സഹലിനെ ആദ്യ ഇലവനില്‍ കളിപ്പിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി എൽക്കോ ഷാറ്റോറി

By Web TeamFirst Published Oct 22, 2019, 12:28 PM IST
Highlights

സഹൽ മികച്ച താരമാണെന്നും സത്യസന്ധമായി അഭിപ്രായം പറയുന്നതാണ് തന്‍റെ ശീലമെന്നും ഷാറ്റോറി കൂട്ടിച്ചേര്‍ത്തു.

കൊച്ചി: ഐഎസ്എല്ലില്‍  കൊല്‍ക്കത്തയ്ക്കെതിരായ ആദ്യ മത്സരത്തില്‍ മലയാളി താരം സഹൽ അബ്ദുൽ സമദിനെ ആദ്യ ഇലവനിൽ ഉള്‍പ്പെടുത്താതിരുന്നതിന് വിശദീകരണവുമായി, കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ എൽക്കോ ഷാറ്റോറി. ടീം തന്ത്രങ്ങളുമായി പൂര്‍ണമായി ഒത്തിണങ്ങാത്തതുകൊണ്ടാണ്, സഹലിനെ മാറ്റിനിര്‍ത്തിയത്. പ്രീ സീസൺ തയ്യാറെടുപ്പിന്‍റെ സമയത്ത് സഹല്‍ നാല് ആഴ്ചയോളം ടീമിനൊപ്പം ഉണ്ടായിരുന്നില്ല.

സഹതാരങ്ങളുമായി ഒത്തിണങ്ങാന്‍ സഹലിന് സമയം വേണ്ടിവരുമെന്നും ഷാറ്റോറി പറഞ്ഞു. ട്വിറ്ററില്‍ ഒരു ആരാധകനുള്ള മറുപടിയിലാണ് ഷാറ്റോറിയുടെ വിശദീകരണം.സഹൽ മികച്ച താരമാണെന്നും സത്യസന്ധമായി അഭിപ്രായം പറയുന്നതാണ് തന്‍റെ ശീലമെന്നും ഷാറ്റോറി കൂട്ടിച്ചേര്‍ത്തു.

It’s not about Sahel. It’s about the team. He mist 4 weeks of pre season he needs time to adapt our system of play. It’s as simple as that https://t.co/2ZV5eYl3l3

— Eelco Schattorie (@ESchattorie)

സഹലിനെ മാറ്റിനിര്‍ത്തിയ തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ ഒരു വിഭാഗം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സഹല്‍ ഞങ്ങളുടെ ഭാവിതാരമാണെന്നും അദ്ദേഹത്തെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കണമെന്നുമുള്ള ആരാധകന്റെ ട്വീറ്റിന് മറുപടി നല്‍കിക്കൊണ്ടാണ് ഷാറ്റോറി സഹലിനെ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കിയത്.

ബ്ലാസ്റ്റേഴ്സ് 2-1ന് ജയിച്ച മത്സരത്തില്‍ കൊല്‍ക്കത്തയായിരുന്നു വിജയം അര്‍ഹിച്ചിരുന്നതെന്ന വാദത്തോടും ഷാട്ടോറി പ്രതികരിച്ചു. കളിയിലെ കണക്കുകള്‍ നിരത്തി ഏത് മത്സരമാണ് ഇവര്‍ കണ്ടതെന്ന് പറയട്ടെ എന്നായിരുന്നു ഷാട്ടോറിയുടെ മറുപടി.

Some said there was only one team that deserved to win and that was ATK. Don’t know what game they where watching. pic.twitter.com/n8RH1YVcH6

— Eelco Schattorie (@ESchattorie)
click me!