
ബെംഗളൂരൂ: ഐഎസ്എല്ലിലെ നാടകീയ പുറത്താകലിന് ശേഷം ഇന്ന് കൊച്ചിയില്‍ എത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് മഞ്ഞപ്പട ആരാധകർ സ്വീകരണമൊരുക്കും. ഇന്ന് ഉച്ചയ്ക്ക് 1.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനും താരങ്ങള്‍ക്കും സ്വീകരണമൊരുക്കുന്നത് എന്നാണ് മഞ്ഞപ്പട സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മത്സരം പാതിവഴിയില്‍ നിർത്തി പോയതോടെയാണ് ബ്ലാസ്റ്റേഴ്സ് സെമി കാണാതെ ടൂർണമെന്‍റില്‍ നിന്ന് പുറത്തായത്. താരങ്ങളോട് കളി നിർത്താന്‍ ആവശ്യപ്പെട്ട ഇവാന്‍റെ തീരുമാനം ഉചിതമായെന്ന് വാദിച്ച് ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിരുന്നു.
മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി
മഞ്ഞപ്പടയാളികളേ...
'കപ്പ് നേടുന്നതിനേക്കാള്‍ വലിയ അഭിമാനമാണ് കാലങ്ങളായി തുടർന്ന് വന്ന നെറികേടിനെതിരെ അന്തസ്സോടെ പ്രതികരിച്ചുള്ള മടക്കം. മലയാളികളുടെ അഭിമാനമായ പടനായകനേയും പോരാളികളെയും സ്വീകരിക്കാന്‍ നിങ്ങളും അണിനിരക്കുക. ഇന്ന് ഉച്ചയ്ക്ക് 1.30ന് നെടുമ്പാശ്ശേരി എയർപോർട്ടില്‍' എന്നാണ് കെബിഎഫ്‍സി മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നത്.
നോക്കൗട്ടിലെ നാടകീയ രംഗങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ബെംഗളൂരു എഫ്സി സെമി ഫൈനലിൽ കടക്കുകയായിരുന്നു. ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഗോളിനെ ചൊല്ലിയുള്ള തർക്കത്തില്‍ ബ്ലാസ്റ്റേഴ്സ് പാതിവഴിയില്‍ കളി ബഹിഷ്കരിച്ച മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന്‍റെ ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ വിവാദ ഗോളാണ് മത്സരത്തിന്‍റെ ഗതി നിർണയിച്ചത്. അധികസമയത്ത് 96-ാം മിനുറ്റിൽ ഛേത്രിയുടെ ചടുലനീക്കം വലയിലെത്തിയത് നോക്കി നിൽക്കാനെ ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സൂഖൻ ഗില്ലിന് കഴിഞ്ഞുള്ളൂ. ഫ്രീകിക്ക് നേരിടാന്‍ തയ്യാറായിരുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. ഇതിന് പിന്നാലെയായിരുന്നു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നാടകീയ രംഗങ്ങള്‍.
വിവാദ ഗോളിനെ തുടർന്ന് താരങ്ങളോട് മത്സരം നിർത്താനാവശ്യപ്പെട്ട് ഗ്രൗണ്ടിലിറങ്ങിയ കോച്ച് ഇവാൻ വുകോമനോവിച്ചും സംഘവും മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ടു. അധിക സമയം തീരുംവരെ കാത്തിരുന്ന റഫറി 120 മിനുറ്റ് പൂർത്തിയായതോടെ ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിച്ചു. അച്ചടക്ക ലംഘനത്തിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. രണ്ട് പാദങ്ങളായി നടക്കുന്ന സെമിയിൽ മുംബൈ സിറ്റിയെയാണ് ബെംഗളൂരു നേരിടുക. മറുപടി ഗോള്‍ നേടാന്‍ 15 മിനുറ്റോളം ബാക്കിയുണ്ടായിട്ടും കടുത്ത നടപടിയിലേക്ക് ബ്ലാസ്റ്റേഴ്സ് ടീം പോകേണ്ടിയിരുന്നില്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
മറ്റ് രാജ്യങ്ങളില്‍ റഫറിയെ സഹായിക്കാന്‍ വാർ, ഇവിടെ മൊബൈല്‍ ഫോണ്‍; ട്രോളി ആരാധകർ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!