ഐഎസ്എല്‍ തന്നെ ഇന്ത്യയിലെ ഒന്നാം ലീഗ്; ഐ ലീഗ് ഇനി രണ്ടാമത്

By Web TeamFirst Published Oct 14, 2019, 6:34 PM IST
Highlights

പുതിയ നിര്‍ദേശമനുസരിച്ച് രാജ്യത്തെ പ്രീമിയര്‍ ലീഗെന്ന സ്ഥാനം ഐഎസ്എല്ലിന് സ്വന്തമാവും. ഐഎസ്എല്‍ ജേതാക്കള്‍ക്ക് എഎഫ്‌സി ചാമ്പ്യന്‍സ് ലിഗ് പ്ലേ ഓഫില്‍ കളിക്കാന്‍ നേരിട്ട് യോഗ്യത നേടും.

ക്വാലാലംപൂര്‍: രാജ്യത്തെ ഫുട്ബോള്‍ ലീഗില്‍  പ്രീമിയര്‍ ലീഗെന്ന സ്ഥാനം ഇനി ഐഎസ്എല്ലിന്. ഇന്ത്യന്‍ ഫുട്ബോള്‍ പുന:സംഘടിപ്പിക്കാനായി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍(എഎഫ്‌സി) സമര്‍പ്പിച്ച നിര്‍ദേശത്തിലാണ് ഐഎസ്എല്ലിനെ രാജ്യത്തെ ഒന്നാം ലീഗായി പരിഗിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്വാലാലംപൂരില്‍ നടന്ന ഐലീഗ്, ഐഎസ്എല്‍ ക്ലബ്ബുകളുടെ ഭാരവാഹികള്‍ കൂടി പങ്കെടുത്ത എഎഫ്‌സി കൗണ്‍സില്‍ യോഗത്തിലാണ് സുപ്രധനാ നിര്‍ദേശം വന്നത്.

പുതിയ നിര്‍ദേശമനുസരിച്ച് രാജ്യത്തെ പ്രീമിയര്‍ ലീഗെന്ന സ്ഥാനം ഐഎസ്എല്ലിന് സ്വന്തമാവും. ഐഎസ്എല്‍ ജേതാക്കള്‍ക്ക് എഎഫ്‌സി ചാമ്പ്യന്‍സ് ലിഗ് പ്ലേ ഓഫില്‍ കളിക്കാന്‍ നേരിട്ട് യോഗ്യത നേടും. അതേസമയം, ഐ ലീഗ് ജേതാക്കള്‍ക്ക് എഎഫ്‌സി കപ്പ് പ്ലേ ഓഫിലായിരിക്കും കളിക്കാനാകുക. ഐ ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് 2020-2021 സീസണ്‍ മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി ഐഎസ്എല്ലില്‍ കളിക്കാന്‍ അവസരം ഒരുങ്ങും.

2022-23 മുതല്‍ ഐ ലീഗ് ചാമ്പ്യന്‍മാര്‍ക്ക് ഉപാധികളില്ലാതെ തന്നെ നേരിട്ട് ഐഎസ്എല്ലിലേക്ക് യോഗ്യത നേടാം. നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പിലാവുന്നതുവരെ ഐഎസ്എല്ലില്‍ തരംതാഴ്ത്തല്‍ ഉണ്ടാവില്ല. 2024-25 സീസണില്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാവുമ്പോള്‍ ഐഎസ്എല്ലിലും തരംതാഴ്ത്തല്‍ വരും. നിര്‍ദേശങ്ങള്‍ എഎഫ്‌സി എക്സിക്യൂട്ടീവ് കമ്മിറ്റിയും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയും അംഗീകരിക്കേണ്ടതുണ്ട്.

click me!