ഫുട്‌ബോളില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ച് കൊംപനി; ഇനി മുഴുവന്‍ സമയവും പരിശീലകന്‍

By Web TeamFirst Published Aug 17, 2020, 4:26 PM IST
Highlights

വിരമിക്കല്‍ പ്രഖ്യാപനം കഴിഞ്ഞ് തൊട്ടുപിന്നാലെ താരം കളിച്ചിരുന്ന ബെല്‍ജിയന്‍ ക്ലബ് ആന്‍ഡര്‍ലെഷിന്റെ പരിശീലകനായും നിയമിതനായി.
 

ബ്രസ്സല്‍സ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസതാരം വിന്‍സെന്റ് കൊംപനി സജീവ ഫുട്‌ബോലില്‍ നിന്ന് വിരമിച്ചു. വിരമിക്കല്‍ പ്രഖ്യാപനം കഴിഞ്ഞ് തൊട്ടുപിന്നാലെ താരം കളിച്ചിരുന്ന ബെല്‍ജിയന്‍ ക്ലബ് ആന്‍ഡര്‍ലെഷിന്റെ പരിശീലകനായും നിയമിതനായി. 2019ലാണ് കൊംപനി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ആന്‍ഡര്‍ലെഷിലെത്തുന്നത്. ക്ലബിന് വേണ്ടി കളിക്കുന്നതോടൊപ്പം പരിശീലകന്‍ ആയിട്ടുകൂടിയായിരുന്നു നിയമനം.

ഫ്രാങ്ക് വെര്‍കൗടെറേനും കൊംപനിയുമായിരുന്നു ക്ലബിന്റെ പ്രധാന പരിശീലകര്‍. എന്നാല്‍ വെര്‍കൗടെറേനുമായി ആശയങ്ങളിലെ വൈരുദ്ധ്യമുണ്ടായതിനെ തുടര്‍ന്ന് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വര്‍കൗടെറേനെ പുറത്താക്കി കൊംപനിയെ പരിശീലകനാക്കി നിശ്ചയിക്കുകയായിരുന്നു. ബെല്‍ജിയന്‍ ഫുട്‌ബോള്‍ ലീഗില്‍ ഇക്കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ആന്‍ഡര്‍ലെഷ്.

ഇതില്‍ 15 മത്സരങ്ങളില്‍ കൊംപനി കളിക്കുകയുണ്ടായി. ഇതില്‍ ഒരു ഗോളും നേടി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസങ്ങളില്‍ ഒരാളാണ് കൊംപനി. 265 മത്സരങ്ങളില്‍ കൊംപനി സിറ്റിക്കൊപ്പമുണ്ടായിരുന്നു. പ്രതിരോധതാരമായിരുന്ന 34കാരന്‍ 18 ഗോളും അവര്‍ക്കായി നേടി. 2008 മുതല്‍ 2019 വരെ സിറ്റി വിട്ട് താരം എങ്ങോട്ടും പോയില്ല. 2003ല്‍ ആന്‍ഡര്‍ലെഷിലൂടെയാണ് താരം കളി തുടങ്ങിയത്. പിന്നീട് ഹാംബര്‍ഗറിനും കളിച്ചു.

click me!