
കോഴിക്കോട്: സന്തോഷ് ട്രോഫി അവസാന യോഗ്യത മത്സരത്തിനൊരുങ്ങി കേരളം. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് രണ്ടില്‍ ചാംപ്യന്മാരായി അവസാന റൗണ്ടിലെത്താമെന്ന പ്രതീക്ഷയിലാണ് കേരള ടീം. ഞായറാഴ്ച അവസാന ഗ്രൂപ്പ് മത്സരത്തില്‍ മിസോറമുമായി സമനില നേടിയാലും കേരളത്തിന് ഗ്രൂപ്പ് ചാംപ്യന്മാരായി അവസാന റൗണ്ട് യോഗ്യത നേടാം. അവസാന മത്സരത്തില്‍ ജമ്മു കശ്മീരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിക്കാന്‍ കേരളത്തിനായിരുന്നു.
മിസോറാമിനെതിരായ മത്സരത്തിന് മുമ്പ് കേരള ടീം പരിശീലകന്‍ പി ബി രമേഷ് പറയുന്നതിങ്ങനെ... ''കഴിഞ്ഞ നാല് മത്സരങ്ങളിലും തകര്‍പ്പന്‍ ജയവുമായാണ് കേരളം മുന്നേറുന്നത്. ഇനി ഒരു മത്സരം മാത്രം. കരുത്തരായ മിസോറാമാണ് എതിരാളികള്‍. ഇതുവരെ നേടിയത് പതിനെട്ട് ഗോള്‍. വഴങ്ങിയത് ഒരു ഗോള്‍ മാത്രം. മികച്ച ഒത്തിണക്കവും സ്‌കോറിങ്ങും കൊണ്ട് കേരളം കരുത്ത് കാട്ടി. അടുത്ത കളിയില്‍ കൂടി തിളങ്ങിയാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. ഗോള്‍ ശരാശിയുടെ പിന്‍ബലവും കേരളത്ത് അനുകൂലം. അതിനാല്‍ മിസോറാമിനെതിരെ സമനിലയായാലും ഫൈനല്‍ റൗണ്ട് യോഗ്യതക്ക് വെല്ലുവിളിയില്ല.'' അദ്ദേഹം പറഞ്ഞു.
ഇത്തവ മേഖല റൗണ്ടിന് പകരം ഗ്രൂപ്പുകളായി തിരിച്ചാണ് യോഗ്യത മത്സരങ്ങള്‍. ആറ് ടീമുകള്‍ ആറ് ഗ്രൂപ്പുകളിലായാണ് യോഗ്യത റൗണ്ട്. ഓരോ ഗ്രൂപ്പിലേയും ചാമ്പ്യന്‍മാര്‍ക്കും രണ്ടാംസ്ഥാനത്തു നിന്ന് മികച്ച മൂന്ന് പേര്‍ക്കുമാണ് ഫൈനല്‍ റൗണ്ട് യോഗ്യത.കൂടാതെ സര്‍വ്വീസസും റെയില്‍വേസും ഫൈനല്‍ റൗണ്ടിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനവും ഉള്‍പ്പെടെ പന്ത്രണ്ട് ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കും.
ജമ്മുവിനെ കൂടാതെ രാജസ്ഥാന്‍, ബീഹാര്‍, ആന്ധ്രാ പ്രദേശ് ടീമുകളെ കേരളം തോല്‍പ്പിച്ചിരുന്നു. മിസോറാം ഇതുവരേയും തോല്‍വി വഴിങ്ങിയിട്ടില്ല. തോല്‍വി അറിയിച്ചുകൊണ്ടുതന്ന ഗ്രൂപ്പ് ചാംപ്യന്മാരാവുകയാണ് കേരളത്തിന്റെ ലക്ഷ്യം. ഗ്രൂപ്പ് ഒന്നില്‍ ഡല്‍ഹിയാണ് മുന്നില്‍. അഞ്ച് മത്സരങ്ങളില്‍ 13 പോയിന്റാണ് അവര്‍ക്ക്. ഗ്രൂപ്പ് മൂന്നില്‍ ഗോവയാണ് ഒന്നാമത്. ഗ്രൂപ്പ് നാലില്‍ ഛത്തീസ്ഗഡും അഞ്ചില്‍ മേഘാലയയും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഗ്രൂപ്പ് ആറിലെ മത്സരങ്ങള്‍ ഇനി നടക്കാനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!