ഗോളടിയില്ല, വെറും സഹായം മാത്രം; മെസ്സിക്കിത് എന്ത് പറ്റിയെന്ന് ആരാധകര്‍

By Web TeamFirst Published Feb 17, 2020, 6:54 PM IST
Highlights

കഴിഞ്ഞ നാലു മത്സരങ്ങളിലായി മെസി ബാഴ്സ കുപ്പായത്തില്‍ ഗോളടിച്ചിട്ടില്ല. 2013-2014 സീസണില്‍ മാത്രമാണ് ഇതിന് മുമ്പ് മെസിക്ക് ബാഴ്സ കുപ്പായത്തില്‍ ഇത്രയും വലിയ ഗോള്‍ വരള്‍ച്ച നേരിട്ടത്.

ബാഴ്സലോണ: സ്പാനീഷ് ലീഗില്‍ നായകന്‍ ലിയോണല്‍ മെസിയുടെ ഗോള്‍ വരള്‍ച്ച ബാഴ്സലോണയ്ക്ക് പുതിയ തലവേദനയാകുന്നു. ഗെറ്റാഫെക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ ബാഴ്സ കഷ്ടിച്ച് ജയിച്ചെങ്കിലും മെസിയുടെ ബൂട്ടില്‍ നിന്ന് ഗോളൊന്നും പിറന്നില്ല. അന്റോണിയോ ഗ്രീസ്മാന് ആദ്യ ഗോളിനുള്ള അവസരം ഒരുക്കിയത് പക്ഷെ മെസിയായിരുന്നു.

കഴിഞ്ഞ നാലു മത്സരങ്ങളിലായി മെസി ബാഴ്സ കുപ്പായത്തില്‍ ഗോളടിച്ചിട്ടില്ല. 2013-2014 സീസണില്‍ മാത്രമാണ് ഇതിന് മുമ്പ് മെസിക്ക് ബാഴ്സ കുപ്പായത്തില്‍ ഇത്രയും വലിയ ഗോള്‍ വരള്‍ച്ച നേരിട്ടത്. അന്ന് എട്ടു മത്സരങ്ങളില്‍ മെസിക്ക് ഗോളടിക്കാനായിരുന്നില്ല. ഗോളടിക്കുന്നില്ലെങ്കിലും ഗോളൊടിക്കാന്‍ അവസരമൊരുക്കുന്നതില്‍ മെസി പിന്നോട്ട് പോയിട്ടില്ല. കഴിഞ്ഞ നാലു കളികളില്‍ ആറ് അസിസ്റ്റുകളാണ് മെസി ഒരുക്കിയത്.

വലന്‍സിയക്കെതിരായ 2-0ന്റെ ഞെട്ടിക്കുന്ന തോല്‍വിക്കുശേഷം ലെവാന്തെക്കെതിരെ ബാഴ്സ ജയിച്ച കളിയില്‍ യുവതാരം അന്‍സു ഫാറ്റിക്ക് രണ്ട് തവണയും ഗോളടിക്കാനുള്ള അവസരമൊരുക്കിയത് മെസിയായിരുന്നു. റിയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ മൂന്ന് അസിസ്റ്റുകളാണ് മെസി നടത്തിയത്. ഗെറ്റാഫെക്കിതിരെ അവസാനം കളിച്ച മത്സരത്തിന്‍ ഗ്രീസ്മാന് ഗോളടിക്കാന്‍ വഴിയൊരുക്കിയതും മെസി തന്നെ.

ഇതൊക്കെയാണെങ്കിലും ലാ ലിഗാ സീസണിലെ ടോപ് സ്കോറര്‍ പട്ടവും ടോപ് അസിസ്റ്റ് പദവിയും മെസിക്കു തന്നെയാണ്. ലീഗ് സീസണില്‍ ഇതുവരെ 14 ഗോളും 12 അസിസ്റ്റുമാണ് മെസിയുടെ പേരിലുള്ളത്. മുന്‍ കോച്ച് ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ബാഴ്‌സയില്‍ അടുത്തിടെ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ തലപ്പത്ത് നില്‍ക്കുന്നതിനിടെ കോച്ചിനെ പുറത്താക്കിയത് ചില കളിക്കാരുടെ നിസ്സഹകരണം കൊണ്ടാണെന്ന് ബാഴ്‌സാ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാല്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ മെസ്സി രംഗത്ത് വന്നിരുന്നു. ഇതും മെസിയുടെ ബൂട്ടുകള്‍ നിശബ്ദമായതും തമ്മില്‍ ബന്ധമുണ്ടോ എന്നാണ് ബാഴ്സ ആരാധകരുടെ ആശങ്ക.

click me!