അര്‍ജന്റീന അണ്ടര്‍ 20 ടീമിന്റെ ദയനീയ പ്രകടനം; മഷറാനോ പരിശീലകസ്ഥാനം ഒഴിയും

By Web TeamFirst Published Jan 28, 2023, 10:20 PM IST
Highlights

പ്രധാന ടൂര്‍ണമെന്റുകളില്‍ മാഷെറാനോയുടെ കീഴില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ചിലും അര്‍ജന്റീന തോറ്റിരുന്നു. അര്‍ജന്റീനയ്ക്കായി ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും സെന്‍ട്രല്‍ ഡിഫന്‍ഡറായും 147 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മാഷെറാനോ, 2021 ഡിസംബറിലാണ് അണ്ടര്‍ 20 ടീം പരിശീലകനായി നിയമിക്കപ്പെട്ടത്.

ബ്യൂണസ് ഐറിസ്: അര്‍ജന്റീന അണ്ടര്‍ 20 ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന് ഹാവിയര്‍ മഷറാനോ. സുഡാമെരിക്കാനോയില്‍ കൊളംബിയയോടും തോറ്റ് പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം. ഇതോടെ അടുത്ത അണ്ടര്‍ 20 ലോകകപ്പിനും പാന്‍ അമേരിക്കന്‍ ഗെയിംസിനും യോഗ്യത നേടാനും അര്‍ജന്റീനയ്ക്കായില്ല. പരാജയപ്പെട്ടതായി അംഗീകരിക്കുന്നതായും, പ്രതിഭാധനരായ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്നും മാഷെറാനോ പറഞ്ഞു. 

പ്രധാന ടൂര്‍ണമെന്റുകളില്‍ മാഷെറാനോയുടെ കീഴില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ചിലും അര്‍ജന്റീന തോറ്റിരുന്നു. അര്‍ജന്റീനയ്ക്കായി ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും സെന്‍ട്രല്‍ ഡിഫന്‍ഡറായും 147 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മാഷെറാനോ, 2021 ഡിസംബറിലാണ് അണ്ടര്‍ 20 ടീം പരിശീലകനായി നിയമിക്കപ്പെട്ടത്. മുന്‍ താരം ഫെര്‍ണാണ്ടോ ബാറ്റിസ്റ്റയായിരുന്നു ഇതുവരെ അര്‍ജന്റീനയുടെ യുവനിരയെ പരിശീലിപ്പിച്ചിരുന്നത്. അദ്ദേഹത്തിന് വെനസ്വേല ദേശീയ ടീം സഹപരിശീലകസ്ഥാനത്തേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഈ വിടവിലേക്കാണ് മഷെറാനൊ എത്തിയത്.

ലാറ്റിനമേരിക്കയിലും യൂറോപ്പിലും ദീര്‍ഘകാലം പന്തുതട്ടിയിട്ടുള്ള മഷെറേൊനായുടെ സേവനം ടീമിന് ഗുണം ചെയ്യുമെന്നായിരുന്നു അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ പരിചയസമ്പത്ത് കോച്ചിംഗ് കരിയറില് പ്രതിഫലിച്ചില്ല. റിവര്‍ പ്ലേറ്റ്, കൊറിന്ത്യന്‍സ്, വെസ്റ്റ് ഹാം, ലിവര്‍പൂള്‍, ബാഴ്സലോണ തുടങ്ങിയ ക്ലബുകള്‍ക്കായും മഷെറാനോ ബൂട്ടുകെട്ടിയിട്ടുണ്ട്.

ലിവര്‍പൂളിലും ബാഴ്സലോണയിലുമായിരുന്നു താരത്തിന്റെ നല്ലകാലം. 2007 മുതല്‍ 2010 വരെ അദ്ദേഹം ലിവര്‍പൂളിലായിരുന്നു. 94 മത്സരങ്ങളില്‍ ഒരു ഗോളും നേടി. 2010ല്‍ ബാഴ്സലോണയിലെത്തിയ മഷെറേൊനാ 203 മത്സരങ്ങള്‍ കളിച്ചു. ഒരു ഗോളും നേടി. 2018 ലോകകപ്പിന് ശേഷമാണ് അര്‍ജന്റൈന്‍ ജേഴ്സിയില്‍ നിന്ന് വിരമിക്കുന്നത്. 147 മത്സരങ്ങളില്‍ മൂന്നു ഗോളും നേടി.

എന്തിനും തയ്യാറായി സഞ്ജു സാംസണ്‍! ഓസീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് സന്തോഷ വാര്‍ത്ത

click me!