
കൊല്‍ക്കത്ത: ഐഎസ്എല്ലിൽ വിദേശതാരങ്ങളുടെ എണ്ണം കുറയ്ക്കരുതെന്ന് എടികെ കോച്ച് അന്‍റോണിയോ ഹബാസ്. ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരം ഉയരാൻ മികച്ച വിദേശതാരങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്നും ഹബാസ് പറഞ്ഞു.
ഐഎസ്എല്ലിൽ വിദേശതാരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എടികെയെ ചാമ്പ്യൻമാരാക്കിയ അന്‍റോണിയോ ഹബാസ് രംഗത്തെത്തിയത്. 'ഐഎസ്എല്ലിലും ഐലീഗിലും മിക്ക ടീമുകളും വിദേശ സ്ട്രൈക്കർമാരെയാണ് ആശ്രയിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന് സുനിൽ ഛേത്രിയുടെ പിൻഗാമിയെ കണ്ടെത്താൻ കഴിയാത്തതിന് പ്രധാനകാരണം ഇതാണ്' എന്നും സ്റ്റിമാക്ക് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഐഎസ്എല്ലിന്‍റേയും ഇന്ത്യൻ ഫുട്ബോളിന്‍റേയും നിലവാരം ഉയർത്താൻ അടുത്ത മൂന്നോ നാലോ സീസണിൽക്കൂടി ഇപ്പോഴുള്ളതുപോലെ വിദേശതാരങ്ങൾ അനിവാര്യമാണെന്ന് ഹബാസ് വാദിക്കുന്നു.
'ഐഎസ്എൽ തുടങ്ങിയ 2014നേക്കാൾ ഇന്ത്യൻ താരങ്ങളുടെ നിലവാരം ഉയർന്നിട്ടുണ്ട്. മോഹൻ ബഗാൻ, എടികെയിൽ ലയിക്കുന്നതോടെ ബഗാന്‍റെ ചില താരങ്ങളെ ടീമിൽ ഉൾപ്പെടുത്തും. എല്ലാ ടീമുകളും യുവതാരങ്ങളെ വാർത്തെടുക്കുന്ന അക്കാഡമി സംവിധാനത്തിൽ ശ്രദ്ധിക്കണമെന്നും' ഹബാസ്‍ പറയുന്നു.
നിലവിൽ ഓരോടീമിലും അഞ്ച് വിദേശതാരങ്ങളാണ് ഒരേസമയം ഐഎസ്എല്ലിൽ കളിക്കുന്നത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെ നിയമപ്രകാരം ടീമിൽ ഒരു ഏഷ്യൻതാരം ഉൾപ്പടെ നാല് വിദേശികളെയാണ് അനുവദിക്കുന്നത്. ഈനിയമം പാലിക്കണമെന്നാണ് സ്റ്റിമാക്ക് ആവശ്യപ്പെടുന്നത്.
ചെന്നൈയിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് എടികെ ഐഎസ്എൽ ചാമ്പ്യൻമാരായത്. സ്പെയ്നിൽ തിരിച്ചെത്തിയ ഹബാസ് ഇപ്പോൾ പതിനഞ്ച് ദിവസത്തെ സെൽഫ് ഐസൊലേഷനിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!