ഇരട്ടപ്രഹരം; ഏത് വിദേശതാരവും കൊതിക്കുന്ന റെക്കോര്‍ഡ് സ്വന്തമാക്കി ലെവന്‍ഡോസ്ക്കി

By Web TeamFirst Published Mar 3, 2019, 12:00 PM IST
Highlights

ലീഗില്‍ ഇതുവരെ 195 തവണയാണ് പോളിഷ് താരം വലകുലിക്കിയത്. ഇത്രതന്നെ ഗോളുകള്‍ നേടിയിട്ടുള്ള പെറു താരം ക്ലൗഡിയോ പിസാറോയുടെ നേട്ടത്തിനൊപ്പമാണ് ലെവന്‍ഡോസ്ക്കിയും എത്തിയത്

ബെര്‍ലിന്‍: ജർ‍മൻ ബ്യുണ്ടസ് ലിഗിലെ വിദേശിയായ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡ് നേട്ടത്തിന്‍റെ തിളക്കത്തിലാണ് റോബര്‍ട്ട് ലെവന്‍ഡോസ്ക്കി. ഇന്നലെ നടന്ന മത്സരത്തില്‍ ബൊറൂസിയ മൂസിന്‍ഗ്ലാപായ്ക്കെതിരായ ഇരട്ടപ്രഹരത്തോടെയാണ് ലെവന്‍ഡോസ്ക്കി റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തിയത്.

ലീഗില്‍ ഇതുവരെ 195 തവണയാണ് പോളിഷ് താരം വലകുലിക്കിയത്. ഇത്രതന്നെ ഗോളുകള്‍ നേടിയിട്ടുള്ള പെറു താരം ക്ലൗഡിയോ പിസാറോയുടെ നേട്ടത്തിനൊപ്പമാണ് ലെവന്‍ഡോസ്ക്കിയും എത്തിയത്. 30 കാരനായ ഗോളടിയന്ത്രം 2014 സീസണിലാണ് ബയേണിലെത്തിയത്. ഇനിയും ഏറെക്കാലം ബയേണിനായി പന്തുതട്ടുമെന്നതിനാല്‍ ജര്‍മന്‍ ലീഗിലെ ഗോള്‍വേട്ടയിലെ റെക്കോര്‍ഡുകള്‍ പലതും വഴിമാറുമെന്നുറപ്പാണ്.

ലെവന്‍ഡോസ്ക്കിയുടെ മികവില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ബൊറൂസിയ മൂസിന്‍ഗ്ലാപായെ പരാജയപ്പെടുത്തിയ ബയേൺ കിരീടപോരാട്ടം ശക്തമാക്കി. രണ്ടാം മിനിട്ടിൽ മാർട്ടിനെസ് അഗ്വിനാഗയുടെ ഗോളിലൂടെയാണ് ബയേൺ മുന്നിലെത്തിയത്. തോമസ് മ്യുള്ളർ, നാബ്രി എന്നിവരും ബയേണിന് വേണ്ടി ഗോളുകൾ നേടി. സ്റ്റിൻഡിലിന്റെ വകയായിരുന്നു ബൊറൂസിയയുടെ ആശ്വാസ ഗോൾ.

തകര്‍പ്പന്‍ ജയത്തോടെ ബയേണ്‍ കിരീടപോരാട്ടവും ആവേശകരമാക്കി. ലീഗില്‍ 24 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഡോര്‍ട്ട്മുണ്ടിനും ബയേണിനും 54 പോയിന്‍റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയുടെ ബലത്തില്‍ ‍ഡോര്‍ട്ട്മുണ്ടാണ് ഒന്നാം സ്ഥാനത്തെങ്കിലും ബയേണില്‍ നിന്ന് കടുത്ത വെല്ലുവിളി ഉയരുകയാണ്.

click me!