മത്സരശേഷം മെസിയോട് ജേഴ്സി ചോദിച്ചെങ്കിലും തന്നില്ലെന്ന് ബയേണ്‍ താരം

By Web TeamFirst Published Aug 20, 2020, 5:45 PM IST
Highlights

അതെ, ഞാന്‍ ചോദിച്ചിരുന്നു. പക്ഷെ അദ്ദേഹം അസ്വസ്ഥനായിരുന്നു. അത് സാരമില്ല, അടുത്തതവണ വീണ്ടു ചോദിക്കാമല്ലോ-ഡേവിസ് പറഞ്ഞു. എന്റെ ആരാധ്യപുരുഷനാണ് മെസി. അദ്ദേഹത്തിനൊപ്പം കളിക്കുക എന്നത് സ്വപ്നസാക്ഷാത്കാരവും.

മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്സലോണയെ 8-2ന് കീഴടക്കിയശേഷം ബാഴ്സ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയോട് ജേഴ്സി ആവശ്യപ്പെട്ടെങ്കിലും തന്നില്ലെന്ന് ബയേണ്‍ മ്യൂണിക്ക് താരം അല്‍ഫോണ്‍സോ ഡേവിസ്. ലിയോണിനെ 3-0ന് തകര്‍ത്ത് ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയതിന് പിന്നാലെയാണ് മെസിയുടെ കടുത്ത ആരാധകനും കാനഡയില്‍ നിന്നുള്ള 19കാരനായ ലെഫ്റ്റ് ബാക്കുമായ ഡേവിസിന്റെ വെളിപ്പെടുത്തല്‍.

അതെ, ഞാന്‍ ചോദിച്ചിരുന്നു. പക്ഷെ അദ്ദേഹം അസ്വസ്ഥനായിരുന്നു. അത് സാരമില്ല, അടുത്തതവണ വീണ്ടു ചോദിക്കാമല്ലോ-ഡേവിസ് പറഞ്ഞു. എന്റെ ആരാധ്യപുരുഷനാണ് മെസി. അദ്ദേഹത്തിനൊപ്പം കളിക്കുക എന്നത് സ്വപ്നസാക്ഷാത്കാരവും. സത്യം പറഞ്ഞാല്‍ എനിക്ക് വാക്കുകളില്ല. മത്സരത്തിന്റെ തലേന്ന് എന്റെ മാതിപിതാക്കള്‍ എന്നെ വിളിച്ചിരുന്നു. നിന്റെ ഏറ്റവും ഇഷ്ടപ്പെട്ട താരത്തിനെതിരെ കളിക്കാന്‍ പോകുകയാണല്ലെ എന്ന് ചോദിച്ചു.

ലിയോണിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയതില്‍ ബയേണ്‍ താരങ്ങളെല്ലാം സന്തുഷ്ടരാണ്. ഫൈനലിലെ എതിരാളികളായ പിഎസ്‌ജി മികച്ച ടീമാണ്. ആരാധകര്‍ക്ക് മികച്ചൊരു മത്സരം പ്രതീക്ഷിക്കാം. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുകയും ഫൈനലില്‍ എത്തുകയും ചെയ്യക എന്നത് സ്വപ്ന സാക്ഷാത്കാരമാണെന്നും ഡേവിസ് പറഞ്ഞു. സീസണിലെ മൂന്നാം കിരീടം തേടിയാണ് പിഎസ്‌ജിയും ബയേണും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്. ലീഗ്, കപ്പ് കിരീടങ്ങള്‍ ഇരു ടീമുകളും നേരത്തെ സ്വന്തമാക്കിയിരുന്നു.

ക്വാര്‍ട്ടറില്‍ ബാഴ്സലോണയെ രണ്ടിനെതിരെ എട്ടു ഗോളിന് തകര്‍ത്താണ് ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയത്. നാണംകെട്ട തോല്‍വിക്ക് ശേഷം ബാഴ്സലോണയില്‍ നിരവധി പേര്‍ക്ക് സ്ഥാനം നഷ്ടമായിരുന്നു. കോച്ച് ക്വിക്കെ സെറ്റിയന് പകരം റൊണാള്‍ഡ് കോമാനെ ബാഴ്സ പരിശീലകനായി നിയമിച്ചു. പിന്നാലെ സ്പോര്‍ട്ടിംഗ് ഡയറക്ടറായ എറിക് ആബിദാലിനെയും ബാഴ്സ പുറത്താക്കിയിരുന്നു.

click me!