പിഴച്ചത് പെനാല്‍റ്റിയില്‍ മാത്രം! കളം വാണ് ലിയോണല്‍ മെസി; കൂടെ ഒരു റെക്കോര്‍ഡും

By Web TeamFirst Published Dec 1, 2022, 9:17 AM IST
Highlights

മെസി കുതറിത്തെറിച്ച് കളിനിയന്ത്രിച്ചു. ഇടമുറിയാതെ കുട്ടുകാര്‍ക്ക് പന്തെത്തിച്ചു. പത്തുപേരെ ബോക്‌സിന് മുന്നില്‍ നിരത്തിയിട്ടും മെസ്സി പലതവണ അതെല്ലാം ഭേദിച്ചു ഗോളിനടുത്തെത്തി. ഏഴ് തവണയാണ് താരം ഡിഫന്‍സ് ലൈന്‍ പൊട്ടിച്ചത്.

ദോഹ: പെനാല്‍റ്റിയില്‍ പിഴച്ചെങ്കിലും പോളണ്ടിനെതിരെ ലിയോണല്‍ മെസി തന്നെയായിരുന്നു അര്‍ജന്റീനയുടെ എഞ്ചിന്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച ഡീഗോ മറഡോണയുടെ റെക്കോര്‍ഡും മെസി മറികടന്നു. ലോകകപ്പില്‍ മെസിയുടെ ഇരുപത്തിരണ്ടാം മത്സരമായിരുന്നു ഇത്. 21 മത്സരങ്ങളുടെ ഡീഗോ മറഡോണയുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്. 39-ാം മിനിറ്റിലാണ് മെസിയുടെ പെനാല്‍റ്റി പോളണ്ട് ഗോള്‍ കീപ്പര്‍ ഷെസ്‌നി തടുത്തിട്ടത്. ഏറ്റവും വിശ്വസിച്ച ഇടങ്കാലിന് പിഴച്ച നിമിഷം. ഫുട്‌ബോള്‍ ലോകം തരിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലായിരുന്നു പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്‌നി പെനാല്‍റ്റി തടക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ സൗദിക്കെതിരെയും രക്ഷകനായത് ഷെസ്‌നിയായിരുന്നു.

പക്ഷേ, മെസി കുതറിത്തെറിച്ച് കളിനിയന്ത്രിച്ചു. ഇടമുറിയാതെ കുട്ടുകാര്‍ക്ക് പന്തെത്തിച്ചു. പത്തുപേരെ ബോക്‌സിന് മുന്നില്‍ നിരത്തിയിട്ടും മെസ്സി പലതവണ അതെല്ലാം ഭേദിച്ചു ഗോളിനടുത്തെത്തി. ഏഴ് തവണയാണ് താരം ഡിഫന്‍സ് ലൈന്‍ പൊട്ടിച്ചത്. അര്‍ജന്റീന കളിയില്‍ തൊടുത്തത് ഇരുപത്തിമൂന്ന് ഷോട്ടുകള്‍. പോസ്റ്റിലേക്കെത്തിയത് പതിമൂന്നെണ്ണം. ഇതില്‍ പതിനൊന്നും മെസിയുടെ കാലില്‍നിന്ന്. മെസിയുടെ ഷോട്ടുകളും മെസിയൊരുക്കിയ ഷോട്ടുകളും പോളിഷ് ഗോളിയുടെ അസാമാന്യ മികവിന് മുന്നില്‍ തട്ടിത്തെറിച്ചില്ലായിരുന്നെങ്കില്‍ അര്‍ജന്റൈന്‍ ജയം ഗോളാരവത്തോടെയാവുമായിരുന്നു.

എതിരിലാത്ത രണ്ട് ഗോളിനായിരന്നു അര്‍ജന്റീനയുടെ ജയം. രണ്ടാം ജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ നേരിടും. 46-ാം മിനിറ്റില്‍ അലക്‌സിസ് മക് അലിസ്റ്ററിന്റെ ഗോളിലാണ് അര്‍ജന്റീന മുന്നിലെത്തുന്നത്. രണ്ടാംപാതിയുടെ തുടക്കത്തില്‍. 67-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിലൂടെ വിജയമുറപ്പിച്ച ഗോളും നേടി. മെസ്സിയും സംഘവും 71 ശതമാനവും സമയവും പന്ത് കാലിലുറപ്പിച്ചു. ഒറ്റഷോട്ടുപോലും അടിക്കാനാവാതെ പോളണ്ടിന്റെ കീഴടങ്ങല്‍. തോറ്റെങ്കിലും അര്‍ജന്റീനയ്‌ക്കൊപ്പം ഗോള്‍ ശരാശരിയില്‍ മെക്‌സിക്കോയെ മറികടന്ന് പോളണ്ടും അവസാന പതിനാറില്‍.

പെലെ വീണ്ടും ആശുപത്രിയില്‍, ക്യാന്‍സറിന് പുറമെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും

click me!