ടോട്ടന്‍ഹാമിന് മുന്നില്‍ നാണംകെട്ട് മാഞ്ചസ്റ്റര്‍; ലെസ്റ്ററിനെതിരെ വെസ്റ്റ്ഹാമിന് അട്ടിമറി ജയം

By Web TeamFirst Published Oct 4, 2020, 10:57 PM IST
Highlights

 മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിന് മുന്നില്‍ അട്ടിമറിക്കപ്പെട്ടു. ന്യൂകാസില്‍ യുനൈറ്റഡ്, വെസ്റ്റ്ഹാം, സതാംപ്ടണ്‍, വോള്‍വ്‌സ്, ആഴ്‌സനല്‍ ടീമുകളും വിജയം കണ്ടു.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. ടോട്ടന്‍ഹാമിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളിനാണ് മാഞ്ചസ്റ്റര്‍ തകര്‍ന്നടിഞ്ഞത്. മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിന് മുന്നില്‍ അട്ടിമറിക്കപ്പെട്ടു. ന്യൂകാസില്‍ യുനൈറ്റഡ്, വെസ്റ്റ്ഹാം, സതാംപ്ടണ്‍, വോള്‍വ്‌സ്, ആഴ്‌സനല്‍ ടീമുകളും വിജയം കണ്ടു.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പെനാല്‍റ്റിയിലൂടെ ലീഡ് നേടിയ ശേഷമാണ് മാഞ്ചസ്റ്റര്‍ തകര്‍ന്നത്. സോണ്‍ ഹ്യൂംഗ് മിന്‍, ഹാരി കെയ്ന്‍ എന്നിവര്‍ ഇരട്ട ഗോള്‍ നേടി. ടാന്‍ഗ്വി ഡൊംബെലേ, സെര്‍ജ് ഓറീസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. 28ാം മിനിറ്റില്‍ അന്തോണി മാര്‍ഷ്യലിന് ചുവപ്പ് കാര്‍ഡോടെ പുറത്ത് പോവേണ്ടിവന്നു. ആദ്യ പകുതിയില്‍ ടോട്ടന്‍ഹാം 4-1ന് മുന്നിലായിരുന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്ത് പേരുമായി കളിക്കേണ്ടിവന്നത് മാഞ്ചസ്റ്ററിന് തിരിച്ചടിയായി. ലീഗില്‍ മാഞ്ചസ്റ്ററിന്റെ രണ്ടാം തോല്‍വിയാണിത്. 

എതിരില്ലാത്ത മൂന്ന് ഗോളിനാണ് മുന്‍ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്. ആദ്യ പകുതിയില്‍ തന്നെ വെസ്റ്റ് ഹാം രണ്ട് ഗോളിന് മുന്നിലെത്തി. 14ാം മിനിറ്റില്‍ മിഖായേല്‍ അന്റോണിയോ, 34ാം മിനിറ്റില്‍ പാബ്ലോ ഫോര്‍നല്‍സ് എന്നിവരാണ് ഗോള്‍ നേടിയത്. 83ാം മിനിറ്റില്‍ ജാറോഡ് ബോവന്റെ വകയായിരുന്നു മൂന്നാം ഗോള്‍.

ന്യൂകാസില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ബേണ്‍ലിയെ തകര്‍ത്തു. കല്ലം വില്‍സണ്‍ ന്യൂകാസിലിനായി ഇരട്ട ഗോള്‍ നേടി. അലന്‍ സെന്റ് മാക്‌സിമിനിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ആഷ്‌ലി വെസ്റ്റ് വുഡാണ് ബേണ്‍ലിയുടെ ഏകഗോള്‍ നേടിയത്.  മറ്റൊരു മത്സരത്തില്‍ സതാംപ്ടണ്‍ എതിരില്ലാത്ത രണ്ട് ഗോളിന് വെസ്റ്റ് ബ്രോമിനെ മറികടന്നു. മൗസ ജെനേപോ, ഒറിയോള്‍ റൊമ്യു എന്നിവരാണ് ഗോള്‍ നേടിത്. 

ആഴ്‌സനല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഷെഫീല്‍ഡിനെ തകര്‍ത്തു. ബുകായോ സാക, നികൊളാസ് പെപെ എന്നിവര്‍ ആഴ്‌സനലിനായി ഗോള്‍ നേടി. ഡേവിഡ് മക്‌ഗോള്‍ഡ്‌റിക്കിന്റെ വകയായിരുന്നു ഷെഫീല്‍ഡിന്റെ ഏക ഗോള്‍. മറ്റൊരു മത്സരത്തില്‍ വോള്‍വ്‌സ് എതിരില്ലാത്ത ഒരു ഗോലിന് ഫുള്‍ഹാമിനെ മറികടന്നു. പെഡ്രോ നെറ്റോയാണ് ഗോള്‍ നേടിയത്.

click me!