മെസി ബാഴ്സ വിടുമോ ?; നിര്‍ണായക പ്രതികരണവുമായി പിതാവ്

By Web TeamFirst Published Sep 3, 2020, 7:35 PM IST
Highlights

നേരത്തെ ക്ലബ്ബ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയപ്പോള്‍ മെസി ബാഴ്സ വിടുമോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്കൊന്നും അറിയില്ലെന്നായിരുന്നു ജോര്‍ജ് മെസിയുടെ പ്രതികരണം.

മാഡ്രിഡ്: ലിയോണല്‍ മെസി ബാഴ്സലോണ വിടുന്ന കാര്യത്തില്‍ നിര്‍ണായക പ്രതികരണവുമായി പിതാവും ഏജന്റുമായ ജോര്‍ജ് മെസി. ബാഴ്സ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്യോമുവായുള്ള കൂടിക്കാഴ്ചയില്‍ സമവായത്തിലെത്തിയെന്നും മെസി ബാഴ്സയില്‍ തുര്‍ന്നേക്കുമെന്നും ജോര്‍ജ് മെസി മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു. ബാഴ്സയില്‍ തുടരണമെന്ന് മെസിയെ ബോധ്യപ്പെടുത്താന്‍ പിതാവിനോട് ബര്‍ത്യോമു കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ കരാര്‍ തീരുന്ന 2021വരെയെങ്കിലും മെസി ബാഴ്സയില്‍ തുരാനാണ് സാധ്യതയെന്ന് അര്‍ജന്റീനിയന്‍ മാധ്യമമായ ടിവൈസി സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ക്ലബ്ബ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയപ്പോള്‍ മെസി ബാഴ്സ വിടുമോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്കൊന്നും അറിയില്ലെന്നായിരുന്നു ജോര്‍ജ് മെസിയുടെ പ്രതികരണം. ബാഴ്സ വിട്ട് മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് മെസിയുടെ പിതാവിന്റെ നിര്‍ണായക പ്രതികരണം എത്തിയിരിക്കുന്നത്. നേരത്തെ, പുതിയ സീസണ് മുന്നോടിയായി കളിക്കാര്‍ക്ക് നടത്തിയ കൊവിഡ് പരിശോധനയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മെസി വിട്ടു നിന്നിരുന്നു. ടീം പരിശീലനം പുനരാരംഭിച്ചപ്പോഴും പരിശീലന ക്യാംപിലെത്താന്‍ മെസി കൂട്ടാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മെസിയുടെ പിതാവിനെ ക്ലബ്ബ് പ്രസിഡന്റ് തന്നെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്.


ഈ വര്‍ഷമാദ്യം തന്നെ ബാഴ്സലോണ ക്ലബ്ബ് മാനേജ്മെന്റിന്റെ നടപടികളില്‍ മെസി അതൃപ്തി അറിയിച്ചിരുന്നു. മാനേജ്മെന്റിലും ടീമിലും അടിമുടി മാറ്റം വേണമെന്നും മെസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ ക്ലബ്ബ് മാനേജ്മെന്റ് തയാറായില്ല. ഒടുവില്‍ സ്പാനിഷ് ലാ ലിഗ കിരീടം റയലിന് മുന്നില്‍ അടിയറവെക്കുകയും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണിനോട് 8-2ന്റെ നാണംകെട്ട തോല്‍വി വഴങ്ങുകയും ചെയ്തതിന് പിന്നാലെ കോച്ച് ക്വിക്കെ സെറ്റിയനെയും സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ എറിക് ആബിദാലിനെയും ബാഴ്സ മാനേജ്മെന്റ് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ്ബ് വിടാനുള്ള താല്‍പര്യം അഭിഭാഷകര്‍ മുഖേന ടീം മാനേജ്മെന്റിനെ അറിയിച്ച് മെസി ആരാധകരെ ഞെട്ടിച്ചത്.

click me!