛേത്രിക്കെതിരെ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ആരാധകർ ഈ കടന്ന കൈ പ്രയോഗം ചെയ്തത്. മലയാളത്തിലുള്ള അസഭ്യവർഷം വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. ബെംഗളൂരു എഫ്സിയുടെ ജേഴ്സിയും ഛേത്രിയുടെ ചിത്രവും ഉപയോഗിച്ച് അദേഹത്തിന്‍റെ കോലം തയ്യാറാക്കുന്നതും ഒടുവില്‍ കടുത്ത ഭാഷയിലുള്ള മുദ്രാവാക്യം വിളികളോടെ അത് കത്തിക്കുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഈ വീഡിയോ കേരളത്തില്‍ എവിടെ നിന്നുള്ളതാണ് എന്ന് വ്യക്തമല്ല. വീഡിയോയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. എങ്കിലും ഇത്രത്തോളം മോശമായി ഛേത്രിയെ അപമാനിക്കേണ്ടതില്ലെന്നും ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകർ എല്ലാ സീമകളും ലംഘിക്കുകയാണ് എന്നും വിമർശിക്കുകയാണ് ഒരു വിഭാഗം ആരാധകർ. ഛേത്രിക്ക് അർഹമായ ബഹുമാനം നല്‍കണം എന്ന് ഇവർ വാദിക്കുന്നു.
വിവാദ റഫറീയിങ്ങിനും സുനില്‍ ഛേത്രിയുടെ ഫ്രീകിക്ക് ഗോളിനും പിന്നാലെ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പാതിവഴിയില്‍ ബഹിഷ്കരിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്‍റെ താരങ്ങളെ മടക്കിവിളിച്ചിരുന്നു. പിന്നീട് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കളത്തിലെത്താതിരുന്നതോടെ മാച്ച് കമ്മീഷണറുമായി സംസാരിച്ച ശേഷം 120 മിനുറ്റ് പൂർത്തിയായതോടെ ബിഎഫ്സിയെ 1-0ന് വിജയിയായി റഫറി പ്രഖ്യാപിച്ചു. ഇതോടെ ബെംഗളൂരു സെമിക്ക് യോഗ്യത നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. ഛേത്രി തിടുക്കത്തില്‍ എടുത്ത ഫ്രീകിക്കാണ് എല്ലാ വിവാദങ്ങള്‍ക്കും കാരണമായത്. ഇത് ഗോളാണ് എന്ന തീരുമാനത്തില്‍ റഫറി ഉറച്ചുനിന്നതോടെ തന്‍റെ താരങ്ങളോട് മത്സരം നിർത്തി പോരാന്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ആവശ്യപ്പെടുകയായിരുന്നു.
ആരാധകരുടെ കലിപ്പടങ്ങുന്നില്ല; ഐഎസ്എല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അണ്‍ഫോളോ ക്യാംപയിന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!