സ്പാനിഷ് ലീഗില്‍ റയലിന്റെ കിരീടപ്പോരാട്ടത്തിന് ഇന്ന് തുടക്കം; ഹസാര്‍ഡിന്റെ അരങ്ങേറ്റം വൈകും

By Web TeamFirst Published Aug 17, 2019, 11:32 AM IST
Highlights

ചെൽസി വിട്ട് റയലിലെത്തിയ, സൂപ്പര്‍ താരം ഏഡന്‍ ഹസാര്‍ഡ് ഇന്ന് കളിക്കില്ല. തുടയ്ക്ക് പരിക്കേറ്റ ഭേദമാവാത്തതിനാല്‍ ഹസാര്‍ഡിന്‍റെ റയൽ അരങ്ങേറ്റം വൈകുമെന്ന് ക്ലബ്ബ് അറിയിച്ചു.

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽമാഡ്രിഡിന്റെ കിരീടപ്പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ സെൽറ്റ വിഗോയാണ് റയലിന്‍റെ ആദ്യ എതിരാളികൾ. സെൽറ്റയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തായ റയലിന്‍റെ സന്നാഹമത്സരങ്ങൾ അത്ര ആശ്വാസകരമായിരുന്നില്ല.

അതേസമയം, ചെൽസി വിട്ട് റയലിലെത്തിയ, സൂപ്പര്‍ താരം ഏഡന്‍ ഹസാര്‍ഡ് ഇന്ന് കളിക്കില്ല. തുടയ്ക്ക് പരിക്കേറ്റ ഭേദമാകാത്തതിനാല്‍ ഹസാര്‍ഡിന്‍റെ റയൽ അരങ്ങേറ്റം വൈകുമെന്ന് ക്ലബ്ബ് അറിയിച്ചു. പരുക്കേറ്റ അസെൻസിയോയും സസ്പെൻഷനിലായ കാർവഹാലും ഇന്ന് റയലിനായി കളിക്കില്ല.

അതിനിടെ, സൂപ്പര്‍ താരം ഗാരെത് ബെയ്‍‍ലിന് പ്രതീക്ഷ നൽകുന്ന വാക്കുകളുമായി റയൽ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍ രംഗത്തെത്തി. റയൽ മാഡ്രിഡിലെ പ്രധാന കളിക്കാരനാണ് ബെയ്‍‍ലെന്നും ടീം തന്ത്രങ്ങളില്‍ ബെയ്‍‍‍ലിനും ഇടമുണ്ടാകുമെന്നും സിദാന്‍ പറഞ്ഞു. ബെയ്‍‍ൽ ക്ലബ്ബ് വിടുമെന്ന പ്രതീതി നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറിയെന്നും സിദാന്‍ പറഞ്ഞു.

സ്പാനിഷ് ലീഗ് സീസണിലെ ആദ്യ മത്സരത്തിന് മുന്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദാന്‍. ബെയ്ൽ ക്ലബ്ബ് വിടുന്നതാണ് നല്ലതെന്ന് സിദാന്‍ നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. തുടര്‍ന്ന് ചൈനീസ് ലീഗിലേക്ക് മാറാനുള്ള നീക്കം റയൽ മാഡ്രിഡ് തടഞ്ഞതും ബെയ്‍‍ലിന് തിരിച്ചടിയായിരുന്നു.

click me!