ഇന്ത്യന്‍ ഫുട്ബോളിലെ അടുത്ത സുനില്‍ ഛേത്രിയെ പ്രവചിച്ച് ഒഗ്ബെച്ചെ

Published : Mar 10, 2020, 11:05 PM IST
ഇന്ത്യന്‍ ഫുട്ബോളിലെ അടുത്ത സുനില്‍ ഛേത്രിയെ പ്രവചിച്ച് ഒഗ്ബെച്ചെ

Synopsis

സഹലിനെ അടുത്തുനിന്ന് കണ്ട കളിക്കാരനെന്ന നിലയില്‍ അവന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ അവന്‍ അടുത്ത ഛേത്രിയാവുമെന്നും എനിക്കുറപ്പുണ്ട്.  

കൊച്ചി:കേരളാ ബ്ലാസ്റ്റേഴ്സിന് ഇത്തവണ നിരാശാജനകമായ സീസണായിരുന്നെങ്കിലും ക്യാപ്റ്റന്‍ ബര്‍ത്തലോമ്യു ഒഗ്ബെച്ചെക്ക് വ്യക്തിപരമായി ഇത് നേട്ടങ്ങളുടെ സീസണായിരുന്നു. 15 ഗോളുകളുമായി ഗോള്‍വേട്ടക്കാരില്‍ മുന്‍നിരയിലാണ് ഒഗ്ബെച്ചെയുടെ സ്ഥാനം. ഐഎസ്എല്‍ സീസണില്‍ ഇനി ഫൈനല്‍ മാത്രം ബാക്കിയാകുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോളിലെ ഭാവി സുനില്‍ ഛേത്രിയെ പ്രവചിക്കുകയാണ് ഒഗ്ബെച്ചെ.

ആരാകും ഇന്ത്യന്‍ ഫുട്ബോളിലെ അടുത്ത സുനില്‍ ഛേത്രിയെന്ന ആരാധകന്റെ ചോദ്യത്തിന്റെ മറുപടിയായി ഒഗ്ബെച്ചെ നല്‍കിയ മറുപടി മലയാളികള്‍ക്ക് സന്തോഷം നല്‍കുന്നതാണ്. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദാകും ഇന്ത്യന്‍ ഫുട്ബോളിലെ അടുത്ത സുനില്‍ ഛേത്രിയെന്ന് ഒഗ്ബെച്ചെ പറഞ്ഞു.

ആഗ്രഹിച്ചത്ര കളിക്കാന്‍ സഹലിന് ഇത്തവണ അധികം അവസരങ്ങള്‍ ലഭിച്ചില്ല. പക്ഷെ സഹല്‍ കഠിനാധ്വാനിയാണ്. മോശം സമയത്ത് പോലും കഠിനമായി അധ്വാനിക്കുന്ന കളിക്കാരനാണ്. സഹലിനെ അടുത്തുനിന്ന് കണ്ട കളിക്കാരനെന്ന നിലയില്‍ അവന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ അവന്‍ അടുത്ത ഛേത്രിയാവുമെന്നും എനിക്കുറപ്പുണ്ട്.

ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ കെപിയുടെയും ജീക്സണ്‍ സിംഗിന്റെയും പ്രകടനങ്ങളെയും ഒഗ്ബെച്ചെ അഭിനന്ദിച്ചു. ഇവര്‍ക്ക് പുറമെ സാമുവല്‍ ലാമുനാന്‍പൂയിയും ഭാവിയിലെ താരമാണെന്ന് ഒഗ്ബെച്ചെ പറഞ്ഞു. കേരളത്തിന് പുറത്ത് ബംഗലൂരുവിന്റെ സുരേഷ് വാംഗ്‌ജാം ആണ് പ്രതിഭയുള്ള മറ്റൊരു താരമെന്ന് ഒഗ്ബെച്ചെ പറഞ്ഞു.

ഐഎസ്എല്‍ ഫൈനലില്‍ ചെന്നൈയിന്‍ എഫ്‌സി വിജയികളാകുമെന്നാണ് താന്‍ കരുതുന്നതെന്നും ഒഗ്ബെച്ചെ പറഞ്ഞു. 2019 സീസണിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട സഹലിന് ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയില്‍ കാര്യമായ അവസരം ലഭിച്ചിരുന്നില്ല.

PREV
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ