നൗ കാമ്പ് തീക്കളമാകും; സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ഇന്ന്

By Web TeamFirst Published Dec 18, 2019, 8:44 AM IST
Highlights

ഹസാര്‍ഡും മാഴ്‌സലോയും അടങ്ങുന്ന പ്രമുഖരുടെ അഭാവം റയലിന് തിരിച്ചടിയായേക്കും. ജയിക്കുന്നവര്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തും. 
 

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗില്‍ ഇന്ന് രാത്രി എൽ ക്ലാസിക്കോ പോരാട്ടം. വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്‌സലോണയും നേര്‍ക്കുനേര്‍ വരും. ബാഴ്‌സ മൈതാനമായ നൗ കാമ്പില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടമാണിത്.

പോയിന്‍റ് നിലയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം എങ്കിലും ഗോള്‍ ശരാശരിയിൽ ബാഴ്‌സലോണ ആണ് മുന്നിൽ. ഹസാര്‍ഡും മാഴ്‌സലോയും അടങ്ങുന്ന പ്രമുഖരുടെ അഭാവം റയലിന് തിരിച്ചടിയായേക്കും. എന്നാല്‍ കാസിമിറോ റയല്‍ നിരയില്‍ തിരിച്ചെത്തും. മെസിയും ഗ്രീസ്‌മാനും സുവാരസും ബാഴ്‌സക്കായി ഒരുമിച്ചിറങ്ങുന്ന ആദ്യ ക്ലാസിക്കോയാണിത്. ഒക്‌ടോബര്‍ 26ന് നടക്കേണ്ടിയിരുന്ന മത്സരം കാറ്റലോണിയൻ പ്രക്ഷോഭം കാരണം മാറ്റിവയ്‌ക്കുകയായിരുന്നു.

എല്‍ ക്ലാസിക്കോയില്‍ അന്‍സു ഫാറ്റി, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ തുടങ്ങിയ കൗമാര താരങ്ങളുടെ വരവറിയിക്കലാകുമോ ഇന്നത്തെ മത്സരം എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം.

അതേസമയം ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ കരുത്തരായ യുവന്‍റസ് ഇന്നിറങ്ങും. എവേ മത്സരത്തിൽ സാംപ്ദോറിയ ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 11.25നാണ് മത്സരം. ഇന്ന് ജയിച്ചാൽ യുവന്‍റസിന് ഒന്നാം സ്ഥാനത്തേക്ക് ഉയരാം. തരംതാഴ്‌ത്തൽ ഭീഷണിയിലുള്ള എതിരാളികള്‍ക്കെതിരെ ജയത്തിൽ കുറഞ്ഞൊന്നും യുവന്‍റസ് ലക്ഷ്യമിടുന്നുണ്ടാകില്ല.

യുവന്‍റസിനും ഇന്‍റര്‍മിലാനും ഒരേ പോയിന്‍റാണെങ്കിലും നിലവില്‍ ഇന്‍റര്‍ ആണ് ഒന്നാമത്. ഇന്‍റര്‍ മിലാന്‍റെ അടുത്തമത്സരം ശനിയാഴ്‌ചയാണ്.

click me!