ചാംപ്യന്‍സ് ലീഗിലെ തോല്‍വി; പരിശീലകന്‍ സാരിയെ യുവന്റസ് പുറത്താക്കി

By Web TeamFirst Published Aug 8, 2020, 8:22 PM IST
Highlights

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെയാണ് ക്ലബ്ബിന്റെ തീരുമാനം.

ടൂറിന്‍: ഇറ്റാലിയന്‍ ചാംപ്യന്മാരായ യുവന്റസിന്റെ പരിശീലകന്‍ മൗറീസിയോ സാരിയെ ക്ലബ്ബ് പുറത്താക്കി. യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെയാണ് ക്ലബ്ബിന്റെ തീരുമാനം. ചാംപ്യന്‍സ് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവന്റസ് സീസണ്‍ ആരംഭിച്ചത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളും ക്ലബിന് കരുത്താകുമെന്ന് കരുതി. 

എന്നാല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായതോടെ ആ പ്രതീക്ഷകളും അവസാനിച്ചു. ഇന്നലെ ഫ്രഞ്ച് ക്ലബ്ബായ ലിയോണുമായുള്ള മത്സരത്തില്‍ യുവന്റസ് 2-1ന് ജയിച്ചിരുന്നു. എന്നാല്‍ എവേ ഗോളിന്റെ അടിസ്ഥാനത്തില്‍ ലിയോണ്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയായിരുന്നു. ഇതോടെ യുവന്റസ് പുറത്തുമായി. പിന്നാലെയാണ് സാരിയെ പുറത്താക്കാനുള്ള തീരുമാനം ക്ലബ് കൈകൊണ്ടത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം ഉടനെ പുറത്തുവിടും. 

കഴിഞ്ഞ വര്‍ഷം ജൂണിലാണ് സാരി യുവന്റസിലെത്തുന്നത്. ചെല്‍സിയില്‍ നിന്നായിരുന്നു കൂടുമാറ്റം. 2015 മുതല്‍ 2018 വരെ സീരി എ ക്ലബായ നാപോളിയുടെ പരിശീലകനായിരുന്നു സാരി.

click me!