
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2019-2020 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യ ചിഹ്നമായി കുട്ടിയാനയുടെ രൂപത്തിലുള്ള 'കേശു' ശ്രദ്ധനേടുന്നു. കഴിഞ്ഞ സീസണുകളിലേറ്റ തിരിച്ചടിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള മഞ്ഞപ്പടയുടെ സ്വപ്നം കൂടിയാണ് 'കേശു' പങ്കുവയ്ക്കുന്നത്. ആരാധകര്‍ 'കേശു'വിന്‍റെ ചിത്രമുള്ള ബാനറുകളും ടി ഷര്‍ട്ടുകളുമായി സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തുകയാണ്. ഇക്കുറി 'കേശു' ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.
ക്ലബിന്റെ ആരാധകരുമായുള്ള സഹകരണം വർധിപ്പിക്കുക എന്ന സംരംഭത്തിന്റെ ഭാഗമായി, ഭാഗ്യ ചിഹ്നത്തിനായുള്ള ഏറ്റവും പുതിയ രൂപകൽപ്പനകൾ ആരാധകരിൽ നിന്ന് കെബിഎഫ്സി ട്രൈബ്സ് പ്ലാറ്റ്‌ഫോമിലൂടെ ക്ലബ് ക്ഷണിച്ചിരുന്നു. നിരവധി ആരാധകരാണ് കെബിഎഫ്സി ട്രൈബ്സ് പ്ലാറ്റ്‌ഫോമിലൂടെ രൂപകൽപ്പനകൾ നൽകി മത്സരത്തിൽ പങ്കാളിയായത്. ലഭിച്ച നിരവധി എൻട്രികളിൽ നിന്നും തൃശൂർ സ്വദേശിയായ മൃദുൽ മോഹൻ നൽകിയ രൂപകൽപ്പനയാണ് ഐഎസ്എൽ ആറാം സീസണിലെ ക്ലബ്ബിന്റ ഭാഗ്യ ചിഹ്നമായ കേശുവിന്റെ മുഖമായി തിരഞ്ഞെടുത്തത്. 19കാരനായ മൃദുൽ കൊടുങ്ങല്ലൂർ, പുല്ലൂറ്റ് കെകെടിഎം ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥിയാണ്.
കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ഭാഗ്യ ചിഹ്നത്തിന്റെ ഔദ്യോഗിക അവതരണ ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ, വിരേൻ ഡി സിൽവ, ക്ലബ്ബ് ഉടമ നിഖിൽ ഭരദ്വാജ്, ഭാഗ്യ ചിഹ്നമായ കേശു, ഭാഗ്യ ചിഹ്നത്തിന്റെ സൃഷ്ടാവായ മൃദുൽ മോഹൻ എന്നിവർ പങ്കെടുത്തിരുന്നു. പുതിയ സീസണിലെ ഉദ്ഘാടന പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് രാത്രി എഴരക്ക് എ ടി കെയെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!