ആന്‍ഫീല്‍ഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നില്‍ ലിവര്‍പൂള്‍ തരിപ്പണം; ചെല്‍സിക്കും ജയം

By Web TeamFirst Published Feb 8, 2021, 5:45 AM IST
Highlights

മറ്റൊരു മത്സരത്തില്‍ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുനൈറ്റഡിനെ തോല്‍പ്പിച്ചു. അതേസമയം ലെസ്റ്റര്‍ സിറ്റി- വോള്‍വ്‌സ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തരിപ്പണമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകല്‍ക്കായിരുന്നു സിറ്റിയുടെ ജയം. മറ്റൊരു മത്സരത്തില്‍ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുനൈറ്റഡിനെ തോല്‍പ്പിച്ചു. അതേസമയം ലെസ്റ്റര്‍ സിറ്റി- വോള്‍വ്‌സ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 

വിരസമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ലിവര്‍പൂള്‍- സിറ്റി മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്. 37ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലീഡ് നേടാനുള്ള അവസരം സിറ്റി താരം ഗുണ്ടോഗന്‍ നഷ്ടമാക്കിയിരുന്നു. പിന്നീട് ഗുണ്ടോഗന്‍ തന്നെ നേടിയ രണ്ട് ഗോളാണ് സിറ്റിയുടെ വിജയമുറപ്പിച്ച്. 49ാം മിനിറ്റിലായിരുന്നു ഗുണ്ടോഗന്റെ ആദ്യ ഗോള്‍. 

ഫില്‍ ഫോഡന്റെ ഷോട്ട് ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കര്‍ തടുത്തിട്ടെങ്കിലും ഓടിയെത്തിയ ഗുണ്ടോഗന്‍ വലകുലുക്കി. എന്നാല്‍ 63ാം മിനിറ്റില്‍ സലായുടെ പെനാല്‍റ്റിയില്‍ ലിവര്‍പൂള്‍ ഒപ്പമെത്തി. പിന്നീട് അലിസണ്‍ വരുത്തിയ പിഴവുകളാണ് ഗോളില്‍ അവസാനിച്ചത്. 73ാം മിനിറ്റില്‍ ഫോഡന്റെ പാസ് ഗോളാക്കി സിറ്റി ലീഡ് നേടി. 

76-ാം മിനിറ്റില്‍ മൂന്നാം ഗോള്‍. ബെര്‍ണാഡോ സില്‍വയുടെ പാസില്‍ റഹീം സ്റ്റെര്‍ലിംഗ് വല കുലുക്കി. ഏഴ് മിനിറ്റുകള്‍ക്ക് ശേഷം സിറ്റി പട്ടിക പൂര്‍ത്തിയാക്കി. സിറ്റിയുടെ കളി മൊത്തം നിയന്ത്രിച്ച ഫോഡനാണ് ഇത്തവണ ഗോള്‍ നേടിയത്. ഗബ്രിയേല്‍ ജീസസ് പാസ് നല്‍കി. ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് ഇപ്പോള്‍ 22 മത്സരങ്ങളില്‍ നിന്ന് 50 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള യുനൈറ്റഡിനേക്കാള്‍ അഞ്ച് പോയിന്റ് കൂടുതല്‍. മാത്രമല്ല സിറ്റി ഒരു മത്സരം കുറവാണ് കളിച്ചത്.

ചെല്‍സിക്ക് ജയം

പുതിയ കോച്ച് തോമസ് തുച്ചലിന് കീഴില്‍ ചെല്‍സി തുടര്‍ച്ചയായ മൂന്നാം ജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളിന് ഷെഫീല്‍ഡിനെയാണ് ചെല്‍സി തോല്‍പ്പിച്ചത്. 43-ാം മിനിറ്റില്‍ മേസണ്‍ മൗണ്ടിന്റെ ഗോളില്‍ ചെല്‍സി മുന്നിലെത്തി. എന്നാല്‍ അന്റോണിയോ റുഡിഗറിന്റെ സെല്‍ഫ് ഗോള്‍ ചെല്‍സിക്ക് വിനയായി. സ്‌കോര്‍ 1-1. നാല് മിനിറ്റുകള്‍ക്ക് ശേഷം പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ജീഞ്ഞോ ചെല്‍സിക്ക് ജയം സമ്മാനിച്ചു. 23 മത്സരങ്ങളില്‍ 39 പോയിന്റുള്ള ചെല്‍സി അഞ്ചാമതാണ്.

click me!