'വിനീ മാപ്പ്'... മോശം പരാമര്‍ശങ്ങളില്‍ ക്ഷമാപണവുമായി ലാ ലീഗ പ്രസിഡന്‍റ് ടെബാസ്

Published : May 26, 2023, 05:57 PM ISTUpdated : May 26, 2023, 06:00 PM IST
'വിനീ മാപ്പ്'... മോശം പരാമര്‍ശങ്ങളില്‍ ക്ഷമാപണവുമായി ലാ ലീഗ പ്രസിഡന്‍റ് ടെബാസ്

Synopsis

ലാ ലീഗയില്‍ വലൻസിയക്കെതിരായ റയല്‍ മാഡ്രിഡിന്‍റെ എവേ മത്സരത്തിനിടെയാണ് കാണികൾ വിനിഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ചത്

മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനോട് മാപ്പ് ചോദിച്ച് ലാ ലീഗ പ്രസിഡന്‍റ് ഹാവിയർ ടെബാസ്. വംശീയാധിക്ഷേപത്തിന് ഇരയായ വിനിഷ്യസിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ പരാമർശത്തിനാണ് ടെബാസ് മാപ്പ് പറഞ്ഞത്.

ലാ ലീഗയില്‍ വലൻസിയക്കെതിരായ റയല്‍ മാഡ്രിഡിന്‍റെ എവേ മത്സരത്തിനിടെയാണ് കാണികൾ വിനിഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ചത്. കളിയാക്കൽ അസഹനീയമായതോടെ മത്സരത്തിനിടെ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗാലറിയില്‍ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചു. ഇതോടെ കാണികള്‍ ഒന്നാകെ വിനീഷ്യസിനെതിരെ തിരിയുകയും കളി നിർത്തിവയ്ക്കേണ്ടിവരുകയും ചെയ്‌തു. മത്സര ശേഷം ലാ ലീഗ അധികൃതർക്കെതിരെ വിനീഷ്യസ് രൂക്ഷ വിമർശനമാണ് നടത്തിയത്. ഇതിന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ലാ ലിഗ പ്രസിഡന്‍റ് ഹവിയർ ടെബാസ് മറുപടി നൽകിയത്. 

കാര്യങ്ങൾ മനസിലാക്കാതെ വിനീഷ്യസ് എല്ലാവരേയും തെറ്റിദ്ധരിപ്പിക്കുകയാണ് എന്നായിരുന്നു ടെബാസിന്‍റെ പരാമർശം. ഇതിനെതിരെ ശക്തമായ വിമർശനം ഉയർന്നതോടെയാണ് ടെബാസ് ക്ഷമാപണം നടത്തിയത്. 'സാമൂഹിക മാധ്യമങ്ങളിലൂടെ വിനീഷ്യസിനെ ആക്രമിക്കുകയായിരുന്നില്ല തന്‍റെ ലക്ഷ്യം. ആ നിമിഷം പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നു. വിനീഷ്യസിനോടും താൻ വിനീഷ്യസിനെ ആക്രമിക്കുകയാണെന്ന് തോന്നിയ എല്ലാവരോടും ക്ഷമ ചോദിക്കുകയാണെന്നും' ടെബാസ് പറഞ്ഞു. ഈ സീസണില്‍ വിനീഷ്യസിനെതിരേ നടന്ന എല്ലാ വംശീയാധിക്ഷേപ സംഭവങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ടെബാസ് അറിയിച്ചു.

തൊട്ടടുത്ത റയോ വയോക്കാനോയ്ക്കെതിരായ മത്സരത്തിൽ റയലിന്‍റെ എല്ലാ താരങ്ങളും വിനിഷ്യസിന്‍റെ ജഴ്സിയണിഞ്ഞാണ് കളിക്കളത്തിലെത്തിയത്. വിനീഷ്യസിന് പൂർണ പിന്തുണ പ്രഖ്യാപിച്ച റയൽ വംശീയാധിക്ഷേപത്തോടെ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും വ്യക്തമാക്കി. വംശീയാധിക്ഷേപ സംഭവത്തില്‍ വലന്‍സിയക്കെതിരേ സ്‌പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ നടപടിയെടുത്തിട്ടുണ്ട്. വരുന്ന അഞ്ച് മത്സരങ്ങളില്‍ വലൻസിയയുടെ ഹോംഗ്രൗണ്ടിലെ സൗത്ത് സ്റ്റാന്‍ഡിലേക്ക് കാണികളെ പ്രവേശിപ്പിക്കാനാകില്ല. ഇതോടൊപ്പം ക്ലബിന് 40 ലക്ഷം രൂപ പിഴയും ചുമത്തി.

Read more: വിനീഷ്യസിനെ ആര്‍ക്കും വിട്ടുകൊടുക്കില്ല! ഉറപ്പുപറഞ്ഞ് റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്