ലീഡുയര്‍ത്താന്‍ റയല്‍ മാഡ്രിഡ് ഇന്നിറങ്ങുന്നു; ഹസാര്‍ഡ് തിരിച്ചെത്തും

By Web TeamFirst Published Feb 16, 2020, 9:36 AM IST
Highlights

52 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണെങ്കിലും ബാഴ്‌സലോണയുമായുള്ള ലീഡ് വ‍ർധിപ്പിക്കുകയാണ് റയലിന്റെ ലക്ഷ്യം

മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് ഇന്ന് സെൽറ്റാ വിഗോയെ നേരിടും. രാത്രി ഒന്നരയ്‌ക്ക് റയലിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. പരുക്ക് മാറിയ എഡൻ ഹസാർഡ് മൂന്ന് മാസത്തെ ഇടവേളയ്‌ക്ക് ശേഷം റയൽ നിരയിൽ തിരിച്ചെത്തും. ബെൻസേമ, ബെയ്ൽ, എന്നിവരും മുന്നേറ്റനിരയിലുണ്ടാവും.

52 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണെങ്കിലും ബാഴ്‌സലോണയുമായുള്ള ലീഡ് വ‍ർധിപ്പിക്കുകയാണ് റയലിന്റെ ലക്ഷ്യം. സെൽറ്റ വിഗോയുമായുള്ള അവസാന പതിനൊന്ന് കളിയിൽ പത്തിലും റയൽ ജയിച്ചിരുന്നു. ഒരു മത്സരം സമനിലയിൽ അവസാനിച്ചു. 20 പോയിന്റുമായി ലീഗിൽ പതിനെട്ടാം സ്ഥാനത്താണിപ്പോൾ സെൽറ്റ വിഗോ.

ബാഴ്‌സയ്‌ക്ക് ജയം; ഇഞ്ചോടിഞ്ച് പോരാട്ടം

അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ വിജയിച്ചു. ബാഴ്‌സ ഒന്നിനെതിരെ രണ്ട് ഗോളിന് ഗെറ്റാഫെയെ തോൽപിച്ചു. സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങിയ ബാഴ്‌സയെ മുപ്പത്തിമൂന്നാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്‌മാൻ മുന്നിലെത്തിച്ചു. ആറ് മിനിറ്റിനുശേഷം സെർജി റോബർട്ടോയാണ് രണ്ടാം ഗോൾ നേടിയത്. 

രണ്ടാംപകുതിയിൽ ഏഞ്ചൽ റോഡ്രിഗസാണ് ഗെറ്റാഫെയുടെ ഗോൾ സ്‌കോർ ചെയ്‌തത്. 52 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോഴും ബാഴ്‌സലോണ. 42 പോയിന്റുള്ള ഗെറ്റാഫെ മൂന്നാംസ്ഥാനത്തും. 

click me!