'മെസി പ്രീമിയര്‍ ലീഗിലേക്കല്ല'; ചേക്കേറുന്ന ടീമിന്‍റെ പേരുമായി മുന്‍ ഏജന്‍റ്, പുതിയ ട്വിസ്റ്റ്

By Web TeamFirst Published Aug 26, 2020, 6:20 PM IST
Highlights

മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തും എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെ തകിടംമറിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബാഴ്‌സലോണ: സൂപ്പര്‍ താരം ലിയോണല്‍ മെസി സ്‌പാനിഷ് ക്ലബ് ബാഴ്‌‌സലോണ വിടുമോ എന്ന ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. ആറ് ബാലന്‍ ഡി ഓറുകള്‍ നേടിയിട്ടുള്ള മെസി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറും എന്ന അഭ്യൂഹങ്ങളായിരുന്നു ഏറ്റവും ശക്തം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടക്കം യൂറോപ്പിലെ മറ്റ് ചില പ്രമുഖ ടീമുകളുടേയും പേരുകള്‍ ചര്‍ച്ചകളിലുണ്ട്. മെസിയുടെ കൂടുമാറ്റത്തെ കുറിച്ച് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കവേ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരത്തിന്‍റെ പഴയ ഏജന്‍റ്. 

ബാഴ്‌സലോണ ആരാധകര്‍ക്ക് നിരാശ നല്‍കുന്നതാണ് ജോസഫ് മരിയ മിന്‍ഗ്വേലയുടെ വാക്കുകള്‍. മെസി ഇതിനകം തന്‍റെ അടുത്ത ടീമിനെ തെരഞ്ഞെടുത്തുകഴിഞ്ഞു എന്നാണ് മിഗ്വേലയുടെ വാക്കുകള്‍. എന്നാലത് പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയോ യുണൈറ്റഡോ അല്ല എന്നതും ശ്രദ്ധേയമാണ്. മെസി ഇറ്റാലിയിന്‍ ക്ലബ് ഇന്‍റര്‍ മിലാനിലേക്ക് ഈ വേനലില്‍ ചേക്കേറും എന്നാണ് മിഗ്വേലയെ ഉദ്ധരിച്ച് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഴ്‌സ വിടാന്‍ മെസി ഇന്നലെ ക്ലബിനെ സന്നദ്ധത അറിയിച്ചതോടെയാണ് ട്രാന്‍സ്‌ഫര്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നത്. 

Lionel Messi's former agent thinks he's already chosen his next team... pic.twitter.com/3C5rgLYTBd

— Goal (@goal)

മുപ്പത്തിമൂന്നുകാരനായ ലിയോണല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മെസി ബാഴ്‌സ വിടുമെന്ന് ഈ മാസം തുടക്കത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ മാഴ്‌സലോ ബച്ച്‌ലറാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ടര്‍മാരായ മോയ്‌സസ് ലൊറന്‍സ്, സാം മാസ്‌ഡെന്‍ എന്നിവരും ഇക്കാര്യം വ്യക്തമാക്കി. മുമ്പും സിറ്റി മെസിയെ സ്വന്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നു.

മെസി ഇപ്പോഴത്തെ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുമായി സംസാരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂനിക്കിനോട് 8-2 തോല്‍വി പിണഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മെസി ഗാര്‍ഡിയോളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സിറ്റിയിലേക്ക് വരുന്നതിന്റെ സാധ്യതകള്‍ തേടിയിരുന്നുവെന്നും ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം തകിടംമറിക്കുന്നതാണ് മുന്‍ ഏജന്‍റിന്‍റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. മെസിയെ ബാഴ്‌സയില്‍ എത്തിച്ച ഏജന്‍റാണ് ജോസഫ് മരിയ മിന്‍ഗ്വേല.

ബാഴ്‌സലോണയില്‍ മെസി യുഗത്തിന് വിരാമം; ഇനി വരാനുള്ളത് ഔദ്യോഗിക അറിയിപ്പ് മാത്രം..!

click me!