
ബെംഗളൂരു: ഐഎസ്എല്ലില്‍ ആദ്യ സെമിയുടെ രണ്ടാംപാദത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാംപാദത്തില്‍ 22-ാം മിനുറ്റില്‍ ഹാവി ഹെർണാണ്ടസിലൂടെ ലീഡെടുത്ത ബെംഗലൂരുവിനെതിരെ 30-ാം മിനുറ്റില്‍ ബിപിന്‍ സിംഗിലൂടെ മുംബൈ സിറ്റി എഫ്സി ഗോള്‍ മടക്കി. ഇതോടെ ശ്രീകണ്ഠീരവയില്‍ മത്സരം 1-1ന് ഇടവേളയ്ക്ക് പിരിഞ്ഞു. 43-ാം മിനുറ്റില്‍ ഹാവിയുടെ ഫ്രീകിക്ക് ഗോളായിരുന്നെങ്കില്‍ ബെംഗളൂരു വീണ്ടും ലീഡുയർത്തിയേനേ. ആറ് മിനുറ്റ് ഇഞ്ചുറിടൈം മുതലാക്കാന്‍ ഇരു ടീമിനുമായില്ല. നേരത്തേ 10-ാം മിനുറ്റില്‍ മുംബൈയുടെ ഗ്രെഗ് സ്റ്റുവർട്ട് പെനാല്‍റ്റി പാഴാക്കിയിരുന്നു.
എങ്കിലും അഗ്രഗേറ്റില്‍ 2-1ന്‍റെ ലീഡുണ്ട് നിലവില്‍ ബെംഗളൂരു എഫ്സിക്ക്. സുനിൽ ഛേത്രി ആദ്യപാദത്തിൽ നേടിയ ഗോളിന്‍റെ ലീഡുമായാണ് ബെംഗളൂരു എഫ്‍സി ഫൈനൽ ലക്ഷ്യമിട്ട് രണ്ടാംപാദത്തില്‍ സ്വന്തം മൈതാനത്തിറങ്ങിയത്. എവേ മൈതാനത്ത് മുംബൈ സിറ്റി എഫ്സിക്ക് എതിരായ ആദ്യപാദ സെമിയില്‍ 58-ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് ഛേത്രി ബെംഗളൂരു എഫ്സിക്ക് 0-1ന്‍റെ ആദ്യപാദ ജയം സമ്മാനിച്ചത്. 78-ാം മിനുറ്റില്‍ റോഷന്‍ സിംഗ് എടുത്ത കോർണറില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ഛേത്രിയുടെ ഗോള്‍. സീസണില്‍ ബെംഗളൂരുവിന്‍റെ തുടർച്ചയായ പത്താം വിജയമായിരുന്നു ഇത്. ഇന്ന് ശ്രീകണ്ഠീരവയിലെ സ്വന്തം കാണികൾക്ക് മുന്നിൽ സമനില പിടിച്ചാലും ബെംഗളൂരുവിന് ഫൈനലിലെത്താം.
തോൽവി അറിയാതെ മുന്നേറി ലീഗ് ഷീൽഡ് സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്സിക്ക് ആദ്യപാദ സെമിയിൽ ഉൾപ്പടെ അവസാന മൂന്ന് കളിയിലും അടിതെറ്റിയെന്നതാണ് ചരിത്രം. ഇതിൽ രണ്ടും ബെംഗളൂരു എഫ്സിക്കെതിരെ ആയിരുന്നു. ഇതും ബിഎഫ്സിക്ക് കരുത്താണ്. ഇരു ടീമും മുമ്പ് 13 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. മുംബൈയും ബെംഗളൂരുവും ആറ് കളി വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഒറ്റ കളി മാത്രമേ സമനിലയിൽ അവസാനിച്ചിട്ടുള്ളൂ.
നേരത്തെ മുംബൈ സിറ്റി എഫ്സി ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയപ്പോള്‍ നോക്കൗട്ട് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് എതിരെ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളില്‍ 1-0ന് ജയിച്ചാണ് ബെംഗളൂരു സെമിക്ക് യോഗ്യത നേടിയത്.
ഛേത്രി ഏറ്റവും മികച്ച പ്രൊഫഷണലുകളില്‍ ഒരാള്‍; വിവാദങ്ങള്‍ക്കിടെ പ്രശംസയുമായി റോക്ക